സി.പി.എം. വിട്ട് ബി.ജെ.പി.യിൽ ചേർന്ന ബിപിൻ സി. ബാബുവിനും അമ്മയ്ക്കുമെതിരേ ജാമ്യമില്ലാ കേസ്

ബിപിൻ സി. ബാബു | Photo:Facebook/bipin.cbabu
ബിപിൻ സി. ബാബു | Photo:Facebook/bipin.cbabu

കായംകുളം: ബി.ജെ.പി.യിൽ ചേർന്ന മുൻ സി.പി.എം. നേതാവ് ബിപിൻ സി. ബാബുവിനും അമ്മ സി.പി.എം. കായംകുളം ഏരിയ കമ്മിറ്റിയംഗം കെ.എൽ. പ്രസന്നകുമാരിക്കുമെതിരേ ബിപിന്റെ ഭാര്യയുടെ പരാതിയിൽ കരീലക്കുളങ്ങര പോലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു. സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി ഡി.വൈ.എഫ്.ഐ. നേതാവുകൂടിയായ ഭാര്യ മിനീസാ ജബ്ബാർ പരാതിയിൽ പറയുന്നു.

ഭാരതീയന്യായസംഹിത 84, 323, 34 വകുപ്പുകൾ പ്രകാരമാണ് കേസ്. 2013 -ൽ ആയിരുന്നു ബിപിന്റെയും മിനീസയുടെയും രജിസ്റ്റർ വിവാഹം. പത്തുലക്ഷം രൂപ സ്ത്രീധനമായി വാങ്ങിയെന്നും പിന്നീട്, കൂടുതൽ പണം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും പറയുന്നു. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ചോദ്യംചെയ്തതിന് തേപ്പുപെട്ടി ഉപയോഗിച്ച് മർദിച്ചെന്നും പരാതിയിലുണ്ട്.

മിനീസാ ജബ്ബാർ ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗവും സി.പി.എം. കരീലക്കുളങ്ങര ലോക്കൽ കമ്മിറ്റിയംഗവുമാണ്. നേരത്തേ, ഇവർ സി.പി.എം. ജില്ലാ സെക്രട്ടറിക്കും ഗാർഹികപീഡന പരാതി നൽകിയിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പരാതി ചർച്ചയായതിനെത്തുടർന്ന് ഏരിയ കമ്മിറ്റി യോഗം ചേർന്ന് ബിപിൻ സി. ബാബുവിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപായി തിരിച്ചെടുത്തെങ്കിലും ബ്രാഞ്ച് കമ്മിറ്റിയിലാണ് ഉൾപ്പെടുത്തിയത്. ഇതിൽ ബിപിൻ അസ്വസ്ഥനായിരുന്നു. ജില്ലാപ്പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും നിലവിൽ ജില്ലാപ്പഞ്ചായത്തംഗവുമായ ബിപിൻ, രണ്ടുദിവസം മുൻപാണ് ബി.ജെ.പി.യിൽ ചേർന്നത്.

Content Highlights: Police case against Bipin C. Babu