'പിണറായി സർക്കാരിന്റെ വിശ്വാസ്യത തകർന്നു, അടുത്ത തിരഞ്ഞെടുപ്പിൽ മത്സരം BJP-യും കോൺഗ്രസും തമ്മിൽ'

കൊച്ചി: പിണറായി സര്‍ക്കാരിന്റെ വിശ്വാസ്യത പൂര്‍ണമായി തകര്ന്നുകഴിഞ്ഞുവെന്നും സമീപകാല രാഷ്ട്രീയ സംഭവങ്ങള്‍ കേരളത്തിലെ സി.പി.എമ്മിന്റെ അടിത്തറ തകര്‍ന്നെന്ന് വ്യക്തമാക്കുന്നതാണെന്നും ബി.ജെ.പി. സംസ്ഥാന പ്രഭാരിയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവഡേക്കർ. കൊച്ചിയില്‍ ബി.ജെ.പി. സംസ്ഥാനതല മെമ്പര്‍ഷിപ്പ് കാമ്പയിന് വിലയിരുത്തല്‍ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്വന്തം മുന്നണിയിലെ സ്വന്തം പാര്‍ട്ടി പിന്തുണ നല്കി ജയിപ്പിച്ച എം.എല്‍.എയുടെ ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഗുഢാലോചന എന്നല്ലാതെ കൃത്യമായ മറുപടി പറയാന്‍ കഴിയാതെ പകച്ചുനില്‍ക്കുകയാണ് പിണറായി വിജയനും സി.പി.എം. നേതൃത്വവുമെന്നും അദ്ദേഹം ആരോപിച്ചു.
35 വര്‍ഷം പാര്‍ട്ടി തുടര്‍ച്ചയായി ഭരിച്ച പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥയിലേക്കാണ് കേരളത്തിലെ പാര്‍ട്ടി പോകുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും കോണ്‍ഗ്രസ്സും തമ്മിലാകും മത്സരം. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 40 ലക്ഷത്തോളം വോട്ടുകള്‍ ബി.ജെ.പി. നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന് നേടാന്‍ കഴിഞ്ഞു. കോണ്‍ഗ്രസ്സ് മുന്നണിയെ തോല്പിച്ച് ബി.ജെ.പി. കേരളത്തിലും ചരിത്രം സൃഷ്ടിക്കുമെന്ന് ജാവഡേക്കർ പറഞ്ഞു.
അതേസമയം, പിണറായി സര്‍ക്കാരും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ഏറ്റവും വലിയ പ്രതിസന്ധിയെയാണ് നേരിടുന്നതെന്നും പാര്‍ട്ടിയും ഭരണവും കൊള്ളക്കാരുടെയും അഴിമതിക്കാരുടെയും കൈപ്പിടിയിലാണെന്നും സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു. ഈ സര്‍ക്കാരിന് രാഷ്ട്രീയമായോ ധാര്‍മികമായോ നിലനില്ക്കാന് കഴിയാതെയായിരിക്കുന്നു. പിണറായി സര്‍ക്കാര്‍ രാജിവെച്ച് തിരഞ്ഞെടുപ്പു നടത്താന്‍ തയ്യാറാകണമെന്ന് കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു. പരിപാടിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്.
Content Highlights: BJP Pinarayi government Credibility prakash javadekar