പുലിവാലായി ബെവ്‌കോയിലെ പ്ലാസ്റ്റിക് കുപ്പി; എതിർപ്പുമായി ജീവനക്കാരും; ദിവസവേതനത്തിന് നിയമനം

കണ്ണൂര്‍: പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് അധികവില ഈടാക്കുന്ന പദ്ധതിയെച്ചൊല്ലി ഉപഭോക്താക്കള്‍ക്കൊപ്പം ബെവറജസ് കോര്‍പ്പറേഷന്‍ ജീവനക്കാരും ഇടയുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലെ വില്പനശാലകളില്‍ നടപ്പാക്കിയ പദ്ധതിയെത്തുടര്‍ന്ന് ഉപഭോക്താക്കളും ജീവനക്കാരും തമ്മില്‍ വാക്തര്‍ക്കവും സംഘര്‍ഷവും ഉടലെടുത്തതോടെയാണ് ജീവനക്കാരുെട സംഘടനകള്‍ തീരുമാനത്തിനെതിരേ തിരിഞ്ഞത്. പിന്‍വാതിലിലൂടെ മദ്യവില വര്‍ധിപ്പിക്കുകയാണ് ചെയ്തതെന്ന് ബെവ്‌കോ എംപ്ലോയീസ് അസോസിയേഷന്‍ (ഐഎന്‍ടിയുസി) ആരോപിക്കുന്നു. സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി മാത്രമേ പദ്ധതി നടപ്പാക്കാവൂ എന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ബെവറജസ് കോര്‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ (സിഐടിയു) മാനേജിങ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി.
കുടുംബശ്രീ പ്രവര്‍ത്തകരെ കുപ്പി ശേഖരിക്കാനായി നിയമിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും അതുണ്ടായിട്ടില്ല. പകരം ദിവസവേതനാടിസ്ഥാനത്തില്‍ ഷോപ്പുകളില്‍ ആളെ നിയമിച്ചുതുടങ്ങി. ഇവര്‍ രാവിലെ 10 മുതല്‍ രാത്രി ഒന്‍പതുവരെ ജോലിചെയ്യണം. മിനിമം കൂലിയായ 710 രൂപ കൂടാതെ എട്ടുമണിക്കൂറിലധികം ജോലി ചെയ്യുന്നതിന്റെ അലവന്‍സായി 420 രൂപയും ചേര്‍ത്ത് 1,130 രൂപ ഇവര്‍ക്ക് നല്‍കും.
സെപ്റ്റംബര്‍ 10-നാണ് കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലെ 20 വില്പനശാലകളില്‍ പ്ലാസ്റ്റിക് കുപ്പികളിലുള്ള മദ്യത്തിന് അളവ് വ്യത്യാസമില്ലാതെ 20 രൂപ വര്‍ധിപ്പിച്ചത്. മദ്യവിലയ്ക്കുള്ള ബില്ലിനുപുറമേ 20 രൂപയുടെ സ്ലിപ്പ് നല്‍കും. കുപ്പിക്ക് മുകളില്‍ വില്പനശാലയുടെ പേരുള്ള സ്റ്റിക്കര്‍ പതിക്കുകയും ചെയ്യും. വാങ്ങിയ ഷോപ്പില്‍ കുപ്പി തിരിച്ചെത്തിച്ചാല്‍ 20 രൂപ തിരിച്ചുകിട്ടും. പ്ലാസ്റ്റിക് നിര്‍മാര്‍ജനം ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും ഇതിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല.
സ്ലിപ്പ് നല്‍കലും സ്റ്റിക്കര്‍ പതിക്കലും തിരിച്ചെത്തുന്ന കുപ്പി വാങ്ങി പണം തിരികെ നല്‍കലും എല്ലാമായതോടെ ജീവനക്കാര്‍ നട്ടം തിരിയുകയാണ്. പലയിടത്തും ഉപഭോക്താക്കള്‍ വാക്തര്‍ക്കത്തിലേര്‍പ്പെടാനും തുടങ്ങി. ആയിരക്കണക്കിന് പ്ലാസ്റ്റിക് കുപ്പികള്‍ വില്‍ക്കുന്ന ഷോപ്പുകളില്‍ ഓരോന്നിനും 20 രൂപ പ്രത്യേകം ഈടാക്കി രശീത് കൊടുക്കുന്നത് അപ്രായോഗികമാണെന്ന് ജീവനക്കാരുടെ സംഘടനകള്‍ പറയുന്നു.
വില്ക്കുന്നതിന്റെ ചെറിയ ശതമാനം പ്ലാസ്റ്റിക് കുപ്പികള്‍ മാത്രമാണ് രണ്ടുദിവസം കഴിഞ്ഞിട്ടും തിരിച്ചെത്തുന്നത്. പയ്യന്നൂരിലെ ഷോപ്പില്‍ 353 കുപ്പികളാണ് വ്യാഴാഴ്ച തിരിച്ചെത്തിയത്. അയ്യായിരത്തോളം പ്ലാസ്റ്റിക് കുപ്പികളാണ് ഇവിടെ ദിവസേന വില്‍ക്കുന്നത്. സമാനമാണ് മറ്റിടങ്ങളിലെയും സ്ഥിതി. തിരിച്ചെത്തിക്കുന്ന കുപ്പികള്‍ സൂക്ഷിക്കുന്നതും പ്രയാസമായിത്തുടങ്ങിയിട്ടുണ്ട്.
നിര്‍ത്തിവെക്കണമെന്ന് ഷോപ്പ് ചുമതലക്കാര്‍
പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് അധിക വില ഈടാക്കുന്ന പദ്ധതി താത്കാലികമായെങ്കിലും നിര്‍ത്തിവെക്കണമെന്ന് കണ്ണൂര്‍ ജില്ലയിലെ ഷോപ്പുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍. ബെവ്കോ എംഡിയുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് ആവശ്യം ഉന്നയിച്ചത്.
ഷോപ്പുകളുടെ പരിസരത്ത് പരസ്യ മദ്യപാനം കാരണം പൊറുതി മുട്ടിയെന്നും വനിത ജീവനക്കാരോട് ചിലര്‍ മോശമായി പെരുമാറുന്നുവെന്നും കാണിച്ചാണ് പരാതി.
Content Highlights: Bevco employees and customers clash over extra charges for plastic liquor bottles