സെക്രട്ടേറിയറ്റ് ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടി; ജീവനക്കാരിക്ക് ഗുരുതര പരിക്ക്

#സ്വന്തം ലേഖകൻ
ക്ലോസറ്റ് പൊട്ടിയ നിലയിൽ
ക്ലോസറ്റ് പൊട്ടിയ നിലയിൽ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് ഗുരുതര പരിക്ക്. തദ്ദേശ സ്വയംഭരണ വകുപ്പിലെ അസിസ്റ്റൻ്റ് സുമം​ഗലിക്കാണ് പരിക്കേറ്റത്. സെക്രട്ടേറിയറ്റ് അനക്സ് 1-ലെ ഒന്നാം നിലയിലെ ടോയ്ലറ്റിലാണ് അപകടം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. 

പരിക്കേറ്റ ജീവനക്കാരിയെ ആദ്യം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദ​ഗ്ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ കാലിൽ ഒമ്പത് സ്റ്റിച്ചുകളുണ്ടെന്നാണ് വിവരം. ക്ലോസറ്റിന്റെ പകുതി ഭാ​ഗംവെച്ച് തകർന്നുവീണതായി ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. അതേസമയം, ക്ലോസറ്റ് അധികം പഴക്കം ചെന്നതല്ല എന്നാണ് ഹൗസ് കീപ്പിങ് വിഭാ​ഗം പറയുന്നത്. 

വലിയ മുറിവ് കാലിന് പറ്റിയതായാണ് മനസ്സിലാക്കുന്നതെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ സെക്രട്ടറി ഇർഷാദ് മാതൃഭൂമിയോട് പറഞ്ഞു. യാതൊരുവിധത്തിലുള്ള സുരക്ഷാപരിശോധനയും നടത്താതെ ജീവനക്കാരുടെ അവസ്ഥ ഈ വിധത്തിലാക്കുന്ന സ്ഥിതിയാണ് സെക്രട്ടേറിയറ്റിൽ. ഒരു പരിശോധനയും നടക്കുന്നില്ല. ശ്രദ്ധിക്കാതെ വന്നതിനാലുള്ള അപകടമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

Content Highlights: closet broke in secretariat; Employee injured