ചിന്നക്കനാൽ കുടിയിരുത്തൽ: ആൻറണി സർക്കാരിന്റെ തീരുമാനം തെറ്റെന്ന് ഡിസിസി പ്രസിഡന്റ്; പിന്തുണച്ച് CPM

#ന്യൂസ് ഡെസ്ക്
സി.പി. മാത്യു, സി.വി. വർ​ഗീസ് | Photo: Mathrubhumi
സി.പി. മാത്യു, സി.വി. വർ​ഗീസ് | Photo: Mathrubhumi

രാജാക്കാട്: ചിന്നക്കനാൽ 301 ഉന്നതിയിൽ ആളുകൾക്ക് ഭൂമി നൽകിയ 2002-ലെ എ.കെ. ആൻറണി സർക്കാരിന്റെ തീരുമാനം തെറ്റായിരുന്നെന്ന് ഡി.സി.സി. പ്രസിഡന്റ് സിപി മാത്യു. പ്രസ്താവനയെ പിന്തുണച്ച് സി.പി.എം. ചിന്നക്കനാലിൽനിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന നിർദേശം സ്വാഗതം ചെയ്യുന്നുവെന്നും എ.കെ. ആൻറണി സർക്കാരിന്റെ കാലത്ത് വേണ്ടത്ര പഠനം കൂടാതെ നടത്തിയ മാറ്റി പാർപ്പിക്കലാണ് ഒട്ടേറെപ്പേർ മരിക്കാനിടയായ സാഹചര്യം സൃഷ്ടിച്ചതെന്നും ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞു.

2002 മുതൽ 2026 വരെ ഇവിെട 47 പേരാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. ഈ സാഹചര്യത്തിൽ ആളുകളെ മുഴുവൻ മാറ്റിപ്പാർപ്പിക്കണമെന്ന് സി.പി. മാത്യു ആവശ്യപ്പെട്ടിരുന്നു.

കോടികളുടെ പദ്ധതി ചുവപ്പുനാടയിൽ

ചിന്നക്കനാലും പരിസരങ്ങളും ഉൾപ്പെട്ട മൂന്നാർ ഡിവിഷനിലെ കാട്ടാനശല്യത്തിന് പരിഹാരം കാണാൻ ആവിഷ്കരിച്ച നൂതനപദ്ധതി ഫയലിൽ ഒതുങ്ങി. പ്രത്യേക പദ്ധതി തയ്യാറാക്കി സമർപ്പിക്കുന്നതിന് സർക്കാർ നിർദേശം നൽകിയതിനെത്തുടർന്നാണ് മൂന്നാർ ഡി.എഫ്.ഒ. 2022-ൽ രണ്ടുകോടിയോളം രൂപ ചെലവുവരുന്ന പദ്ധതി ആവിഷ്കരിച്ചത്. എന്നാൽ, ആനക്കലിയിൽ ജീവൻ പൊലിയുമ്പോഴും അധികൃതരുടെ അനാസ്ഥയിൽ പദ്ധതി ചുവപ്പുനാടയിൽ കുടുങ്ങി കിടക്കുകയാണ്.

1.41 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. ജില്ലയിൽ ഏറ്റവുംകൂടുതൽ ആളുകൾ കാട്ടാനശല്യത്തിൽ മരിച്ചിട്ടുള്ള ചിന്നക്കനാൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള സമഗ്രമായ പദ്ധതിയാണ് 2022-ൽ മൂന്നാർ ഡി.എഫ്.ഒ. ആയിരുന്ന രാജു കെ.ഫ്രാൻസിസ് തയ്യാറാക്കിയത്.

ആദിവാസി മേഖലകൾ ഉൾപ്പെട്ട ജനവാസ കേന്ദ്രങ്ങളടക്കം സുരക്ഷിതമാക്കുന്നതായിരുന്നു പദ്ധതി. സൗരോർജവേലി നിർമിക്കുകയെന്നതായിരുന്നു പ്രധാന നിർദേശം. സിങ്കുകണ്ടംമുതൽ ചെമ്പക തൊഴുകുടിവരെ 8.5 കിലോമീറ്ററും എൺപതേക്കർ കോളനിയിൽ അഞ്ചുകിലോമീറ്റർ ദൂരത്തിലും പന്തടിക്കളത്ത് മൂന്ന് കിലോമീറ്ററും ദിഡിയർ നഗറിൽ ഒരുകിലോമീറ്ററും ബി.എൽ.റാം മുതൽ ദിഡിയർ നഗർവരെ നാലുകിലോമീറ്ററും കോഴിപ്പന്നക്കുടിയിൽ 21 കിലോമീറ്ററും ദൂരത്തിലാണ് സൗരോ‍ർജവേലി സ്ഥാപിക്കേണ്ടത്.

ഇതിൽ പന്തടിക്കളം കോളനിയിൽമാത്രമാണ് പദ്ധതി നടപ്പാക്കിയത്. ബാക്കിയുള്ള ഭാഗം ടെൻഡർ നടത്തിയോ, എന്നതുപോലും വ്യക്തമല്ല.

Content Highlights: DCC and CPM leaders clash over 2002 Chinnakkanal relocation as wild elephant attacks persist in 2026.