നികുതിയുടെ പേരിൽ ജിഎസ്ടി ഉദ്യോഗസ്ഥർ കെെക്കൂലി ചോദിച്ചെന്ന് ആരോപണം; ആവശ്യപ്പെട്ടത് 14,500 രൂപ

പ്രതീകാത്മക ചിത്രം |   ഫോട്ടോ: എ.എഫ്.പി
പ്രതീകാത്മക ചിത്രം | ഫോട്ടോ: എ.എഫ്.പി

ചേർത്തല: ആലപ്പുഴയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം ചേർത്തലയിലേക്കു മാറ്റുന്നതിന്റെ ഭാഗമായി സാധനങ്ങൾ മാറ്റുന്നതിനിടെ നികുതിയുടെ പേരിൽ ജിഎസ്ടി ഉദ്യോഗസ്ഥർ കൈക്കൂലി ചോദിച്ചെന്ന് ആരോപണം.

മന്ത്രി പി. പ്രസാദ് വിഷയം ധനമന്ത്രിയെ അറിയിച്ചെങ്കിലും അന്വേഷണം ഉദ്യോഗസ്ഥതലത്തിൽ അട്ടിമറിച്ചെന്ന സംശയമുയർന്നിട്ടുണ്ട്. നികുതിയുടെ പേരിലുള്ള പിരിവായതിനാലാണ് ധനമന്ത്രിയെ അറിയിച്ചത്.

ഓഗസ്റ്റ് 28-നു രാത്രി 10.30-ഓടെ ദേശീയപാതയിൽ കലവൂരിലായിരുന്നു പരിശോധന. 44,528 രൂപ വിലവരുന്ന സാമഗ്രികളാണ് സ്ഥാപനത്തിലെ ജീവനക്കാരനും ഡ്രൈവറും സഞ്ചരിച്ച എയ്സ് ഓട്ടോയിലുണ്ടായിരുന്നത്. ട്രാൻസ്ഫർ ഔട്ട് ബിൽ സഹിതമായിരുന്നു യാത്ര.

മന്ത്രിക്കു ലഭിച്ച പരാതി ഇങ്ങനെ: പരിശോധന നടത്തിയ ജിഎസ്ടി ഉദ്യോഗസ്ഥർ ഇ-വേ ബിൽ ആവശ്യപ്പെട്ടു. അരലക്ഷം രൂപയിൽ താഴെയുള്ള സാധനങ്ങളായതിനാൽ ഇതു വേണ്ടെന്ന വാദം ജീവനക്കാരനുയർത്തിയെങ്കിലും 70,000 രൂപ പിഴയടയ്ക്കേണ്ടിവരുമെന്നും വണ്ടി കസ്റ്റ‍ഡിയിലെടുക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 20,000 രൂപ കൈക്കൂലിയും ചോദിച്ചു. പിന്നീടത് 15,000 ആക്കി കുറച്ചു.

പിറ്റേന്നു തുകയെത്തിക്കാമെന്നു പറഞ്ഞെങ്കിലും അംഗീകരിച്ചില്ല. തുക കൈയിലില്ലെങ്കിൽ എടിഎമ്മിലെത്തി എടുത്തുകൊടുക്കാൻ പറഞ്ഞു.

എടിഎം കാർഡ് കൈയിലില്ലായിരുന്ന ജീവനക്കാരൻ ഡ്രൈവറുടെ അക്കൗണ്ടിലേക്കു മറ്റൊരു ജീവനക്കാരന്റെ അക്കൗണ്ടിൽനിന്ന് പണമിടുവിച്ച് 14,500 രൂപ എടുത്തുകൊടുത്തെന്നാണ് പരാതി. സിസിടിവി ദൃശ്യങ്ങൾ, എടിഎമ്മിൽനിന്നു പണം പിൻവലിച്ചതിന്റെ വിവരങ്ങൾ എന്നിവ പരാതിക്കാർ നൽകിയിട്ടുണ്ട്.

Content Highlights: Bribe asked by GST Officials in Alappuzha