ആദ്യ മഴയിൽ വെള്ളത്തിന് നിറം മാറ്റം, പാചകം ചെയ്തപ്പോൾ പ്രത്യേകമണം; ദിവസങ്ങൾക്കുള്ളിൽ ഓയിലിന്റെ പാടയും

ചീമേനി: മഴക്കാലത്തും കുടിവെള്ളത്തിനായി ബുദ്ധിമുട്ടുകയാണ് വെളിച്ചംതോടെ കുടുംബങ്ങൾ. വീട്ടുകിണറുകളിലെ ഓയിലിന്റെയും ഗ്രീസിന്റെയും സാന്നിധ്യമാണ് വെളിച്ചംതോടുകാരുടെ കുടിവെള്ളം മുട്ടിച്ചത്. കുടിവെള്ളം പരിശോധിച്ചപ്പോൾ അനുവദനീയമായതിലും വളരെ കൂടിയ അളവിലാണ് ഇവയുടെ സാന്നിധ്യമുള്ളത്. സമീപത്തെ വാഹന സർവീസ് സ്റ്റേഷനാണ് ഇതിനു കാരണമെന്ന് നാട്ടുകാർ പറയുന്നു. സർവീസ് സ്റ്റേഷനെതിരെ ജനകീയ സമരസമിതി രൂപവത്കരിച്ച് സമരം ആരംഭിക്കാനുള്ള ഒരുക്കത്തിലാണിവർ.
മൂന്ന് മാസം മുൻപാണ് ഇവിടെ വാഹനങ്ങളുടെ സർവീസ് സ്റ്റേഷൻ തുടങ്ങിയത്. രണ്ടുമാസം മുൻപ് പെയ്ത ആദ്യ മഴയിൽ തന്നെ സമീപത്തെ വീട്ടുകിണറ്റിലെ വെള്ളത്തിന് നിറംമാറ്റം ശ്രദ്ധയിൽപ്പെട്ടു. ഭക്ഷണം പാചകം ചെയ്തപ്പോൾ പ്രത്യേക മണവും രുചിയും കണ്ടതോടെ വീട്ടുകിണറിലെ വെള്ളം ഒഴിവാക്കി. ദിവസങ്ങൾക്കുള്ളിൽ വെള്ളത്തിൽ നിറമാറ്റവും ഓയിലിന്റെ പാടയും പ്രത്യക്ഷമായി. മഴക്കാലം ശക്തമായതോടെ സമീപത്തെ കിണറുകളിലും ഓയിലിന്റെ സാന്നിധ്യമുണ്ടായി. പത്തിലേറെ വീട്ടുകാർ ജലപരിശോധനയിൽ കൂടിയ അളവിൽ സാന്നിധ്യം കണ്ടെത്തി. 300 മീറ്റർ ചുറ്റളവിലെ കിണറുകളിലേക്ക് ഇത് വ്യാപിച്ചിട്ടുണ്ട്. ഇവിടെ മുപ്പതിലേറെ വീടുകളുണ്ട്. കൂടാതെ പഞ്ചായത്തു കിണറുള്ള അങ്കണവാടിയും പ്രവർത്തിക്കുന്നുണ്ട്.
അടുത്ത് തന്നെ പൊതു മലിനീകരണ നിയന്ത്രണ ബോർഡിനും പരാതി അയച്ചതായി പറയുന്നു. കണ്ണൂർ-കാസർകോട് ജില്ലാ അതിർത്തിയിൽപ്പെടുന്നതാണ് ചീമേനിക്കടുത്ത വെളിച്ചംതോട് പ്രദേശം. പാറ നിറഞ്ഞ പ്രദേശമായതിനാൽ മഴക്കാലത്ത് മലിനജലം ദൂരത്തേക്ക് പരക്കാനും സാധ്യതയുണ്ട്. സർവീസ് സ്റ്റേഷനിലെ മലിനജല ടാങ്കുകളിലെ വിള്ളലോ അതുപോലെ തന്നെ വാഹനം കഴുകിയ ജലം ടാങ്കിലേക്ക് പോകാതെ പുറത്തേക്ക് ഒഴുകി പോകുന്നതോ ആയിരിക്കാം കാരണമെന്ന് കരുതുന്നു.
Content Highlights: Water wells in Velichamthode are contaminated with oil and grease., Contamination linked to a newly opened vehicle service station., Over 30 households and a local Anganwadi are affected., Residents forming a protest committee to demand action from authorities., Pollution Control Board has been notified regarding the issue.