കൂട്ടുകാരന്റെ വേർപാടിന്റെ വേദനയിൽനിന്നുയർന്ന് ജലശുദ്ധീകരണ സ്റ്റാർട്ടപ്പ്

തൃശ്ശൂർ: കെട്ടിക്കിടന്ന വെള്ളത്തിലൂടെ പടർന്ന ഷിഗല്ല കൂട്ടുകാരന്റെ ജീവനപഹരിച്ചപ്പോഴാണ് പരിഹാരം തേടി കെ.വി. സുനിലും എം.ജെ. വിൻസെന്റും രംഗത്തെത്തിയത്. ഓക്സിജനെ നിയന്ത്രിത ഓക്സീകരണപ്രക്രിയയ്ക്കു വിധേയമാക്കി ജലശുദ്ധീകരണത്തിനുപയോഗിക്കുന്ന സാങ്കേതികവിദ്യയുടെ സഹായം തേടി. ആക്ടോക്സ് എന്നു പേരിട്ട സാങ്കേതികവിദ്യ ജലാശയങ്ങിൽ പരീക്ഷിച്ചു. ക്ലോറിൻ ഉൾപ്പെടെയുള്ള പരമ്പരാഗത രാസ അണുനശീകരണരീതികൾക്കു പകരമായുള്ള ഈ വിദ്യയ്ക്ക് വിവിധയിടങ്ങളിൽനിന്ന് പ്രോത്സാഹനം കിട്ടിയതോടെ ഇരുവരും ചേർന്ന് സ്റ്റാർട്ടപ്പ് ആരംഭിച്ചു. തൃശ്ശൂർ പുഴയ്ക്കലിലെ വ്യവസായവകുപ്പിന്റെ വ്യവസായപാർക്കിലാണ് ബയോസ്വിംടെക് ഇന്നവേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ സംരംഭമുള്ളത്.
ഒരു പദാർഥം ഓക്സിജനുമായി ചേരുകയോ ഇലക്ട്രോൺ നഷ്ടപ്പെടുകയോ ചെയ്യുന്ന രാസപ്രക്രിയയാണ് ഓക്സീകരണം.
കമ്പനിയുടെ പ്രധാന ഉത്പന്നമായ ബയോസ്വിം ഡെപ്യൂറേറ്റർ ജലത്തിലെ ബാക്ടീരിയ, വൈറസ്, അമീബ, ഷിഗല്ലെ, കോളിഫോം തുടങ്ങിയ രോഗകാരികളായ സൂക്ഷ്മജീവികളെ നശിപ്പിക്കും. കോഴിക്കോട്ടെ ഗവ. എൻജിനിയറിങ് കോളേജിൽനിന്ന് കെമിക്കൽ എൻജിനിയറിങ്ങിൽ ബിരുദം നേടിയ സുനിൽ മാനാഞ്ചിറ കുടിവെള്ളപദ്ധതിയുടെ ഭാഗമായി കോഴിക്കോട് കോർപറേഷനുവേണ്ടിയാണ് ഡെപ്യുറേറ്ററിന്റെ ആദ്യരൂപം വികസിപ്പിച്ചത്. കോവിഡ്കാലത്ത് തൃശ്ശൂരിലെ ആശുപത്രികൾ, മാളുകൾ, ഹോട്ടലുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ വായുവും ജലവും ശുദ്ധീകരിക്കാൻ സാങ്കേതികവിദ്യയുടെ പ്രാരംഭരൂപങ്ങൾ ഉപയോഗപ്പെടുത്തി അംഗീകാരം നേടിയിരുന്നു. തുടർന്നുള്ള ഗവേഷണങ്ങളിലൂടെയാണ് നിലവിലെ സ്റ്റാർട്ടപ്പിലേക്കെത്തിയത്. എം.ജെ. വിൻസെന്റ് എം.ബി.എ.യ്ക്കു േശഷമാണ് സംരംഭത്തിലേക്ക് തിരിഞ്ഞത്.
ആലപ്പുഴ–കുമരകം ബോട്ട്സർവീസിന്റെ ഭാഗമായി കേരള ടൂറിസം ഡിവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷന്റെ മലിനജലസംസ്കരണത്തിനായി എട്ടരക്കോടി രൂപയുടെ പ്ലാന്റ് സജ്ജീകരിച്ചതും ഇവരാണ്. കുടിവെള്ളശുദ്ധീകരണം, മലിനജലസംസ്കരണം, വ്യാവസായിക ജലസംസ്കരണം തുടങ്ങിയ മേഖലകളിൽ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് കുറഞ്ഞ ചെലവിൽ ബയോസ്വിം ഡെപ്യുറേറ്റർ സ്ഥാപിച്ചുനൽകുന്നുണ്ട്. കേരളത്തിലെ എല്ലാ ആശുപത്രികളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും കുറഞ്ഞ ചെലവിൽ ഇവ സ്ഥാപിച്ചുകൊടുക്കാനുള്ള നീക്കത്തിലാണ് സംരംഭകർ.
Content Highlights: Developed 'Actox' oxygen-based water purification technology as an alternative to chlorine., Founded Bioswim Innovasyon Pvt Ltd in Thrissur to combat waterborne pathogens like Shigella and E. coli., Engineered the Bioswim Depurator for drinking water and wastewater treatment across Kerala., Successfully executed projects including the KTDC Alappuzha-Kumarakom sewage treatment plant.