മിഷൻ 2029: അയ്യങ്കാളി, ശ്രീനാരായണഗുരു ജയന്തികൾ ആഘോഷിക്കാൻ ബി.ജെ.പി; കേരളത്തിൽനിന്ന് എട്ട് എം.പിമാർ ടാർഗറ്റ്

കൊല്ലം: ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ബി.ജെ.പി. തയ്യാറാക്കിയ മിഷൻ 2029 കർമപദ്ധതിയിൽ അയ്യങ്കാളി, ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളും. ബൂത്ത് കമ്മിറ്റികൾ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്രനേതൃത്വം നിർദേശിച്ച നാലു പരിപാടികൾക്കു പുറമേയാണ് അടുത്ത വർഷങ്ങളിൽ ശ്രീനാരായണഗുരുവിന്റെയും അയ്യങ്കാളിയുടെയും ജയന്തി ആഘോഷങ്ങൾ പാർട്ടി നേരിട്ടു നടത്താൻ നിർദേശിച്ചിരിക്കുന്നത്.
ബി.ജെ.പി. സ്ഥാപകദിനാഘോഷം, ദീനദയാൽ ജയന്തി, അംബേദ്കർ ജയന്തി ആഘോഷങ്ങൾ, ശ്യാമപ്രസാദ് ബലിദാൻ ദിവസ് എന്നിങ്ങനെ നാലു പരിപാടികളാണ് കേന്ദ്രനേതൃത്വം തീരുമാനിച്ചത്. ഇതിനുപുറമേ എല്ലാ സംസ്ഥാനനേതൃത്വങ്ങളും രണ്ട് ആഘോഷങ്ങൾ കണ്ടെത്താൻ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി കേരളഘടകമാണ് അയ്യങ്കാളി, ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങൾകൂടി തീരുമാനിച്ചത്.
മിഷൻ 2029 സംബന്ധിച്ച ചർച്ചകൾക്കായി എട്ടിന് തിരുവനന്തപുരത്ത്, ബി.ജെ.പി. സംസ്ഥാന ഭാരവാഹി യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ ലോക്‌സഭാ ഇൻചാർജുമാരെ നിശ്ചയിക്കും. പുതിയ മേഖലാ ഭാരവാഹികളെ തീരുമാനിക്കാനും സാധ്യതയുണ്ട്. കേരളത്തിൽനിന്ന് ആറുമുതൽ എട്ടുവരെ ലോക്‌സഭാ സീറ്റുകൾ നേടണമെന്ന ടാർഗറ്റാണ് കേന്ദ്രനേതൃത്വം നൽകിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപ് മണ്ഡലപുനർനിർണയം വരുമെന്നും കേരളത്തിൽ 30 സീറ്റുകളുണ്ടാകുമെന്നുമുള്ള വിലയിരുത്തലിലാണ് ഈ ടാർഗറ്റ് നിശ്ചയിച്ചത്. നിലവിലുള്ള വോട്ടിനു പുറമേ, സംസ്ഥാനത്ത് 30 ലക്ഷം അധിക വോട്ടുകൾ നേടണമെന്നും പറഞ്ഞിട്ടുണ്ട്.
എല്ലാ ബൂത്ത് കമ്മിറ്റികളിലും പട്ടികജാതി, സ്ത്രീ, ന്യൂനപക്ഷം തുടങ്ങി വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നതാണ് മറ്റൊരു നിർദേശം. ഓരോ പോളിങ് ബൂത്തിലും യുവാക്കളെയും വനിതകളെയും ഉൾപ്പെടുത്തി 10 പേരടങ്ങുന്ന ‘നാമോ ആർമി ടാസ്‌ക് ഫോഴ്‌സ്’ രൂപവത്കരിക്കും. പട്ടികജാതി-വർഗ, ഒ.ബി.സി. വിഭാഗങ്ങളിലെ വോട്ടർമാരെയും മുതിർന്ന പൗരന്മാരെയും പാർട്ടിയിലേക്കടുപ്പിക്കാൻ പ്രത്യേക പരിപാടികളും ആസൂത്രണംചെയ്യുമെന്നാണ് അറിയുന്നത്.
Content Highlights: BJP central leadership launched 'Mission 2029' targeting 6 to 8 Lok Sabha seats from Kerala. Party's Kerala state unit decided to conduct Ayyankali and Sree Narayana Guru Jayanti celebrations. State office bearers meeting scheduled in Thiruvananthapuram to appoint Lok Sabha constituency in-charges. Strategy aims for 30 lakh additional votes and establishing a 10-member 'NAMO Army Task Force' in each booth. Target set anticipating constituency delimitation increasing Kerala's Lok Sabha seats to 30