അണലിയെ പിടികൂടാൻ ‘സർപ്പ’എത്തി; കണ്ടത് അണലിയെ മൂർഖൻ കടിച്ച് കീറുന്നത്, കടിപിടിക്കിടെ അണലി ചത്തു

പ്രതീകാത്മക ചിത്രം | മാതൃഭൂമി
പ്രതീകാത്മക ചിത്രം | മാതൃഭൂമി

വൈക്കം (കോട്ടയം): അണലിയെ പിടികൂടാൻ എത്തിയ വനം വകുപ്പിന്റെ സർപ്പ സംഘം കണ്ടത് മൂർഖൻ പാമ്പ്, അണലിയെ കടിച്ച് കീറുന്നത്. കടിപിടിക്കിടെ അണലി ചത്തു. ഒടുവിൽ മൂർഖനെ സർപ്പ സംഘം പിടികൂടി. ബുധനാഴ്ച വൈകീട്ട് നാലിന് വെച്ചൂർ ഔട്ട് പോസ്റ്റിന് സമീപം കുടവെച്ചൂർ വടക്കോടിൽ സജിയുടെ വീട്ടിലാണ് സംഭവം.

കാട് പിടിച്ച് കിടന്ന പുരയിടത്തിൽ നിന്നും വീട്ടുമുറ്റത്തെത്തിയ അണലിയെ കണ്ടതോടെ ഭയന്ന വീട്ടുകാർ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. സർപ്പ സ്നേക്ക് റെസ്ക്യൂവർ അരയൻകാവ് സ്വദേശി പി.എസ്. സുജയ് സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ മൂന്നരയടിയോളം നീളമുള്ള അണലിയെ നാലരയടിലധികം വലിപ്പമുള്ള ഉഗ്രൻ മൂർഖൻ തലയിൽ കടിച്ചുപിടിച്ചിരിക്കുന്നതാണ് കണ്ടത്.

കടിപിടിക്കിടെ അണലി ചത്തു. തുടർന്ന് സുജയ് മൂർഖനെ പിടികൂടി കൂട്ടിലാക്കുകയായിരുന്നു. പിടികൂടിയെ മൂർഖനെ വനംവകുപ്പിന് കൈമാറുമെന്ന് സുജയ് പറഞ്ഞു. ചത്ത അണലിയെ കുഴിച്ചിട്ടു.

Content Highlights: cobra kills viper in vaikom