'തൊഴിലന്വേഷകർ മാത്രമാകാതെ, തൊഴിൽദാതാക്കളാകൂ'; യുവതയുടെ വിദേശകുടിയേറ്റം നിയന്ത്രിക്കാൻ കത്തോലിക്കാ സഭ

കൊച്ചി: കത്തോലിക്ക യുവതീ യുവാക്കളുടെ അനിയന്ത്രിത വിദേശ കുടിയേറ്റം നിയന്ത്രിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ട് കത്തോലിക്കാ സഭ. തുടക്കമെന്ന നിലയിൽ ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകളുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി സംരംഭകത്വ പരിശീലന പരിപാടികൾ ആരംഭിച്ചു. വിദേശ തൊഴിലന്വേഷകർ മാത്രമാകാതെ നാട്ടിൽ സംരംഭങ്ങൾ തുടങ്ങാനും അതുവഴി തൊഴിൽദാതാക്കളാകാനുമുള്ള മാർഗ നിർദേശങ്ങളാണ് നൽകുന്നത്.
സംരംഭങ്ങൾ തുടങ്ങാനുള്ള സാങ്കേതിക പരിശീലനവും മുതൽമുടക്കാനുള്ള സഹായവും നൽകി ചെറുപ്പക്കാരെ സ്വയംപര്യാപ്തരാക്കി നാട്ടിൽ തന്നെ നിലനിർത്തുകയാണ് ലക്ഷ്യം.
അടുത്തഘട്ടത്തിൽ കോളേജുകളോടൊപ്പം ഇൻകുബേഷൻ കേന്ദ്രങ്ങൾ തുടങ്ങാനുള്ള സർക്കാർ മാർഗ നിർദേശത്തിന്റെ ചുവടുപിടിച്ച് സംരംഭക സംസ്കാരം വളർത്തിക്കൊണ്ടുവരലാണ് ലക്ഷ്യമെന്ന് മേൽനോട്ടം വഹിക്കുന്ന ചങ്ങനാശ്ശേരി അതിരൂപത വൈദികൻ വ്യക്തമാക്കി.
എൻജിനിയറിങ്, മറ്റ് ബിരുദാനന്തര ബിരുദധാരികൾ പോലും വിദേശത്ത് ശമ്പളം കുറഞ്ഞ അടിസ്ഥാന മേഖലയിലെ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു. നാട്ടിലേക്ക് തിരിച്ചുവരാൻ പറ്റാത്ത അവസ്ഥയുള്ളവരുമുണ്ട്. മാത്രമല്ല, എട്ടാംക്ലാസ് മുതലേ വിദേശ കുടിയേറ്റത്തിനുള്ള ആഗ്രഹം കുട്ടികളിൽ പോലും ഉണ്ടാകുന്നതായും അധികൃതർ പറയുന്നു.
അടുത്തയാഴ്ച പാലായിൽ നടക്കുന്ന സിറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലിയിലും യുവജനങ്ങളുടെ അനിയന്ത്രിത കുടിയേറ്റം നിയന്ത്രിക്കാൻ സ്വീകരിക്കേണ്ട പദ്ധതികളെക്കുറിച്ച് ചർച്ചയുണ്ടാകും. അസംബ്ലിയിൽ ഉരുത്തിയിരുന്ന ആശയങ്ങൾ സഭയിൽ നടപ്പാക്കാനാണ് തീരുമാനം.
Content Highlights: Catholic Church started entrepreneurship training programs to restrict foreign migration of youth