BJP-യിലെത്തിയ ബിപിൻ സി. ബാബുവിന് കായംകുളത്ത് സ്ഥാനാർഥിത്വം?; CPM-ലെ അസംതൃപ്തരെ ഒപ്പംകൂട്ടാൻ നീക്കം

കായംകുളം (ആലപ്പുഴ): സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ പത്തിയൂരില്‍നിന്നു വളര്‍ന്നുവന്ന ബിപിന്‍ സി. ബാബു ഒടുവില്‍ ബി.ജെ.പി.യില്‍ എത്തിയതോടെ സി.പി.എമ്മിലെ അസംതൃപ്തരെ ഒപ്പംകൂട്ടി ശക്തി തെളിയിക്കാനാകും ഇനിയുള്ള ശ്രമം. ഇതിനു തടയിടാന്‍ പാര്‍ട്ടിയും മുന്നിട്ടിറങ്ങും. പാര്‍ട്ടി നടപടിക്കു മുന്‍പുവരെ പാര്‍ട്ടിയുടെ യുവജനമുഖമായിരുന്നു. നിലവില്‍ കൃഷ്ണപുരം ഡിവിഷനില്‍നിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ്. ഇതു രാജിവെക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു വര്‍ഷമില്ലാത്തതിനാല്‍ രാജിവെച്ചാലും ഉപതിരഞ്ഞെടുപ്പു നടക്കാന്‍ സാധ്യത കുറവ്. കഴിഞ്ഞദിവസം നടന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലും ബിപിന്‍ പങ്കെടുത്തിരുന്നു. എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം, സി.പി.എം. കായംകുളം ഏരിയ സെന്റര്‍ അംഗം, 2015-2018 വര്‍ഷത്തില്‍ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അമ്മ കെ.എല്‍. പ്രസന്നകുമാരി സി.പി.എം. ഏരിയ കമ്മിറ്റി അംഗവും 20 വര്‍ഷത്തോളം ജനപ്രതിനിധിയുമായിരുന്നു.
ബലാബലത്തിനുള്ള ഉപതിരഞ്ഞെടുപ്പ്
ബിപിന്‍ സി. ബാബു ബി.ജെ.പി.യില്‍ ചേര്‍ന്നതോടെ 10-നു നടക്കുന്ന പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് ബലാബലത്തിനുള്ള ഗോദയായി മാറും. പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ശക്തിതെളിയിക്കാന്‍ ബിപിന്‍ തന്ത്രങ്ങള്‍ പയറ്റും. ബിപിനു സ്വാധീനമുള്ള വാര്‍ഡിലാണ് ഉപതിരഞ്ഞെടുപ്പ്. ഇതിനു തടയിടാന്‍ പാര്‍ട്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങും. പഞ്ചായത്ത് അംഗം മരിച്ചതിനെത്തുടര്‍ന്നാണ് ഇവിടെ ഒഴിവുവന്നത്. കഴിഞ്ഞതവണ സി.പി.എം. 54 വോട്ടിനാണ് വിജയിച്ചത്. 531 വോട്ട് ലഭിച്ചു. കോണ്‍ഗ്രസിന് 477 വോട്ടും ബി.ജെ.പി.ക്ക് 406 വോട്ടും ലഭിച്ചിരുന്നു.
വിവാദം, സസ്പെന്‍ഷന്‍, തിരിച്ചുവരവ്
#പ്രത്യേക ലേഖകന്‍
ആലപ്പുഴ: രണ്ടുവര്‍ഷത്തോളമായി സി.പി.എമ്മുമായി അകന്നും പിന്നീട് അടുത്തും കഴിഞ്ഞശേഷമാണ് ബിപിന്‍ സി. ബാബു പാര്‍ട്ടിവിട്ട് ബി.ജെ.പി.യില്‍ ചേരുന്നത്. ഇദ്ദേഹത്തിനെതിരേ പാര്‍ട്ടിയംഗം കൂടിയായ ഭാര്യ ഗാര്‍ഹികപീഡന പരാതി പാര്‍ട്ടിക്കു നല്‍കിയതോടെയാണു വിവാദങ്ങളില്‍പ്പെട്ടത്.
പാര്‍ട്ടി ഇടപെട്ടായിരുന്നു ഇവരുടെ വിവാഹം. രണ്ടുവര്‍ഷം മുന്‍പ് വ്യക്തിപരമായ ചില ആരോപണങ്ങളുന്നയിച്ച് ബിപിന്റെ ഔദ്യോഗിക വാഹനം ഭാര്യ വഴിയില്‍ തടഞ്ഞുനിര്‍ത്തി. ഗാര്‍ഹികപീഡന പരാതി പാര്‍ട്ടിക്കു നല്‍കുകയും ചെയ്തു. ഇതോടെ കുടുംബപ്രശ്‌നം പാര്‍ട്ടിവിഷയമായി. ആരോപണം അന്വേഷിച്ച പാര്‍ട്ടി ആറുമാസത്തേക്കു സസ്പെന്‍ഡ് ചെയ്തു. കായംകുളം ഏരിയ കമ്മിറ്റിയംഗമായിരുന്നു അപ്പോള്‍. ജില്ലാപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടിയും വന്നു.
നടപടിയുടെ കാലാവധി കഴിഞ്ഞിട്ടും ബിപിനെ ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് എടുത്തതില്‍ ബിപിന്‍ അസ്വസ്ഥനായിരുന്നു. വിഭാഗീയതമൂലം തനിക്കു പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കു പരാതി നല്‍കുകയും ചെയ്തു.
ബിപിന്റെ അമ്മ കെ.എല്‍. പ്രസന്നകുമാരി ഏരിയ കമ്മിറ്റിയംഗമാണ്. ഏരിയ കമ്മിറ്റിയില്‍നിന്നു രാജിവെക്കുകയാണെന്നുകാണിച്ച് പ്രസന്നകുമാരിയും നേരത്തേ പാര്‍ട്ടിക്കു കത്തു നല്‍കിയിരുന്നു. എന്നാല്‍, മന്ത്രി സജി ചെറിയാന്‍ വീട്ടിലെത്തി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയതോടെ രണ്ടുപേരും പാര്‍ട്ടി പരിപാടികളില്‍ സജീവമായി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിപിന്‍ പ്രചാരണത്തിനിറങ്ങുകയും ചെയ്തു.
ബിപിന്‍ പാര്‍ട്ടിവിടുമെന്ന് സി.പി.എം. പ്രതീക്ഷിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പു കാലത്ത് അതുണ്ടാകരുതെന്ന് അവര്‍ ആഗ്രഹിച്ചതാണ് അനുനയിപ്പിക്കാന്‍ കാരണം.
ഈവര്‍ഷം ഏപ്രിലില്‍ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് ബിപിന്‍ പാര്‍ട്ടിയെ ഞെട്ടിച്ച് ഒരു ആരോപണമുന്നയിച്ചത്. 2001-ലെ നിയമസഭാതിരഞ്ഞെടുപ്പു കാലത്ത് കരീലക്കുളങ്ങരയില്‍ സത്യന്‍ എന്ന ഓട്ടോറിക്ഷാത്തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയത് പാര്‍ട്ടി ആലോചിച്ചാണെന്നായിരുന്നു ആരോപണം.
കൊല്ലപ്പെടുമ്പോള്‍ സത്യന്‍ കോണ്‍ഗ്രസിന്റെയും ഐ.എന്‍.ടി.യു.സി.യുടെയും സജീവപ്രവര്‍ത്തകനായിരുന്നു. മുന്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനുമായിരുന്നു സത്യന്‍. പാര്‍ട്ടി നടപ്പാക്കിയ കൊലപാതകത്തില്‍ നിരപരാധിയായ താന്‍ ജയിലില്‍ക്കിടന്നുവെന്നും ബിപിന്‍ ആരോപിച്ചു. ബിപിന്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായവരെ 2006-ല്‍ കോടതി വെറുേതവിട്ടു.
ഇക്കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പില്‍ കായംകുളം നിയമസഭാപരിധിയില്‍ സി.പി.എം. മൂന്നാമതായിരുന്നു. ബി.ജെ.പി.യാണ് രണ്ടാമതെത്തിയത്. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലെല്ലാം വോട്ടു ചോര്‍ച്ചയുണ്ടായി. വോട്ടുകളുടെ സാമുദായികധ്രുവീകരണവും ഇതിനു കാരണമായി. അടുത്തതവണ ഇവിടെ ബി.ജെ.പി. സ്ഥാനാര്‍ഥിയാകാന്‍ ബിപിന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണു സൂചന.
ബിപിന്‍ പാര്‍ട്ടിവിട്ടത് നടപടി നേരിട്ടതിനാല്‍- സി.പി.എം. ജില്ലാ സെക്രട്ടറി
ആലപ്പുഴ: ബിപിന്‍ സി. ബാബു പാര്‍ട്ടിവിട്ടത് അച്ചടക്ക നടപടിയെത്തുടര്‍ന്നാണെന്ന് സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍. വിഭാഗീയത കാരണമല്ല അദ്ദേഹം പോയത്. സ്വഭാവദൂഷ്യം സംബന്ധിച്ച് ഭാര്യ നല്‍കിയ പരാതിയില്‍ പാര്‍ട്ടി അന്വേഷണം നടത്തിയിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തി. തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്നു മാറ്റിനിര്‍ത്തി. ഇവരെ ഒരുമിച്ചു കൊണ്ടുപോകുന്നതിനും സി.പി.എമ്മിലേക്കു തിരികെ കൊണ്ടുവരുന്നതിനുമുള്ള നടപടി സ്വീകരിച്ചുവരുമ്പോഴാണ് ബി.ജെ.പി.യിലേക്കു പോയത്. വന്നവഴി മറന്ന് പ്രവര്‍ത്തിച്ചത് തെറ്റായിപ്പോയി. സി.പി.എമ്മിന്റെ മതേതത്വം നഷ്ടമായെന്നു പറഞ്ഞ് ബിപിന്‍ പോയത് ആര്‍.എസ്.എസ്. നയിക്കുന്ന പാര്‍ട്ടിയിലേക്കാണെന്നും നാസര്‍ പറഞ്ഞു.
ആരോപണങ്ങള്‍ അടിസ്ഥാനരഹിതം-സി.പി.എം. ഏരിയ കമ്മിറ്റി
കായംകുളം: തന്റെ കുറ്റങ്ങളെ ന്യായീകരിക്കാനും വെള്ളപൂശാനുമാണ് രാഷ്ട്രീയമാറ്റത്തിലൂടെ ബിപിന്‍ സി. ബാബു ശ്രമിക്കുന്നതെന്ന് സി.പി.എം. കായംകുളം ഏരിയ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. പാര്‍ട്ടിയില്‍നിന്ന് അച്ചടക്കനടപടിക്കു വിധേയനായി നില്‍ക്കുന്നയാളാണ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചതായി പറയുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ പ്രവര്‍ത്തനങ്ങളിലടക്കം ഒരു പരിപാടികളിലും കഴിഞ്ഞ ഒന്നരവര്‍ഷക്കാലമായി പങ്കെടുത്തിട്ടില്ല. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അച്ചടക്കനടപടി എടുത്തത്. കുടുംബജീവിതത്തില്‍ പൊതുപ്രവര്‍ത്തകനു യോജിക്കാത്ത നടപടികളാണ് ബിബിന്‍ സി. ബാബുവിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഏരിയ കമ്മിറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു.
Content Highlights: bipin c babu quits cpm joins bjp