ചന്ദ്രബോസ് വധം; മുഹമ്മദ് നിഷാമിന്റെ ശിക്ഷ ഇളവ് ഹര്ജി ഹൈക്കോടതി തള്ളി

കൊച്ചി: തൃശ്ശൂരിലെ ഫ്ളാറ്റ്സമുച്ചയത്തില് സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. ശിക്ഷാ ഇളവിനായി മുഹമ്മദ് നിഷാം സമര്പ്പിച്ച ഹര്ജി തള്ളിക്കൊണ്ടാണ് തൃശ്ശൂര് സെഷന് കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചത്.
സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് വീഴ്ത്തിയ ശേഷം അടിച്ചു കൊന്ന കേസില് ജീവപര്യന്തം തടവും, മറ്റ് പല കേസുകളിലുമായി 24 വര്ഷം ജയില് ശിക്ഷയും, 80 ലക്ഷം രൂപ പിഴയുമായിരുന്നു കീഴ്ക്കോടതി വിധിച്ചിരുന്നത്. 2015 ജനുവരി 29-ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. അന്നു തന്നെ നിഷാമിനെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഒരു വര്ഷത്തിന് ശേഷമാണ് കേസില് തൃശ്ശൂര് സെഷന് കോടതി വിധി പറഞ്ഞത്.
ഫ്ളാറ്റ് സമുച്ചയത്തിലെ ഗേറ്റ് തുറക്കാന് വൈകിയെന്നാരോപിച്ചായിരുന്നു സുരക്ഷാ ജീവനക്കാരനായ ചന്ദ്രബോസിനെ വ്യവസായി മുഹമ്മദ് നിഷാം ആഡംബരക്കാറിടിച്ച് കൊലപ്പെടുത്തിയത്.
ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയതിന് പുറമെ സമാനമായ നിരവധി കേസുകള് നിഷാമിനെതിരേയുണ്ടായിരുന്നു. ആഡംബര കാറില് പോലീസ് ഉദ്യോഗസ്ഥയെ പൂട്ടിയിട്ട സംഭവം വരെയുണ്ട്. ഇതെല്ലാം കണക്കാക്കിയാണ് നിഷാമിന്റെ ഹര്ജി ഹൈക്കോടതി തള്ളിയത്.
Content Highlights: Chandraboss Murder case Muhammed Nisham