സെറിബ്രൽ പാൾസിയുമായി 8 വയസുകാരൻ; പിരിച്ച പണം കിട്ടിയില്ല; ചികിത്സയ്ക്ക് ബുദ്ധിമുട്ടി കുടുംബം

തൃശ്ശൂർ: ആടിനെ വിറ്റ പണംകൊണ്ടാണ് ലോട്ടറി കച്ചവടക്കാരനായ മരോട്ടിച്ചാൽ കള്ളായിക്കുന്ന് മേലേടത്ത് ബിനു, മകൻ അമ്പാടിയെ കഴിഞ്ഞതവണ അമൃത ആശുപത്രിയിൽ പ്രതിമാസ പരിശോധനയ്ക്ക് കൊണ്ടുപോയത്. എല്ലാ അവയവങ്ങളെയും ബാധിക്കുന്ന ക്വാഡ്രിപ്ലെജിക് സെറിബ്രൽ പാൾസി ബാധിച്ച അമ്പാടിക്ക് ആട്ടിൻപാൽ നല്ലതാണെന്നതിനാൽ വാങ്ങിയ ആടിനെയാണ് വിറ്റത്. ഇതും തികയാതെ വന്നതോടെ ചികിത്സിച്ച ഡോക്ടർമാർതന്നെ നാലായിരത്തോളം രൂപ നൽകി.
അതേസമയം, അമ്പാടിയുടെ പേരിൽ സാമൂഹികമാധ്യമം വഴിയും നേരിട്ടും പണപ്പിരിവ് നടന്നിരുന്നു. ഇതൊന്നും കിട്ടിയില്ലെന്നുകാണിച്ച് ബിനു ഒല്ലൂർ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. അമ്പാടിയുടെ വീഡിയോ അടക്കം ചിത്രീകരിച്ചാണ് മറ്റൊരാളിന്റെ നേതൃത്വത്തിൽ ചികിത്സയ്ക്കായി പണം കണ്ടെത്താൻ ശ്രമം നടന്നത്.
മുൻപുനൽകിയ പരാതിയിൽ പ്രശ്‌നപരിഹാരം ഉണ്ടാകാത്തതിനെത്തുടർന്ന് ജനുവരിയിൽ വീണ്ടും പരാതി നൽകി. 2025 ഒക്ടോബറിലാണ് ആദ്യം പരാതിനൽകിയത്. മൂന്നുലക്ഷം രൂപ ഫെബ്രുവരിയിൽ നൽകാമെന്ന് ധനശേഖരണം നടത്തിയവരുമായി ഒല്ലൂർ പോലീസ് സ്റ്റേഷനിൽവെച്ച് ഉടമ്പടിയുമുണ്ടാക്കി. പിന്നീട് ഈ പണം തരാനാകില്ലെന്നും ബിനുവിന്റെ കൂടെയുണ്ടായിരുന്നവർ ഭീഷണിപ്പെടുത്തിയാണ് ഇത്തരമൊരു ഉടമ്പടിയിൽ ഒപ്പിട്ടതെന്നും പണംപിരിക്കാൻ നേതൃത്വം നൽകിയവർ ആരോപിക്കുകയായിരുന്നു.
അമ്പാടിയെ മാസത്തിൽ ഒരുതവണയെങ്കിലും അമൃതയിൽ പരിശോധനയ്ക്ക് വിധേയമാക്കണം. ആറായിരംതൊട്ട് 25,000 രൂപവരെയാണ് ചെലവ്. കുടുംബം വാടകവീട്ടിലാണ് താമസിക്കുന്നത്. സാമ്പത്തികസഹായം ആവശ്യപ്പെട്ടുകൊണ്ട് നിർമിച്ച വീഡിയോയുടെ ലിങ്ക് ബിനുവിന് നൽകിയിരുന്നു. ഇത് അടുപ്പമുള്ള പലർക്കും ഷെയർ ചെയ്തതിലൂടെ 25,000 രൂപ ലഭിച്ചു. പക്ഷേ, സാമ്പത്തികസഹായം വാഗ്ദാനം ചെയ്തവർവഴി ഒന്നും ലഭിച്ചില്ല. മറ്റൊരു അക്കൗണ്ട് നമ്പർ ചേർത്ത വീഡിയോ ആണ് ഇവർ പങ്കുവെച്ചതെന്ന ആരോപണമാണ് ബിനു ഉന്നയിക്കുന്നത്. നേരിട്ടുള്ള പിരിവുകളും മകന്റെ പേരിൽ നടന്നതായി ഇദ്ദേഹം പറയുന്നു.
Content Highlights: 8-year-old with cerebral palsy needs urgent treatment. Family faces financial hardship as collected funds disappear. Read their story.