ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് റെയ്ഡ്: അഞ്ച് കോടി പിടിച്ചു, വിദേശ സഹായമായെത്തിയത്‌‌ 6000 കോടി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി : ബിലീവേഴ്‌സ് ചര്‍ച്ചിന്റേത് വന്‍ സാമ്പത്തിക കുംഭകോണമെന്ന് ആദായ നികുതിവകുപ്പിന്റെ കണ്ടെത്തല്‍. ഡല്‍ഹിയിലും കേരളത്തിലുമായി കണക്കില്‍പ്പെടാത്ത അഞ്ച് കോടിയോളം രൂപയാണ് പിടിച്ചെടുത്തത്. 5 വര്‍ഷത്തിനുള്ളില്‍ വിദേശ സഹായവുമായി എത്തിയത് 6000 കോടിയെന്നാണ് ആദായ നികുതിവകുപ്പിന്റെ പ്രാഥമിക നിഗമനം.

വിദേശസഹായ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ തന്നെ ഏറ്റവും വലിയ കുംഭകോണമെന്നാണ് ബിലീവേഴ്‌സ് ചര്‍ച്ചുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ച് ആദായ വകുപ്പ് പറയുന്നത്. ഇന്നലെ രാവിലെ മുതല്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പ്രധാന ഓഫീസുകളിലും സ്ഥാപനങ്ങളിലുമൊക്കെ നടത്തുന്ന റെയ്ഡ് ഇപ്പോഴും തുടരുകയാണ്.  

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 6000 കോടി രൂപ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ട്രസ്റ്റുകള്‍ക്ക് വിദേശത്ത് നിന്ന് കിട്ടിയെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. ചാരിറ്റിക്കായി സ്വീകരിക്കുന്ന വിദേശ സഹായം അതിനായി തന്നെ ഉപയോഗിക്കണമെന്നും കണക്കുകള്‍ സർക്കാരിനു നല്‍കണമെന്നുമാണ് നിയമം പറയുന്നത്. എന്നാല്‍ ചാരിറ്റിയുടെ പേരില്‍ കൈപറ്റിയ തുക റിയല്‍ എസ്‌റ്റിമേറ്റ് മേഖലയിലെല്ലാമാണ് ബിലീവേഴ്‌സ് ചര്‍ച്ച്‌ നിക്ഷേപിച്ചിരിക്കുന്നത് എന്നാണ് കണ്ടെത്തൽ. കണക്കുകള്‍ നല്‍കിയതിലും വലിയ പൊരുത്തക്കേടുണ്ട്. 

ഇതെല്ലാം കൊണ്ടു തന്നെ വിദേശത്ത് നിന്ന് സഹായം ലഭ്യമാക്കാനുള്ള ബിലീവേഴ്സ് ചർച്ചിന്റെ ലൈസന്‍സ് റദ്ദാക്കപ്പെടാൻ സാധ്യതയുണ്ട്. ഡല്‍ഹിയിലെ ഓഫീസില്‍ നിന്ന് മൂന്നേമുക്കാല്‍ കോടി രൂപയും കേരളത്തിലെ ഓഫീസുകളില്‍ നിന്ന് ഒന്നേകാല്‍ കോടി രൂപയുമാണ് കണക്കില്‍പ്പെടാത്തതായി പിടിച്ചെടുത്തത്.

57 ലക്ഷം രൂപയോളം വാഹനത്തില്‍ നിന്നും ബാക്കിയുള്ളത് വിവിധ ഓഫീസുകളില്‍ നിന്നുമാണ് കണ്ടെത്തുന്നത്. ഉദ്യോഗസ്ഥര്‍ ഇപ്പോഴും റെയ്ഡ് തുടരുകയാണ്.

content highlights: Believers Church scam

Content Highlights: