ചേലേമ്പ്രയിൽ പെരുമാൾവാഴ്ചക്കാല ലിഖിതം കണ്ടെത്തി; ഒൻപതാംനൂറ്റാണ്ടിലേതെന്ന് സൂചന

#സ്വന്തം ലേഖകൻ

കോഴിക്കോട്: മലപ്പുറം ചേലേമ്പ്രയിലെ പെരുമണ്ണശ്ശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മഹോദയപുരം ചേരപ്പെരുമാൾ കോതരവിയുടെ പേര് പരാമർശിക്കുന്ന ലിഖിതം കണ്ടെത്തി. ക്ഷേത്രത്തിനകത്ത് നമസ്കാരമണ്ഡപത്തിനു വടക്കുഭാഗത്ത് സ്ഥാപിച്ച കല്ലിലാണ് വട്ടെഴുത്ത് ലിപിയിലുള്ള രേഖ.

പഴശ്ശിരാജാ മ്യൂസിയം ഓഫീസർ കെ. കൃഷ്ണരാജ ലിഖിതം വായിച്ച് വ്യാഖ്യാനിച്ചു. 120 സെന്റീമീറ്റർ ഉയരവും അടിഭാഗത്ത് 50 സെന്റീമീറ്ററും മുകളിൽ 36 സെന്റീമീറ്ററും വീതിയുള്ള കല്ലിന്റെ ഇരുപുറത്തും ലിഖിതം കൊത്തിവെച്ചിട്ടുണ്ട്. കാലപ്പഴക്കത്താൽ പല ഭാഗങ്ങളും വ്യക്തമല്ല.

ഒൻപതാംനൂറ്റാണ്ടിലെ കോതരവിയുടെ ഭരണകാലത്ത് കോവിൽ മൂത്താരും ഇളയാരും കൂടിചെയ്ത ചില വ്യവസ്ഥകളാണ് രേഖാപരാമർശം. ഭരണകാലം സൂചിപ്പിക്കുന്ന ഭാഗം വ്യക്തമല്ല. എങ്കിലും കോതരവിപ്പെരുമാളിന്റെ ഭരണകാലത്തിന്റെ (പൊതുവർഷം 883-913) ആരംഭത്തിലേതാവാം രേഖയെന്ന് ലിപിശൈലികൊണ്ട് മനസ്സിലാക്കാം.

വ്യവസ്ഥ എന്നർഥംവരുന്ന പിണം എന്ന വാക്ക് ഉപയോഗിച്ചതും ഇതാണ് സൂചിപ്പിക്കുന്നതെന്ന് കൃഷ്ണരാജ് പറഞ്ഞു. കെടാവിളക്കിനും നിത്യച്ചെലവിനും പൂയ്യം ആഘോഷങ്ങൾക്കുമായി നെല്ല് നീക്കിവെക്കുന്നതിന് ലിഖിതം വ്യവസ്ഥ ചെയ്യുന്നുണ്ട്. നിത്യനിവേദ്യം വിലക്കുന്നവരെ മൂഴിക്കളത്തെ നിത്യനിവേദ്യം മുടക്കുന്നവരായി കണക്കാക്കുമെന്നും ലിഖിതം മുന്നറിയിപ്പു നൽകുന്നു.

ശ്രീകോവിൽ കേടുവരുത്തുന്നവർ നൂറു കഴഞ്ച് പൊന്ന് പിഴയൊടുക്കണമെന്നുമുണ്ട്. പൊതുവർഷം ഒൻപതാംനൂറ്റാണ്ടിന്റെ അവസാനകാലത്തേതാവാം രേഖ.

ക്ഷേത്രത്തിൽ ചെയ്യുന്ന വ്യവസ്ഥ ലംഘിക്കുന്നവർ മൂഴിക്കളക്കച്ചം ലംഘിക്കുന്നവരായി കണക്കാക്കപ്പെടും എന്നാണ് പൊതുവായി ചേരപ്പെരുമാക്കന്മാരുടെ ലിഖിതങ്ങളിൽ കാണുന്നത്. എന്നാൽ, ഇതിൽ മൂഴിക്കളത്തെ നിത്യനിവേദ്യവും പഞ്ചഗവ്യവും മുടക്കിയവരായി കണക്കാക്കും എന്നാണ് രേഖപ്പെടുത്തിയതെന്നും കൃഷ്ണരാജ് പറഞ്ഞു.

Content Highlights: Discovery of a 9th-century inscription featuring Chera ruler Kotharavi., The stone inscription details rules for temple maintenance, rituals, and offerings., Mentions strict penalties for obstructing daily offerings or damaging the sanctum., Identified by Pazhassi Raja Museum officer K. Krishnaraj., Provides historical insights into 9th-century temple administration and social laws.