ഒപ്പം ഉണ്ടായിരുന്ന പലരും ഇന്നില്ല, 'ഈ ബസ്സാണ് ഇപ്പോൾ ഒരുമിപ്പിക്കുന്നത്' വേദനകളിലൂടെ ഒരു യാത്ര

തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെ ചൂരൽമല ബസ് ഇപ്പോഴും ഓടുന്നുണ്ട്. ഓരോ യാത്രക്കാരനൊപ്പം ഒരുകൂട്ടം ഓർമ്മകളും ആ ബസിൽ കയറുന്നുണ്ട്. ഒരുവർഷം മുൻപ് ഒരുഗ്രാമത്തിൽ ഒരുമിച്ചു കഴിഞ്ഞവർ ഇന്ന് കണ്ടുമുട്ടുന്നത് ആ ബസിലാണ്. അവരുടെ സ്വന്തം ചൂരൽമല ബസിൽ
കല്പറ്റ: ‘പോകുവാണേ.... ഇനിയാരെങ്കിലും കയറാനുണ്ടോ...?’ കണ്ടക്ടർ അഷ്റഫ് ഉറക്കെ വിളിച്ചുചോദിച്ചു. ആരുമില്ലെന്നുറപ്പായതോടെ ഡബിൾ ബെല്ലടിച്ചു. ഡ്രൈവർ അനിൽകുമാർ ബസ് മുന്നോട്ടെടുത്തു. അതിരാവിലെ ചൂരൽമല കെഎസ്ആർടിസി ബസ് ഓടിത്തുടങ്ങി. ആനവണ്ടിയേയും കാത്ത് വഴിനീളെ ആളുകളുണ്ടായിരുന്നു. ആരൊക്കെ എവിടെ നിന്നൊക്കെ കയറുമെന്ന് ബസിനുതന്നെ അറിയാമായിരുന്നു. കാരണം അത് ചൂരൽമലക്കാരുടെ ബസാണ്. അവരുടെ ഒരു ദിവസത്തെ ജീവിതം തുടങ്ങുന്നത് ഈ ബസിലൂടെയാണ്. അതിരാവിലെ വരുന്ന ചൂരൽമല ബസ് അവരോരുത്തരുടെയും പ്രതീക്ഷയുമാണ്.
‘ബത്തേരീന്ന് വരുവാ ഈ ബസ് കിട്ടിയാലേ എസ്റ്റേറ്റിൽ പണിക്കെത്താൻ പറ്റുള്ളൂ’ -ബസിൽ കയറുന്നതിനിടെ മാധവി പറഞ്ഞു. പിന്നാലെ ഗീതയും പുത്തൂർവയലിൽനിന്ന് സുഹറാബിയും ഒപ്പം ചേർന്നു. ‘വീടൊക്കെ ഉരുളെടുത്തുപോയി, എല്ലാം നഷ്ടമായി’ -അവർ ഒാർമ്മകൾ പങ്കുവെച്ചു.
മാധവി തന്റെ ഫോണിലെ ഫോട്ടോകൾ കാണിച്ചു. പഴയ ചൂരൽമലയും മുണ്ടക്കൈയും പ്രിയപ്പെട്ട ചില മുഖങ്ങളുമൊക്കെയാണവ. പലരും ഇപ്പോഴില്ല. പറഞ്ഞപ്പോൾ മാധവിയുടെ മുഖവും വാടി. പ്രിയപ്പെട്ടവരൊക്കെ ഇനി ഓർമ്മകളിലും ചിത്രങ്ങളിലും മാത്രമേയുള്ളൂ. പാലവയലും കോട്ടവയലും കാപ്പംകൊല്ലിയും മേപ്പാടിയും കഴിഞ്ഞതോടെ ബസ് നിറയെ ആളുകളായി. ‘എങ്ങോട്ടു പോകുന്നുവെന്ന്’ കണ്ടക്ടർക്ക് ചോദിക്കേണ്ട കാര്യമില്ല. എല്ലാവരും ചൂരൽമലയിലേക്കാണ്. എസ്റ്റേറ്റിൽ ജോലിക്കു പോകുന്നവർ. സ്ഥിരം യാത്രക്കാരായതിനാൽ അഷ്റഫിനും അനിൽകുമാറിനും അവരെല്ലാം സുപരിചിതർ.
പുത്തുമലയിലെത്തിയപ്പോൾ ബസിന്റെ ഉള്ളൊന്നു വിങ്ങി. ചിലർ ഷട്ടറുകളുയർത്തി പുറത്തേക്ക് നോക്കി. പ്രിയപ്പെട്ടവർ അന്ത്യവിശ്രമം കൊള്ളുന്ന പൊതുശ്മശാനമുള്ള പുത്തുമലയിലൂടെ ബസ് കടന്നുപോയി.
‘ജനിച്ചുവളർന്ന നാട്ടിൽ നേരം വെളുത്താൽ തമ്മിൽ കണ്ടിരുന്ന ആളുകളായിരുന്നു ഞങ്ങളെല്ലാം. ഇപ്പോൾ പലഭാഗങ്ങളിലായി ചിതറിപ്പോയി. ഈ ബസാണ് ഞങ്ങളെ ഒരുമിപ്പിക്കുന്നത്’- സുരേന്ദ്രന്റെ വാക്കുകൾ. ഒപ്പം ഉണ്ടായിരുന്ന പലരും കൂടെയില്ല. കൃഷ്ണനും മുരളീധരനുമെല്ലാം ജീവിതം പറഞ്ഞു.
ബസ് എത്തുമ്പോൾ ചൂരൽമല അങ്ങാടി ഉണർന്നിരുന്നില്ല. മുൻപത്തെപ്പോലെ അങ്ങാടിയെ ഉണർത്താൻ മാത്രം ആളുകൾ ഇന്നില്ല. ബസിലെ ആളുകളിറങ്ങിയപ്പോൾ അങ്ങാടിയുമുണർന്നു. ബോർഡ് ‘ചൂരൽമല’ എന്നാണെങ്കിലും പലർക്കും ബസ് ഇപ്പോഴും മുണ്ടക്കൈ ബസാണ്. മുണ്ടക്കൈയെന്ന ബോർഡ് ഇപ്പോഴും ബസിനുള്ളിൽ തന്നെയുണ്ട്. മുന്നിൽ വെക്കാൻ പറ്റില്ലെങ്കിലും ബസിൽനിന്ന് മാറ്റാൻ തോന്നിയില്ല- അഷ്റഫ് പറഞ്ഞു. മുണ്ടക്കൈയെന്ന ഗ്രാമത്തെ ഉരുളെടുത്തു പോയാലും അവരുടെയൊന്നും മനസ്സിൽനിന്ന് മായില്ലല്ലോ.
Content Highlights: The Choralamala Bus: A Lifeline and a Memory Keeper for a Displaced Community