തെങ്ങോളം ഉയരത്തിലെത്തി വീണ്ടും താഴോട്ട്; വിലയില്‍ തളര്‍ന്ന് പച്ചത്തേങ്ങ

രാജപുരം(കാസര്‍കോട്): കുതിപ്പിനൊടുവില്‍ കിതച്ചുതാണ് പച്ചത്തേങ്ങ വില. പൊതുമാര്‍ക്കറ്റില്‍ കിലോക്ക് 80 രൂപവരെ എത്തിയ തേങ്ങയുടെ വില കഴിഞ്ഞ ഒരാഴ്ചയായി പതുക്കെ ഇടിയുകയാണ്. കിലോക്ക് 57 രൂപയാണ് ജില്ലയിലെ പൊതുമാര്‍ക്കറ്റുകളില്‍ ശനിയാഴ്ചത്തെ ചില്ലറ വില്‍പ്പന വില. കഴിഞ്ഞദിവസം 62 രൂപയുണ്ടായിരുന്നതാണ് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും 57-ല്‍ എത്തിയത്. അഞ്ച് രൂപയുടെ കുറവാണ് ഒറ്റ ദിവസത്തിനിടെ ഉണ്ടായത്.
കൊപ്രയുടെ വിലയും കിലോയ്ക്ക് അഞ്ച് മുതല്‍ ആറ് രൂപ വരെ ശനിയാഴ്ച കുറഞ്ഞിട്ടുണ്ട്. വരുംദിവസങ്ങളിലും തേങ്ങയുടെ വിലയിടിവ് തുടരുമെന്നാണ് വ്യാപാരികളില്‍നിന്ന് ലഭിക്കുന്ന സൂചന. തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉത്പാദനം കൂടിയതും വെളിച്ചെണ്ണ വില കൂടിയതോടെ ആളുകള്‍ ഭക്ഷ്യാവശ്യങ്ങള്‍ക്ക് പാംഓയില്‍ ഉപയോഗിക്കാന്‍ തുടങ്ങിയതുമാണ് പ്രധാനമായും വില കുറയാന്‍ കാരണമായി പറയുന്നത്. ഓണക്കാലമാകുമ്പോഴേക്കും തേങ്ങവില 50-ല്‍ എത്തുമെന്നും വ്യാപാരികള്‍ പറയുന്നു.
വര്‍ഷങ്ങളായി വിലക്കുറവില്‍ തളര്‍ന്ന പച്ചത്തേങ്ങയ്ക്ക് കഴിഞ്ഞ സെപ്റ്റംബറോടെയാണ് ഒരു കിലോക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന 34 രൂപയും കടന്ന് വില ഉയരാന്‍ തുടങ്ങിയത്. ഒക്ടോബര്‍ പകുതിയോടെ ഘട്ടംഘട്ടമായി അത് 50 രൂപയിലെത്തി. പിന്നീട് വിലയില്‍ വലിയ കുതിച്ചുചാട്ടമാണുണ്ടായത്. ഒരു ഘട്ടത്തില്‍ കിലോക്ക് നൂറ് കടക്കുമെന്ന നിലയില്‍ നിന്നാണ് ഇപ്പോള്‍ തേങ്ങയുടെ വില കുറയാന്‍ തുടങ്ങിയിരിക്കുന്നത്.
2024 ഓഗസ്റ്റ് അവസാനവാരത്തില്‍ 31.50 രൂപയായിരുന്നു ഒരു കിലോ പച്ചത്തേങ്ങയുടെ വില. 2018-ല്‍ അത് 45 വരെ എത്തിയിരുന്നു. എന്നാല്‍, ഏറെ കഴിയും മുന്‍പേ വില കുത്തനെ കുറഞ്ഞു. 2022-23 വര്‍ഷത്തില്‍ 20-നും 28-നും ഇടയിലായിരുന്നു പൊതുമാര്‍ക്കറ്റിലെ ഒരു കിലോ തേങ്ങയുടെ വില. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കുതിച്ചുയര്‍ന്ന തേങ്ങവിലയാണിപ്പോള്‍ ഓരോ ദിവസവും കുറയാന്‍ തുടങ്ങിയിരിക്കുന്നത്.
Content Highlights: coconut prices fall to ₹57/kg in Kasaragod due to increased production and shift to palm oil.