നെഞ്ചുപൊട്ടി അമ്മയും സഹോദരിയും, കണ്ടുനിൽക്കാനാകാതെ നാട്; TTE വിനോദിന് വിട നല്‍കി മഞ്ഞുമ്മൽ | VIDEO

കൊച്ചി: തൃശൂരില്‍ ഒഡീഷ സ്വദേശിയായ യാത്രക്കാരന്‍ ട്രെയിനില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടി.ടി.ഇ. ഇ.കെ. വിനോദിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോഴുണ്ടായത് അതിവൈകാരികമായ രംഗങ്ങള്‍. മകനെ അവസാനമായി ഒരുനോക്ക് കാണാനത്തിയ അമ്മയുടേയും വിനോദിന്റെ സഹോദരിയുടേയും കരച്ചില്‍ കണ്ടുനിന്നവരുടെ കണ്ണുകളേയും ഈറനണിയിച്ചു. നൂറുകണക്കിന് ആളുകളാണ് വിനോദിന് അന്ത്യാഞ്ജലിയര്‍പ്പിക്കാനായി മഞ്ഞുമ്മലിലെ വീട്ടിലേക്ക് എത്തിയത്.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം വീട്ടിലേക്ക് എത്തിച്ചത്. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം ഏലൂരിലെ ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. നാട്ടുകാര്‍, സഹപ്രവര്‍ത്തകര്‍, റെയില്‍വേ ഉദ്യോഗസ്ഥര്‍, മന്ത്രി പി. രാജീവ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ തുടങ്ങി നിരവധി പേരാണ് വിനോദിന്റെ വീട്ടിലെത്തിയത്.
തൃശ്ശൂര്‍ വെളപ്പായയില്‍ വെച്ച് ചൊവ്വാഴ്ച രാത്രിയാണ് ദാരുണമായ കൊലപാതകം നടന്നത്. എറണാകുളം-പട്‌ന എക്‌സ്പ്രസില്‍ നിന്നാണ് വിനോദിനെ തള്ളിയിട്ടത്. ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്കെത്തിയത്. എസ് 11 കോച്ചില്‍വെച്ചാണ് സംഭവമുണ്ടായത്. എറണാകുളം സ്വദേശിയായ വിനോദ് ഈറോഡ് വരെയുള്ള ഡ്യൂട്ടിയിലാണ് കയറിയിരുന്നത്.
റിസര്‍വേഷന്‍ കോച്ചില്‍ യാത്രചെയ്തതിന് പിഴ ചോദിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ടി.ടി.ഇ.യുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി രജനീകാന്ത മൊഴി നല്‍കി. ജനറല്‍ ടിക്കറ്റില്‍ റിസര്‍വേഷന്‍ കോച്ചില്‍ യാത്രചെയ്തതിന് പിഴയായി 1,000 രൂപ ചോദിച്ചെന്നും തന്റെ കൈവശം പണമുണ്ടായിരുന്നില്ലെന്നും പ്രതി പറഞ്ഞു.
വാതിലിന് അടുത്തുനിന്നിരുന്ന രജനീകാന്തുമായി തര്‍ക്കം തുടരുന്നതിനിടെ ഇയാള്‍ വിനോദിനെ തൊഴിക്കുകയായിരുന്നെന്നാണ് സംശയിക്കുന്നത്. തീവണ്ടിയുടെ പുറത്തേക്ക് തെറിച്ചു വീണ ഇദ്ദേഹത്തിനുമേല്‍ തീവണ്ടി കയറിയതായും വിവരമുണ്ട്. കോച്ചിലെ മറ്റു യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതി പാലക്കാട്ട് പിടിയിലായത്. രജനീകാന്ത് മദ്യപിച്ചിരുന്നതായും പറയുന്നു.
Content Highlights: Body of TTE Vinod who killed by Odisha native, brought to home for last rituals