സ്‌കൂളില്‍ നട്ടുവളര്‍ത്തിയ കോളിഫ്‌ളവര്‍ മോഷണം പോയി; മന്ത്രിക്ക് പരാതി നല്‍കി കുട്ടികള്‍

#അപര്‍ണ എസ്.തമ്പി
പ്രതീകാത്മക ചിത്രം/  അന്വേഷണത്തിനായി പോലീസ് എത്തിയപ്പോള്‍ | Photo: Mathrubhumi
പ്രതീകാത്മക ചിത്രം/ അന്വേഷണത്തിനായി പോലീസ് എത്തിയപ്പോള്‍ | Photo: Mathrubhumi

തിരുവനന്തപുരം: ചൂടുചോറിനൊപ്പം ആവിപറക്കുന്ന കോളിഫ്‌ളവര്‍ കറിയായിരുന്നു സ്വപ്നംനിറയെ. മുഴുത്ത കോളിഫ്‌ളവര്‍ നോക്കി മനസ്സുനിറച്ചാണ് വെള്ളിയാഴ്ച വൈകീട്ടും അവര്‍ സ്‌കൂളില്‍നിന്നു മടങ്ങിയത്. അടുത്തയാഴ്ച വിളവെടുത്ത് രുചിയോടെ വയറുനിറയ്ക്കാമെന്ന കൊതിയോടെ. തിങ്കളാഴ്ച സ്‌കൂളിലെത്തിയപ്പോഴാകട്ടെ, നട്ടുനനച്ചതൊക്കെ ആരോ കട്ടോണ്ടുപോയി. തൈക്കാട് ഗവ. മോഡല്‍ എച്ച്.എസ്.എല്‍.പി.എസിലാണ് കുട്ടികളുടെ പച്ചക്കറിത്തോട്ടത്തിലെ കോളിഫ്‌ളവര്‍ മോഷണംപോയത്.

രാവിലെ തോട്ടത്തിലെത്തിയ കുട്ടികള്‍ കോളിഫ്‌ളവര്‍ കാണാത്തതോടെ വിഷമത്തിലായി. കുഞ്ഞിക്കൈകളാല്‍ തളിരിലകളില്‍ വെള്ളംനനച്ചും പുഴുവും മറ്റു പ്രാണികളും ഇലക്കൂടൊരുക്കാതെ കാത്തും സ്‌നേഹിച്ചു വളര്‍ത്തിയ പച്ചക്കറികളാണ് അവധിദിനത്തില്‍ കള്ളന്‍ കവര്‍ന്നത്. കണ്ണുനിറച്ച്, പരാതിയുമായി കുട്ടികള്‍ അധ്യാപകര്‍ക്കരികിലെത്തി. വെണ്ടയും തക്കാളിയും വഴുതനയും കോളിഫ്‌ളവറും അങ്ങനെ ഉച്ചക്കൊരുകൂട്ടം പച്ചക്കറികള്‍ കുട്ടികളുടെ സ്‌നേഹത്തണലില്‍ തോട്ടത്തില്‍ വിളഞ്ഞു പാകമായിരുന്നു.

വര്‍ഷങ്ങളായി സ്‌കൂളിലെ അടുക്കളത്തോട്ടത്തില്‍നിന്നുള്ള പച്ചക്കറികള്‍ ഉള്‍പ്പെടുത്തിയാണ് കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം തയ്യാറാക്കുന്നത്. നട്ടുനനച്ചു കാത്ത പച്ചക്കറി മോഷണംപോയതോടെ കുട്ടികള്‍ പരിഭവവും കരച്ചിലുമായി. ഒടുവില്‍ കള്ളനെ കണ്ടെത്താന്‍ മന്ത്രിയപ്പൂപ്പന്റെ സഹായംതേടി. കണ്ണീര്‍ത്തുള്ളികള്‍ നനച്ച കൈകളാല്‍ അവര്‍ മന്ത്രിയപ്പൂപ്പനു കത്തെഴുതി. കള്ളനെ പിടികൂടാനാകുമെന്ന പ്രതീക്ഷയില്‍...

മന്ത്രിക്ക് കുട്ടികള്‍ നല്‍കിയ പരാതി


 

Content Highlights: cauliflower garden at thycaud model school goes missing