ഗോഡ്‌സെ അനുകൂല കമന്റ്: NIT പ്രൊഫസര്‍ക്കെതിരെ കേസെടുത്തു; നടപടി SFI നല്‍കിയ പരാതിയില്‍

#സ്വന്തം ലേഖിക
ഷൈജ ആണ്ടവന്‍
ഷൈജ ആണ്ടവന്‍

കോഴിക്കോട്: ഗോഡ്‌സെ അനുകൂല കമന്റിട്ട എന്‍.ഐ.ടി.യിലെ പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെ കുന്ദമംഗലം പോലീസ് കേസെടുത്തു. ഐ പി. സി 153 (കലാപം ഉണ്ടാക്കാന്‍ ഉള്ള ഉദ്ദേശത്തോടെ ഉള്ള പ്രകോപനം) പ്രകാരമാണ് കേസ് എടുത്തത്. എസ്.എഫ്.ഐ. കുന്ദമംഗലം ഏരിയാ കമ്മറ്റി അംഗം അശ്വിൻ നൽകിയ പരാതിയിലാണ് നടപടി. 

നേരത്തെ കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദും നടക്കാവ് പോലീസ് സ്റ്റേഷനില്‍ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് സൂരജും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഡി.വൈ.എഫ്.ഐ.യും അധ്യാപികയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു. 

ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്‍ നാഥൂറാം വിനായക് ഗോഡ്‌സെ ഭാരതത്തില്‍ ഒരുപാട് പേരുടെ ഹീറോ എന്ന കുറിപ്പോടെ അഡ്വ കൃഷ്ണരാജ് എന്നയാള്‍  പോസ്റ്റ് ചെയ്ത ഗോഡ്‌സെയുടെ ചിത്രത്തിന് താഴെയാണ് കോഴിക്കോട് എന്‍ഐടിയിലെ മെക്കാനിക്കല്‍ എഞ്ചിനിയറിങ് വിഭാഗം പ്രഫസര്‍ ഷൈജ ആണ്ടവന്‍ 'പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോര്‍ സേവിങ് ഇന്ത്യ' എന്ന് കമന്റ് ഇട്ടത്. ഇത് വിവാദമായതിന് പിന്നാലെ ഷൈജ കമന്റ് ഡിലീറ്റ് ചെയ്തിരുന്നു. 

Content Highlights: police registered case against nit professor over godse support comment