മേല്‍ക്കൂര തുളച്ച് വീടിനുള്ളില്‍ വെടിയുണ്ട; ഞെട്ടലൊഴിയുംമുന്നെ മറ്റൊരു വെടിയുണ്ട കൂടി കണ്ടെത്തി

#സ്വന്തം ലേഖകന്‍
കണ്ടെത്തിയ വെടിയുണ്ട
കണ്ടെത്തിയ വെടിയുണ്ട

തിരുവനന്തപുരം: വിളവൂര്‍ക്കലില്‍ വീടിന്റെ മേല്‍ക്കൂര തുളച്ചെത്തിയ വെടിയുണ്ട ഹാളിലെ സോഫയില്‍ കണ്ടതിന്റെ ഞെട്ടലില്‍നിന്നും നാട്ടുകാര്‍ മുക്തരാകുന്നതിന് മുന്നെ പ്രദേശത്തുനിന്നും മറ്റൊരു വെടിയുണ്ട കൂടി കണ്ടെത്തി. കഴിഞ്ഞ ദിവസം വെടിയുണ്ട പതിച്ച വീടിന് 100 മീറ്റര്‍ അകലെയാണ് ഇപ്പോള്‍ വെടിയുണ്ട കണ്ടെത്തിയത്.  മലയിന്‍കീഴ് സി. ഐ യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി വെടിയുണ്ട കൊണ്ടുപോയി. കുറക്കോണം സി.എസ്.ഐ പള്ളിക്ക് സമീപത്തുനിന്നാണ് രണ്ടാമത്തെ വെടിയുണ്ട കണ്ടെത്തിയത്. 

തുടര്‍ച്ചയായി വെടിയുണ്ട കണ്ടെത്തുന്ന സംഭവം പ്രദേശവാസികളെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇതിന് മുന്‍പ് പലതവണ ഈ പ്രദേശത്തുനിന്നും വെടിയുണ്ട കണ്ടെത്തിയിട്ടുണ്ടെന്നും കുട്ടികളുള്‍പ്പടെ ഭയത്തോടെയാണ് കഴിയുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

വിളവൂര്‍ക്കല്‍ പൊറ്റയില്‍ കാവടിവിളയില്‍ ആര്‍. ആനന്ദും കുടുംബവും താമസിക്കുന്ന വാടക വീട്ടില്‍നിന്നുമാണ് കഴിഞ്ഞദിവസം വെടിയുണ്ട കണ്ടെത്തിയത്. ആനന്ദും ഭാര്യ ശരണ്യയും മകള്‍ സഞ്ജനയെയും കൊണ്ട് രാവിലെ പൂജപ്പുരയിലെ ആശുപത്രിയില്‍ പോയിരുന്നു. ഉച്ചയ്ക്ക് ഒന്നരമണിയോടെ ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് വീട്ടിലെ ഹാളിലിട്ട സോഫയില്‍ വെടിയുണ്ട കിടക്കുന്നതു ശ്രദ്ധയില്‍പെട്ടത്‌. ഷീറ്റിട്ട വീടിന്റെ മേല്‍ക്കൂര തുളവീണ നിലയിലായിരുന്നു. പിന്നാലെ വീട്ടുടമ മലയിന്‍കീഴ് പോലീസില്‍ പരാതിനല്‍കി.

സമീപത്തെ വീട്ടിൽ ഉൾപ്പെടെ ഈ പ്രദേശങ്ങളിൽ മുൻപും സമാന രീതിയിൽ വെടിയുണ്ടകൾ കണ്ടെത്തിയിട്ടുണ്ട്. മലയിൻകീഴ് മൂക്കുന്നിമല ഫയറിങ് സ്റ്റേഷനിൽനിന്ന് ലക്ഷ്യം തെറ്റിയ വെടിയുണ്ടകൾ മുൻപും പലതവണ ജനവാസ മേഖലകളിൽ പതിച്ചിട്ടുണ്ട്. 2014-ൽ വിളവൂർക്കൽ മലയം പുകവലിയൂർക്കോണം ഗ്രീൻകോട്ടേജിൽ ഓമനുടെ വയറ്റിൽ വെടിയുണ്ട കൊണ്ട് പരുക്കേറ്റിരുന്നു. കരസേനയിലെയും പോലീസിലെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആദ്യഘട്ടത്തിൽ അന്വേഷണം നടത്തിയെങ്കിലും തുടർ നടപടികൾ ഒന്നും ഉണ്ടായില്ല. 

2015 മേയ് 9-ന് വിളവൂർക്കൽ സിന്ധു ഭവനിൽ രാമസ്വാമിയുടെ വീട്ടിൽ വെടിയുണ്ട തുളച്ചുകയറിയിരുന്നു. അന്ന് വീടിനുള്ളിൽ കുട്ടികളടക്കം ഒട്ടേറെ പേരുണ്ടായിരുന്നെങ്കിലും തല നാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. അന്നും വീട്ടുകാർ പരാതി നൽകിയെങ്കിലും നടപടികൾ ഒന്നും ഉണ്ടായില്ല. 2018 നവംബർ 20-ന് പൊറ്റയിൽ കാവടിവിള ശിവോദയത്തിൽ അജിത്തിന്റെ വീട്ടിലെ ജനൽചില്ല് തകർത്തുകൊണ്ട് വെടിയുണ്ട കിടപ്പുമുറിയിൽ എത്തി. മുക്കുന്നിമലയിലെ സേനാവിഭാഗം ഉപയോഗിക്കുന്ന വെടിയുണ്ടയാണിതെന്ന് സ്‌ഥിരീകച്ചെങ്കിലും തുടർ നടപടികളുണ്ടായില്ല. ഈ വീടിന് സമീപമാണ് കഴിഞ്ഞദിവസം വെടിയുണ്ട പതിച്ചത്. പോലീസിന്റെയും കരസേനാ വിഭാഗത്തിന്റെയും എയർഫോഴ്സിന്റെയും പരിശോധനകൾ പ്രദേശത്ത് നടക്കും.

Content Highlights: Bullet Found Near Thiruvananthapuram Home, Locals Fearful