അഴിക്കുള്ളിൽ ഇന്ന് കൗൺസിലറുടെ സത്യപ്രതിജ്ഞ, കേരളചരിത്രത്തിൽ ആദ്യം, BJP-ക്ക് താത്കാലികാശ്വാസം

തിരുവനന്തപുരം: വിവാദങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കുമിടെ ചൊവ്വാഴ്ച വിയ്യൂർ ജയിലിൽ വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതൻ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി. ഭരണസമിതിക്ക് താത്കാലികമായി ആശ്വസിക്കാം. നേരിയ ഭൂരിപക്ഷത്തിൽ മുന്നോട്ടുപോകുന്ന ബി.ജെ.പി. ഭരണസമിതിക്ക് രാഷ്ട്രീയസാന്ത്വനം നൽകുന്നതാണ് ഹൈക്കോടതി വിധി.
സുഗതൻ ഉൾപ്പെടെ 20 ബി.ജെ.പി. കൗൺസിലർമാരുടെ സത്യപ്രതിജ്ഞ നിയമപരമായി നിലനിൽക്കില്ലെന്ന് ചുണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കുകയും ഇവരെക്കൊണ്ട് പുനഃസത്യപ്രതിജ്ഞ ചെയ്യിക്കുകയും ചെയ്തിരുന്നു. കാപ്പ കേസിൽ ജയിലിലായിരുന്ന സുഗതന് സത്യപ്രതിജ്ഞ ചെയ്യാനുമായില്ല. കോടതി പറഞ്ഞിരുന്ന സമയത്തിനുള്ളിൽ പുനഃസത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ സുഗതന്റെ അംഗത്വം നഷ്ടമാകുമെന്ന സാഹചര്യത്തിലാണ് ബി.ജെ.പി. നിയമപ്പോരാട്ടം നടത്തിയത്. ഒടുവിൽ കേരള രാഷ്ട്രീയ ചരിത്രത്തിൽതന്നെ അപൂർവതയായി ജയിലിനുള്ളിൽവെച്ച് സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതി അനുവാദം നൽകുകയായിരുന്നു. ജയിലിൽ കിടന്നുകൊണ്ട് തിരഞ്ഞെടുപ്പിൽ മത്സരിച്ച സംഭവങ്ങളുണ്ടെങ്കിലും ഒരു ജനപ്രതിനിധി ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ്.
ചൊവ്വാഴ്ച 11-ന് വിയ്യൂർ ജയിൽ സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന സുഗതന്റെ സത്യപ്രതിജ്ഞയിൽ മേയർ വി.വി.രാജേഷും കോർപ്പറേഷൻ സെക്രട്ടറിയുമടക്കം കുറച്ചുപേർ മാത്രമേ പങ്കെടുക്കൂ. ഇതോടെ സത്യപ്രതിജ്ഞാ പ്രശ്‌നം പരിഹരിക്കപ്പെടുമെങ്കിലും ബി.ജെ.പി. ഭരണസമിതി പൂർണ ആശ്വാസത്തിലല്ല. ജയിലിൽ തുടരുന്നതിനാൽ കൗൺസിൽ യോഗങ്ങളിൽ ഹാജരാകാൻ കഴിയാതിരിക്കുന്നത് ഭാവിയിൽ സുഗതന്റെ അംഗത്വത്തിന് ഭീഷണിയാകും. തുടർച്ചയായി മൂന്നു കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തില്ലെങ്കിൽ അംഗത്വം നഷ്ടമാകുമെന്നാണ് ചട്ടം. ജയിലിൽ ആയതിനുശേഷം നടന്ന രണ്ടു യോഗങ്ങളിൽ ഇദ്ദേഹത്തിന് പങ്കെടുക്കാൻ കഴിഞ്ഞിട്ടുമില്ല. അടുത്ത കൗൺസിൽ യോഗം എന്നാണെന്ന് തീരുമാനിച്ചിട്ടില്ല.
സുഗതൻ കൊടും ക്രിമിനലാണെന്നും പുറത്തുവിടാൻ ആകില്ലെന്നുമുള്ള കടുത്ത നിലപാടിലാണ് സംസ്ഥാന സർക്കാർ. എന്നാൽ ഒരു കൗൺസിലറും അയോഗ്യരാകില്ലെന്നും രാഷ്ട്രീയ എതിരാളികൾ പ്രതീക്ഷിക്കുന്നതുപോലെ ഒന്നും സംഭവിക്കില്ലെന്നും മേയർ വി.വി.രാജേഷ് പറഞ്ഞു. എല്ലാവരും കാലാവധി തികയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.