ഇ.വി.എം. ഹാക്കിങ് ആരോപണം: ഗൂഢാലോചനയ്ക്ക് പിന്നിൽ ഡി.സി.സി പുനഃസംഘടന; പരാതി തള്ളി ബി.എം. ജമാൽ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം (ഇ.വി.എം.) ഹാക്ക് ചെയ്യാൻ ബി.ജെ.പി. പദ്ധതിയിടുന്നുണ്ടെന്നും ഇത്‌ തടയാൻ തന്റെ പക്കൽ സാങ്കേതിതവിദ്യയുണ്ടെന്നും അവകാശപ്പെട്ട് പണം തട്ടിയെന്ന ആരോപണം നിഷേധിച്ച് മുതിർന്ന കോൺഗ്രസ് പ്രവർത്തകനും യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റും യു.ഡി.എഫ്. ഉദുമ മണ്ഡലം ചീഫ് ഏജന്റുമായിരുന്ന ബി.എം. ജമാൽ. തന്റെ പേരിൽ പ്രചരിക്കുന്നത് തെറ്റായ വാർത്തയാണെന്ന്‌ പറഞ്ഞ അദ്ദേഹം, ഡി.സി.സി. പുനഃസംഘടനയുമായി ബന്ധപ്പെട്ട ചിലരുടെ താത്പര്യങ്ങളാണ് ഇതിനു പിന്നിലെന്നും ആരോപിച്ചു.

സ്ഥാനമാനങ്ങളിൽ താത്പര്യമില്ല. തന്നെ ഒഴിവാക്കാൻ വ്യാജ വാർത്താപ്രചാരണം നടത്തേണ്ടിയിരുന്നില്ല. ഇതിനുപിന്നിൽ ഗൂഢാലോചനയുണ്ട്. ചിലർ ചേർന്ന് പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. പരാതിയുണ്ടെന്ന് പറയുന്നതല്ലാതെ പരാതിക്കാർ ആരും മുന്നിലേക്ക്‌ വരാത്തതും തെളിവുകൾ തരാത്തതും അതുകൊണ്ടാണ്. ഫലപ്രഖ്യാപനത്തിന് ഒരാഴ്ചമുൻപ് കാസർകോട്, ഉദുമ മണ്ഡലങ്ങളിലെ സ്ഥാനാർഥികളിൽനിന്ന് പണം ആവശ്യപ്പെട്ടെന്നാണ് പരാതി. എന്നാൽ പരാതിക്കാരെന്നു പറയുന്നവരെ മാർച്ച് 23-നുശേഷം കണ്ടിട്ടില്ല. ഇത്തരത്തിലൊരു പരാതി സംസ്ഥാന കമ്മിറ്റിക്ക്‌ മുന്നിലെത്തിയതായും തനിക്കറിയില്ല.

ഡി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ പേര് പരിഗണിക്കാൻ സാധ്യതയുള്ളതായി പലപ്പോഴായി പറഞ്ഞത് ചില നേതാക്കളാണ്. ആരുടെയും പേരെടുത്തുപറയാൻ ആഗ്രഹിക്കുന്നില്ല. സംഘടനാ പ്രവർത്തനത്തിൽനിന്ന്് സാമ്പത്തികനേട്ടമുണ്ടാക്കേണ്ട കാര്യമില്ല. ഇതുവരെ ചെയ്തതുപോലെ ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കുമെന്നും വ്യാജ പ്രചാരണങ്ങൾക്കെതിരേ നിയമനടപടിക്കൊരുങ്ങുകയാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

ചൊവ്വാഴ്ച ചേർന്ന ജില്ലാ യു.ഡി.എഫ്. യോഗത്തിലാണ് ഇതുസംബന്ധിച്ച് പരാതി ഉയർന്നതെന്നാണ് വിവരം. ഇതേത്തുടർന്ന് യു.ഡി.എഫ്., കെ.പി.സി.സി. സംസ്ഥാന നേതൃത്വത്തിന് യു.ഡി.എഫ്. ജില്ലാ നേതൃത്വം പരാതി നൽകുകയായിരുന്നു.

പരാതി പാർട്ടി അന്വേഷിക്കും -സണ്ണി ജോസഫ്

ഇലക്ട്രോണിക് വോട്ടിങ് യന്ത്രം (ഇ.വി.എം.) ഹാക്ക് ചെയ്യുന്നത്‌ തടയാൻ തന്റെ പക്കൽ സാങ്കേതിത വിദ്യയുണ്ടെന്നവകാശപ്പെട്ട് കോൺഗ്രസ് നേതാവ് പണം തട്ടിയെന്ന പരാതി പാർട്ടി അന്വേഷിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റും വൈദ്യുത മന്ത്രിയുമായ സണ്ണി ജോസഫ്. പരാതിയുടെ വിശദാംശങ്ങൾ പരിശോധിക്കും. പുറത്തുവരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിനൽകും – എം.എൽ. അശ്വിനി

ഇ.വി.എം. ഹാക്കിങ് തടയുന്നതിനായി യു.ഡി.എഫ്. സ്ഥാനാർഥികൾ ലക്ഷക്കണക്കിന് രൂപ നൽകിയെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റും കാസർകോട് നിയോജകമണ്ഡലം എൻ.ഡി.എ. സ്ഥാനാർഥിയുമായിരുന്ന എം.എൽ. അശ്വിനി പറഞ്ഞു. കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണി വിശ്വസിക്കുന്നത് ജനാധിപത്യത്തിലാണോ പണാധിപത്യത്തിലാണോ എന്നു സംസ്ഥാന നേതൃത്വം വ്യക്തമാക്കണം. ബി.എം. ജമാലിന് കൈമാറിയ പണത്തിന്റെ ഉറവിടം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉൾപ്പെടെയുള്ള ഏജൻസികൾക്ക് പരാതി നൽകുമെന്നും അവർ പറഞ്ഞു.

വഖഫ് ബോർഡിന്റെ മുൻ ഉന്നത ഉദ്യോഗസ്ഥൻ കോൺഗ്രസ് സ്ഥാനാർഥികളെ കബളിപ്പിക്കുക മാത്രമല്ല, ബി.ജെ.പി.യെ അപകീർത്തിപ്പെടുത്താനും ശ്രമിച്ചുവെന്നാണ് വ്യക്തമാകുന്നത്. രണ്ടോ മൂന്നോ മണ്ഡലങ്ങളിൽനിന്നുമാത്രം ഒരുകോടിയോളം രൂപ ഇത്തരത്തിൽ സമാഹരിച്ചുവെന്നാണ് യു.ഡി.എഫിന്റെ മുൻ എം.എൽ.എ. സംസ്ഥാന നേതൃത്വത്തിന് നൽകിയ പരാതിയിൽ പറയുന്നത്. ഹാക്കിങ് തടയാനെന്നുപറഞ്ഞ് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച സ്ഥാനാർഥികൾ തിരഞ്ഞെടുപ്പിൽ പണം നൽകി എത്ര വോട്ടുകൾ വാങ്ങിയെന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും അശ്വിനി പറഞ്ഞു.