ബ്രിക്സ് ഉച്ചകോടിക്കെത്തിയ വിദേശ ഇൻഫ്ലുവൻസർമാർ കേരളത്തിൽ; ക്ലിഫ് ഹൗസിൽ സ്വീകരണം നൽകി മുഖ്യമന്ത്രി

#ന്യൂസ് ഡെസ്ക്
അതിഥികള്‍ക്കൊപ്പം മുഖ്യമന്ത്രി | PHOTO: X/@vdsatheesan
അതിഥികള്‍ക്കൊപ്പം മുഖ്യമന്ത്രി | PHOTO: X/@vdsatheesan

തിരുവനന്തപുരം: ബ്രിക്സ് ഉച്ചകോടിയോടനുബന്ധിച്ച് ഇന്ത്യയിലെത്തിയ 19 രാജ്യങ്ങളിൽനിന്നുള്ള 35 പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും തിരുവനന്തപുരം ക്ലിഫ് ഹൗസിൽ സ്വീകരണം നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അതിഥികളായാണ് ഇവർ ഇന്ത്യയിലെത്തിയത്. അതിഥികളോടൊപ്പം ഒരുമണിക്കൂർ സമയം ചെലവഴിച്ചതായി അദ്ദേഹം തന്റെ എക്സ് പോസ്റ്റിൽ വ്യക്തമാക്കി.

കൂടിക്കാഴ്ചയിൽ യഥാർഥ 'കേരള സ്റ്റോറി' അതിഥികളുമായി പങ്കുവെച്ചതായി വി.ഡി. സതീശൻ പറഞ്ഞു. 600 കിലോമീറ്റർ നീളമുള്ള തീരദേശവും പശ്ചിമഘട്ട മലനിരകളും ചേരുന്ന കേരളം, ഇന്ന് ആഗോള നിക്ഷേപങ്ങൾ ആകർഷിക്കുന്ന പ്രധാന കേന്ദ്രമായി വേഗത്തിൽ ഉയർന്നുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വളർന്നുവരുന്ന തുറമുഖ-വ്യോമയാന സൗകര്യങ്ങൾ, പ്രശസ്തരായ ഡോക്ടർമാർ, എഞ്ചിനീയർമാർ, ഐ.ടി വിദഗ്ധർ എന്നിവരുടെ സേവനം എന്നിവയും അദ്ദേഹം വിശദീകരിച്ചു. ആയുർവേദത്തിന്റെയും സമഗ്ര ആരോഗ്യപരിപാലനത്തിന്റെയും ആഗോള കേന്ദ്രമായി കേരളത്തെ മാറ്റാനുള്ള കാഴ്ചപ്പാടും അദ്ദേഹം പങ്കുവെച്ചു.

രാജ്യത്തെ ആദ്യത്തെ സമ്പൂർണ സാക്ഷരതാ സംസ്ഥാനമായ കേരളം ഡിജിറ്റൽ സാക്ഷരതയിലേക്കും മുന്നേറുകയാണെന്നും സുസ്ഥിര വികസനത്തിന് കേരളം ഒരു മികച്ച മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: VD Satheesan hosted 35 prominent content creators and influencers from 19 BRICS nations at Cliff House., Highlighted Kerala's growth as a global investment hub, robust infrastructure, and talent pool., Emphasized Kerala's digital literacy, biodiversity, tourism potential, and Ayurveda hub status., Shared the real 'Keralam Story' focusing on sustainable and inclusive development.