ചൈനയിൽനിന്ന് ടൈറ്റാനിയം ഇറക്കുമതി: തദ്ദേശീയ കമ്പനികൾ പ്രതിസന്ധിയിൽ; പല പ്രമുഖ ഉത്പാദകയൂണിറ്റുകളും ഇതിനകം അടച്ചുപൂട്ടി

കൊല്ലം: ചൈനയിൽനിന്ന് കുറഞ്ഞ വിലയിലുള്ള ടൈറ്റാനിയം ഡയോക്സൈഡിന്റെ അനിയന്ത്രിതമായ ഇറക്കുമതി തദ്ദേശീയ വ്യവസായസ്ഥാപനങ്ങളുടെ നട്ടെല്ലൊടിക്കുന്നു. കേരളത്തിലെ കെ.എം.എം.എൽ. അടക്കമുള്ള ആഭ്യന്തര ഉത്പാദകർ കടുത്ത പ്രതിസന്ധിയിലാണ്.
അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ, ബ്രസീൽ തുടങ്ങിയ ഒട്ടുമിക്ക വിദേശരാജ്യങ്ങളും ചൈനീസ് ടൈറ്റാനിയം ഡയോക്സൈഡിന് ആന്റി ഡംപിങ് ഡ്യൂട്ടി ചുമത്തി തങ്ങളുടെ ആഭ്യന്തരവിപണിയെ സംരക്ഷിക്കുന്നുണ്ട്. ഇന്ത്യയിൽ ഇത്തരം നികുതി സംരക്ഷണം ഇല്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
ഇതു മുതലെടുത്ത് ചൈനീസ് ഉത്പന്നം ഇന്ത്യൻ വിപണിയുടെ സിംഹഭാഗവും കൈയടക്കിക്കഴിഞ്ഞു. ആഭ്യന്തര ഉത്പാദനച്ചെലവിനേക്കാൾ ടണ്ണിന് ഏകദേശം 42,000 രൂപവരെ കുറഞ്ഞ വിലയ്ക്കാണ് ചൈനീസ് ഉത്പന്നങ്ങൾ എത്തുന്നതെന്ന് വാണിജ്യമന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രേഡ് റെമഡീസ് (ഡി.ജി.ടി.ആർ.) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പ്രതിസന്ധി രൂക്ഷമായതോടെ രാജ്യത്തെ പല പ്രമുഖ ഉത്പാദക യൂണിറ്റുകളും ഇതിനകം അടച്ചുപൂട്ടി. തിരുവനന്തപുരത്തെ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ് പ്രവർത്തനം നിലച്ചമട്ടിലാണ്. ഗുജറാത്തിലെ സ്വകാര്യസ്ഥാപനം ഒന്നരവർഷം മുൻപ് ഉത്പാദനം നിർത്തിവെച്ചു. തൂത്തുക്കുടിയിലുള്ള സ്വകാര്യസ്ഥാപനവും കടുത്ത തകർച്ചയെ നേരിടുന്നു.
പ്രതിവർഷം 40,000 ടൺ ഉത്പാദനശേഷിയുള്ള ചവറയിലെ കെ.എം.എം.എല്ലും പ്രതിസന്ധിയിലാണ്. 2024 ജനുവരിയിൽ ലഭിച്ച പരാതിയെ തുടർന്ന് ഡി.ജി.ടി.ആർ. നടത്തിയ അന്വേഷണത്തിനൊടുവിൽ ചൈനീസ് ഉത്പന്നങ്ങൾക്ക് ആന്റി ഡംപിങ് ഡ്യൂട്ടി ചുമത്താൻ കേന്ദ്ര സർക്കാരിന് ശുപാർശ നൽകിയിരുന്നു.
2025 മേയ് മാസത്തിൽ കേന്ദ്രം നികുതി ഏർപ്പെടുത്തിയെങ്കിലും, പെയിന്റ് നിർമാതാക്കളുടെ സംഘടന കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് റദ്ദാക്കി. തുടർന്ന് പുനരന്വേഷണം നടത്തിയ ഡി.ജി.ടി.ആർ. ഓഗസ്റ്റ് ആദ്യവാരത്തിൽ വീണ്ടും ആന്റി ഡംപിങ് ഡ്യൂട്ടി ഏർപ്പെടുത്താൻ ശുപാർശ നൽകിയെങ്കിലും ഉത്തരവിറങ്ങാൻ വൈകുകയാണ്.
രാജ്യത്തെ ടൈറ്റാനിയം ഡയോക്സൈഡ് ആവശ്യകതയുടെ 10 മുതൽ 13 ശതമാനം മാത്രമാണ് ആഭ്യന്തര ഉത്പാദനം. ഇന്ന് മൊത്തം വിപണിയുടെ 65 ശതമാനത്തിലധികം ചൈനീസ് ഉത്പന്നങ്ങൾ കൈയടക്കിയിരിക്കുകയാണ്. പെയിന്റ് വ്യവസായത്തിന് പുറമെ രാജ്യത്ത് അതിവേഗം വളരുന്ന പ്ലാസ്റ്റിക് മാസ്റ്റർ ബാച്ച് വ്യവസായത്തിലും ടൈറ്റാനിയം ഡയോക്സൈഡ് പ്രധാന ഘടകമാണ്.
Content Highlights: Uncontrolled import of low-cost titanium dioxide from China is severely impacting local industries in India, including Kerala's KMML, due to the absence of anti-dumping duties that other countries have imposed to protect their markets. The Chinese products, priced significantly lower than domestic production costs, have captured a major share of the Indian market, leading to the closure of several domestic production units and severe financial distress for others.