മാസപ്പടി വിവാദം: പിണറായിയുടെപേരിൽ കേസ് നിന്നേക്കില്ല, റിയാസിനെതിരെ ഹവാല കേസ് വന്നേക്കും

#അനിഷ് ജേക്കബ്
പ്രതിപക്ഷനേതാവ് പിണറായി വിജയൻ | ചിത്രം: മാതൃഭൂമി
പ്രതിപക്ഷനേതാവ് പിണറായി വിജയൻ | ചിത്രം: മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാന പോലീസിന് ഇ.ഡി. നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, മുൻമുഖ്യമന്ത്രി പിണറായി വിജയന്റെപേരിൽ കേസ് നിലനിന്നേക്കില്ലെന്ന് പ്രാഥമിക വിലയിരുത്തൽ. ഇ.ഡി. റിപ്പോർട്ടിന്റെ മറ്റൊരുഭാഗമായ ഹവാലയിൽ കേസ് വരും. നിയമവിദഗ്‌ധരുമായി അനൗദ്യോഗികമായി നടത്തിയ വിലയിരുത്തലിലാണ് ഈ നിഗമനം.

സി.എം.ആർ.എലിൽനിന്ന് മകൾ ടി. വീണ വഴി പിണറായി പണം കൈപ്പറ്റിയെന്നാണ് ഇ.ഡി. റിപ്പോർട്ടിലെ ഒരുഭാഗം. സേവനം നൽകാതെ വീണയുടെ കമ്പനിയായ എക്സാലോജിക് വഴി പണം സ്വീകരിച്ചെന്നതാണ് ഇതിന് അടിസ്ഥാനം. ഇതുസംബന്ധിച്ച ഹർജി നേരത്തേ ഹൈക്കോടതിയിലെത്തുകയും തള്ളുകയും ചെയ്തതാണ്. സി.എം.ആർ.എലിൽ നടത്തിയ പരിശോധനയിൽ രാഷ്ട്രീയനേതാക്കളുടേതെന്ന് വ്യാഖ്യാനിക്കാവുന്ന ഇനീഷ്യലുകളുടെനേരേ പണം നൽകിയതായി രേഖപ്പെടുത്തിയിരുന്നു. ഇത്തരം ഡയറിക്കുറിപ്പുകൾ തെളിവുകളായി അംഗീകരിക്കപ്പെടുന്നവയല്ല. ഹവാല കേസിൽ സുപ്രീംകോടതി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നു.

രാഷ്ട്രീയപ്പാർട്ടികൾക്കായി പണം സ്വീകരിച്ചിട്ടുണ്ടാകാമെന്നാണ് അന്ന് പല നേതാക്കൾക്കായും ഹാജരായ അഭിഭാഷകർ കോടതിയിൽ നിലപാടെടുത്തത്. പാർട്ടികൾ കറൻസിയായി സംഭാവന കൈപ്പറ്റുന്നതിന് നിയന്ത്രണം നിലവിൽവരുംമുൻപായിരുന്നു ഈ ഇടപാടുകൾ. അതുകൊണ്ട് ഏതെങ്കിലും നേതാവ് സി.എം.ആർ.എലിൽനിന്ന് അക്കാലത്ത് പണം കൈപ്പറ്റിയെന്ന കേസ് നിലനിൽക്കാൻ സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനം. നേതാക്കളുടെ ഇനീഷ്യലുകളിൽ യു.ഡി.എഫ്. നേതാക്കളുടേതെന്ന് കരുതാവുന്നവയുമുണ്ട്. അതുകൊണ്ട് സർക്കാരിനും അന്വേഷണം നടത്താൻ താത്പര്യമുണ്ടാകില്ല.

എന്നാൽ, മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾ വഴി വിദേശത്തേക്ക് ഹവാലയായി പണം പോയിട്ടുണ്ടെന്ന ഇ.ഡി. റിപ്പോർട്ട് അടിസ്ഥാനമാക്കി കേസ് നിലനിൽക്കുമെന്നാണ് വിലയിരുത്തൽ. ഈ പണം എവിടെനിന്നുവന്നു, ആരുവഴി പുറത്തേക്കുപോയി എന്നതിൽ പോലീസിന് എഫ്.ഐ.ആർ. ഇടാനും കേസെടുക്കാനും കഴിയുമെന്നാണ് സർക്കാർ കേന്ദ്രങ്ങൾക്കുലഭിച്ച വിവരം.

പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. അസഫലിയും അഡ്വക്കേറ്റ് ജനറൽ ജാജി ബാബുവും തമ്മിൽ കൂടിയാലോചിച്ചായിരിക്കും നിയമോപദേശത്തിനു രൂപം നൽകുക. ഈ ആഴ്ച അവസാനത്തോടെയാകും നിയമോപദേശം സർക്കാരിനു നൽകുക. തുടർന്നായിരിക്കും തീരുമാനം.

Content Highlights: CMRL fund transfer case raises questions about political donations, with legal experts evaluating the potential for ongoing investigations.