ഭാരതപ്പുഴയ്ക്ക് നടുവിലുള്ള അടിക്കാടുകൾക്ക് തീപിടിച്ചു; കൂടുതൽ ഭാഗത്തേക്ക് ആളിപ്പടരുന്നു

കൂറ്റനാട്(പാലക്കാട്): ജില്ലാ അതിർത്തിയായ ആറങ്ങോട്ടുകരയുടെ സമീപത്തായി ദേശമംഗലം പഞ്ചായത്തിലെ പള്ളത്തും സമീപപ്രദേശങ്ങളിലും ഭാരതപ്പുഴയുടെ നടുഭാഗത്ത് അടിക്കാടുകൾക്ക് തീപിടിച്ചു. പള്ളത്തിന്റെയും ഷൊർണൂർ മുണ്ടായ ഭാഗത്തിന്റെയും ഇടയിലേക്കാണ് തീപടരുന്നത്. നദിയുടെ നടുവിലായുള്ള അടിക്കാടുകളിലാണ് തീ ആളിപ്പടരുന്നത്.
തിങ്കളാഴ്ച രാത്രി ഏഴര മണിയോടെയാണ് തീ ആളിക്കത്തുന്ന നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചു. എന്നാൽ, സംഭവം നടന്ന പ്രദേശത്തേക്ക് വാഹനങ്ങൾ എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ളതിനാൽ രക്ഷാപ്രവർത്തനം പ്രയാസകരമാണെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാരും പൊതുപ്രവർത്തകരും ചേർന്ന് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. തീ കൂടുതൽ വ്യാപിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം പ്രദേശവാസികൾ ഉന്നയിച്ചിട്ടുണ്ട്.
ആവാസ വ്യവസ്ഥക്ക് അപകടം വരുത്തുന്ന രീതിയിൽ ഇടയ്ക്കിടെ ഇവിടെ തീ പടരുന്നുണ്ട്. സംഭവത്തിൽ സാമൂഹ്യദ്രോഹികളുടെ പങ്കുണ്ടെന്നും പുഴയ്ക്ക് സമീപം ഇത്തരം സംഭവങ്ങൾ തുടരുന്നതിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ പറയുന്നു.