തലസ്ഥാനത്ത് മഞ്ഞുരുക്കം? രാജ്ഭവനിൽ മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ ഒരുമണിക്കൂർ നീണ്ട കൂടിക്കാഴ്ച

തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച രാജ്ഭവനില്‍ നടന്ന കൂടിക്കാഴ്ച ഒരുമണിക്കൂറോളം നീണ്ടു. കേരള സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിഷയമാണ് പ്രധാനമായും ചര്‍ച്ചചെയ്തതെന്നാണ് സൂചന. ചര്‍ച്ച സൗഹാര്‍ദപരമായിരുന്നുവെന്ന് രാജ്ഭവന്‍ പ്രതികരിച്ചു. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും രാജ്ഭവന്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു.
ഭാരതാംബവിവാദത്തില്‍ തുടങ്ങി കേരള സര്‍വകലാശാലയിലെ ഏറ്റുമുട്ടല്‍വരെയുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കെയാണ് മുഖ്യമന്ത്രിയും ഗവര്‍ണറും ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞദിവസം ഡല്‍ഹി കേരള ഹൗസില്‍ ഇരുവരും തൊട്ടടുത്ത മുറികളില്‍ താമസിച്ചെങ്കിലും കൂടിക്കാഴ്ച നടത്തിയിരുന്നില്ല. അതേസമയം, ഗവര്‍ണറുമായി മുഖ്യമന്ത്രി അനൗപചാരിക ആശയവിനിമയം നടത്തിയതായി സൂചനയുണ്ടായിരുന്നു. സമീപകാലവിവാദങ്ങളില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിച്ച് കത്ത് നല്‍കിയെന്നും വിവരമുണ്ട്.
അതിനിടെ, കേരള സര്‍വകലാശാലയിലെ തര്‍ക്കം തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയെങ്കിലും രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കാനാവില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ സമാന്തര സിന്‍ഡിക്കേറ്റ് യോഗത്തിന്റെ തീരുമാനത്തില്‍ ഔദ്യോഗിക ഉത്തരവിറക്കിയ ജോ. രജിസ്ട്രാര്‍ പി. ഹരികുമാറിനോട് വിസി വിശദീകരണം തേടുകയുംചെയ്തിരുന്നു.
Content Highlights: Kerala Governor Rajendra Arlekar and CM Pinarayi Vijayan held an hour-long meeting at Raj Bhavan