ഇടിമിന്നലിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർനെറ്റ് ഫയർവാൾ തകരാറിലായി; പ്രവർത്തനം സ്തംഭിച്ചു, പരീക്ഷകൾ മാറ്റി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ ഇന്റർനെറ്റ് ഫയർവാളിന് വ്യാഴാഴ്ച മിന്നലേറ്റ് കേടുപാട് സംഭവിച്ചതോടെ ഓഫീസ് പ്രവർത്തനം പൂർണമായും സ്തംഭിച്ചു. ഡിജിറ്റൽ ഡോക്യുമെന്റ് ഫയലിങ് സിസ്റ്റം നിലച്ചതിനാൽ വെള്ളിയാഴ്ച ഓഫീസ് പ്രവർത്തനങ്ങളൊന്നും നടത്താനായില്ല. മിന്നലേറ്റ് ബി.എസ്.എൻ.എൽ. സെർവറിന് തകരാറൊന്നും സംഭവിച്ചിട്ടില്ലെന്ന് ബി.എസ്.എൻ.എൽ. അധികൃതർ അറിയിച്ചു. സർവകലാശാലയിലെ ഫയർവാളിനെയാണ് മിന്നൽ ബാധിച്ചത്.
ഭരണകാര്യാലയം, പരീക്ഷാഭവൻ, ടാഗോർ നികേതൻ, കോളേജ് ഡിവലപ്പ്‌മെന്റ് കൗൺസിൽ ഓഫീസ്, ഐ.ക്യു.എ.സി, 34-ലധികം വരുന്ന പഠനവകുപ്പുകൾ, സി.എച്ച്. സെൻട്രൽ ലൈബ്രറി എന്നിവിടങ്ങളെയെല്ലാം ഇന്റർനെറ്റ് സംവിധാനത്തിലെ തകരാർ ബാധിച്ചു. ജീവനക്കാർക്ക് പഞ്ചിങ് ചെയ്യാനുമായില്ല. വിവിധ ആവശ്യങ്ങൾക്കായി എത്തിയ വിദ്യാർഥികളും ഉദ്യോഗാർഥികളും വിവരം അറിയാതെ വലഞ്ഞു.
ശനിയാഴ്ചയും ഓഫീസ് പ്രവർത്തനം സാധ്യമാകില്ല. ശനി, ഞായർ ദിവസങ്ങളിലെ വിദൂരവിദ്യാഭ്യാസ വിഭാഗം ഇന്റേണൽ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ശനിയാഴ്ച വൈകീട്ടോടെ മാത്രമേ തകരാറിലായ ഭാഗങ്ങൾ മാറ്റിസ്ഥാപിക്കാനാകൂ. തിങ്കളാഴ്ചയോടെ പ്രശ്നം പൂർണമായും പരിഹരിക്കാനാകുമെന്ന് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ പറഞ്ഞു.