ഹരിതനയം വഴി തിരഞ്ഞെടുപ്പുചെലവിലെ മിച്ചം പിടിച്ച 79 ലക്ഷം രൂപ ജീവകാരുണ്യത്തിന് -ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: ഹരിതനയം വഴി തിരഞ്ഞെടുപ്പ് ചെലവിൽ മിച്ചം പിടിച്ച 79 ലക്ഷം രൂപ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് പുതുപ്പള്ളി നിയുക്ത എം.എൽ.എ. ചാണ്ടി ഉമ്മൻ. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈക്കിൾ ഒരു പരീക്ഷണമായിരുന്നു. ജനങ്ങൾക്ക് ഇടയിലേക്ക് എത്തിച്ചേരാൻവേണ്ടിയാണ് സൈക്കിൾ യാത്ര തിരഞ്ഞെടുത്തത്. നിയമസഭയിലേക്കുള്ള യാത്രയ്ക്കും സൈക്കിൾ ഉപയോഗിക്കാൻ ശ്രമിക്കും. തിരഞ്ഞെടുപ്പ് ചെലവ് കുറയ്ക്കുന്നത് ജനങ്ങൾക്ക് ഇഷ്ടപ്പെട്ടതുകൊണ്ടാകാം പുതുപ്പള്ളിയിൽ ഇത്രയും വലിയ ഭൂരിപക്ഷം ലഭിച്ചത്. മിച്ചം പിടിച്ച തുകകൊണ്ട് കുറച്ച് വീടുകൾകൂടി നിർമിച്ചുനൽകും. ഫ്‌ളക്സ് ഒഴിവാക്കിയത് നേട്ടമായി. അതിന്റെ പേരിൽ ഒരു കേസുപോലും പുതുപ്പള്ളിയിൽ ഉണ്ടായിട്ടില്ല -ചാണ്ടി ഉമ്മൻ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനേറ്റ പരാജയം ഞങ്ങൾക്കുമുള്ള മുന്നറിയിപ്പാണ്. ജനങ്ങളിൽനിന്നു അകന്നാൽ തിരിച്ചടിയുണ്ടാകും. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ യു.ഡി.എഫിൽ തർക്കമില്ലെന്നും നിയമസഭാകക്ഷിയോഗം കൂടിയശേഷം തീരുമാനം ഉണ്ടാകും. തർക്കമെന്നത് മാധ്യമസൃഷ്ടിയാണ്. ആരെങ്കിലും അഭിപ്രായം പറഞ്ഞാൽ അത് തർക്കമാകില്ല -ചാണ്ടി ഉമ്മൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ജനകീയമാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാകണം. നടപടിക്രമങ്ങളിൽ വിശ്വാസ്യതയുണ്ടാകണം. പുതുപ്പള്ളിയെ സ്‌പോർട്സ് ഹബ്ബായി മാറ്റുകയെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. രണ്ടാം ടർഫ് നിർമാണത്തിലാണ്. രണ്ടുവർഷത്തിനുള്ളിൽ അന്താരാഷ്ട്രനിലവാരത്തിലുള്ള സ്റ്റേഡിയം യാഥാർത്ഥ്യമാകും. ചെറുപ്പക്കാരെ കായികമേഖലയിലേക്ക് ആകർഷിച്ച് നമ്മുടെ നാട്ടിൽ ഒരു മെസ്സിയെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. പുതുപ്പള്ളിയിൽ ഐ.ടി. ഹബ്ബും ലക്ഷ്യമിടുന്നുണ്ട് -ചാണ്ടി ഉമ്മൻ പറഞ്ഞു. പ്രസ് ക്ലബ്ബിന്റെ ഉപഹാരം സെക്രട്ടറി പി.ആർ. പ്രവീൺ ചാണ്ടി ഉമ്മന് സമ്മാനിച്ചു.
Content Highlights: 79 lakhs saved via green election practices donated to charity., Commitment to building houses for the needy., Vision to transform Puthuppally into a sports and IT hub., Focus on cycling for commute and public engagement.