യാത്രക്കാർക്കൊപ്പം പൂവും ഇലക്‌ട്രോണിക്സ്‌ ഉപകരണങ്ങളും കുത്തിനിറച്ച് യാത്ര; ബെംഗളൂരു ബസ്സിന് 10,000 രൂപ പിഴ

#ന്യൂസ് ഡെസ്ക്
ബെംഗളൂരു-തിരുവനന്തപുരം ബസ് ഹരിപ്പാട്ട് മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് അധികൃതർ തടഞ്ഞപ്പോൾ
ബെംഗളൂരു-തിരുവനന്തപുരം ബസ് ഹരിപ്പാട്ട് മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് അധികൃതർ തടഞ്ഞപ്പോൾ

ആലപ്പുഴ: ദീപാവലി സീസണായതിനാൽ ടിക്കറ്റിന് അമിതനിരക്കു നൽകിയിട്ടും യാത്രക്കാരുടെ സാധനങ്ങൾ സൂക്ഷിക്കാൻ ഇടംനൽകാതെ ബുദ്ധിമുട്ടിച്ച അന്തസ്സംസ്ഥാന ബസ് മോട്ടോർവാഹന വകുപ്പ് പിന്തുടർന്ന് പിടികൂടി. ബെംഗളൂരു-തിരുവനന്തപുരം റൂട്ടിലോടുന്ന എ വൺ ബസ് ശനിയാഴ്ച ഉച്ചയോടെ ഹരിപ്പാട്ടുവെച്ചാണ് ആലപ്പുഴ എൻഫോഴ്‌സ്‌മെന്റ് അധികൃതർ പിടികൂടിയത്. നിയമലംഘനത്തിന് 10,000 രൂപ പിഴയീടാക്കി ബസ് വിട്ടു.

ബെംഗളൂരുവിൽനിന്നു വെള്ളിയാഴ്ച അഞ്ചോടെ പുറപ്പെടേണ്ട ബസ് രണ്ടുമണിക്കൂർ വൈകിയാണ് വിട്ടത്. ശനിയാഴ്ച രാവിലെ ഏഴിന് തിരുവനന്തപുരത്തെത്തേണ്ടതായിരുന്നു. ഉച്ചയായിട്ടും ആലപ്പുഴ ജില്ല പിന്നിട്ടിരുന്നില്ല. തമിഴ്‌നാട്ടിലെ വിവിധ കേന്ദ്രങ്ങളിൽനിന്നു പൂവും ഇലക്‌ട്രോണിക്സ്‌ ഉപകരണങ്ങളും കയറ്റാനായാണ് ബസ് ആദ്യം വൈകിയത്. പിന്നീട്, യാത്രയിൽ പലയിടങ്ങളിലായി ഈ സാധനങ്ങളിറക്കി. ഇതോടെ വീണ്ടും വൈകി.

യാത്രക്കാരുടെ സാധനങ്ങൾ സീറ്റിനടിയിൽ സൂക്ഷിക്കാനാണ് ജീവനക്കാർ നിർദേശിച്ചത്. സഹികെട്ട യാത്രക്കാർ ട്രാൻസ്പോർട്ട്‌ കമ്മിഷണർ സ്പർജൻ കുമാറിനെ ഫോണിൽ വിവരമറിയിച്ചു. ബസ് പരിശോധിക്കാൻ ആലപ്പുഴയിലെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം ആർ.ടി.ഒ. എം.ജി. മനോജിന് കമ്മിഷണർ നിർദേശം നൽകി. തുടർന്ന്, മനോജും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷിബു, എ.എം.വി.ഐ.മാരായ സുനിൽകുമാർ, പ്രവീൺ രാജ്, സുജിത്ത് എന്നിവരുമടങ്ങുന്ന സംഘം ബസ് പിന്തുടർന്ന് പിടികൂടി.

ഇത്തരം നിയമലംഘനം വ്യാപകമാണെന്ന് ആക്ഷേപമുണ്ടെന്നും പരിശോധന ശക്തമാക്കുമെന്നും ആർ.ടി.ഒ. പറഞ്ഞു.

Content Highlights: Motor Vehicle Department officers intercepted an inter-state Bangalore-Trivandrum bus in Haripad and imposed a Rs 10,000 fine for overloading the passenger cabin with flowers and electronic goods, causing severe delays.