രണ്ടാമതും തീകൊടുത്തപ്പോൾ പൊട്ടിത്തെറിച്ചു; യൂട്യൂബിൽ നോക്കിയുള്ള പരീക്ഷണം ദുരന്തമായി

#ന്യൂസ് ഡെസ്ക്
പടക്കം പൊട്ടിത്തെറിച്ച് അപകടമുണ്ടായ സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു
പടക്കം പൊട്ടിത്തെറിച്ച് അപകടമുണ്ടായ സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു

അഴീക്കോട്: ‘വീടിന്റെ കോലായയിൽ ഇരിക്കുമ്പോഴാണ് കുട്ടികളുടെ ഉറക്കെയുള്ള ശബ്ദം കേട്ടത്. മൈതാനത്ത് കളിക്കുന്നതിനിടെ ഇത്തരം ബഹളങ്ങൾ കേൾക്കാറുണ്ടെങ്കിലും പിന്നീട് അത് കൂട്ടക്കരച്ചലായി.’ അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കംപൊട്ടി എട്ടുവയസ്സുകാരൻ അമാൻ മരിക്കുകയും മൂന്ന് കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം ആദ്യംകണ്ട, അഗ്നിരക്ഷാസേനയിലെ റിട്ട. ഉദ്യോഗസ്ഥൻ ടി.മുസ്തഫയുടെ വാക്കുകളാണിത്.

നിലവിളി കേട്ടത് വീടിന് തൊട്ടടുത്തുള്ള മൈതാനത്ത് നിന്നായിരുന്നു. കളിക്കിടെ റോഡിലേക്ക് ഫുട്ബോൾ തെറിച്ചുവീഴാതിരിക്കാൻ മൈതാനത്തിന്റെ നാലുഭാഗവും വലകെട്ടിയിരുന്നു. മൈതാനത്തിന്റെ മധ്യത്തിലായി അമാൻ രക്തത്തിൽ കുളിച്ചുകിടക്കുന്നു. സുഹൃത്തുകളുടെ കൈകാലുകളിൽനിന്ന്‌ രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു. അമാന്റെ കഴുത്തിലൂടെ രക്തം പുറത്തേത്ത് ഒഴുകി. അമാനെ വാരിയെടുത്ത് റോഡിലിറങ്ങിയെങ്കിലും മുസ്തഫയുടെ കൈകാലുകൾ തളർന്നു. ഇതിനിടയിൽ നാട്ടുകാരെത്തി ഓട്ടോയിൽ നാലുപേരെയും കയറ്റിപ്പോകുന്നതിനിടെ വിവരമറിയിച്ചതിനെത്തുടർന്നെത്തിയ ആംബുസലൻസിൽ വഴിയിൽ വെച്ച്‌ കയറ്റി ആസ്പത്രിയിലേക്ക് കുതിച്ചു. ഈ സമയത്ത് കൈകാലുകൾ തളർന്ന് റോഡരികിൽ കുഴഞ്ഞിരിക്കുകയായിരുന്നു മുസ്തഫ. വേനലവധിക്ക്‌ സ്കൂൾ അടച്ചത് മുതൽ പന്ത് കളിയുൾപ്പെടെ കുട്ടികൾ തിരക്കായിരുന്നു. ഒരാഴ്ചയിലധികമായി മൈതാനത്ത് സ്ഥിരമായി പടക്കം പൊട്ടിക്കുന്നതായി പ്രദേശത്തുള്ള കുട്ടികൾ പറഞ്ഞു.

യൂട്യൂബിൽ നോക്കിയുള്ള പരീക്ഷണം മരണത്തിലേക്ക്

ഉത്സവപ്പറമ്പിലും മറ്റും വർണവിസ്മയം തീർക്കുന്ന പടക്കങ്ങൾ പൊട്ടുന്നത് കുട്ടികൾക്ക് എന്നും അദ്‌ഭുതമായിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളിലൂടെ കുട്ടികൾ നിരീക്ഷിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണം നടത്തിയത്. ആഘോഷങ്ങളിലും മറ്റും അന്തരീക്ഷത്തിൽ വർണക്കടലാസുകുൾ പറത്തിവിടാൻ ഉപയോഗിക്കുന്ന കുഴലുപോലുള്ള പോപ്പറിനകത്ത് പ്രദേശത്തുനിന്ന് ശേഖരിച്ച പടക്കങ്ങളുടെ വെടിമരുന്ന് കുത്തിനിറച്ചത്. പടക്കത്തിന്റെ പുറംചട്ടകൾ പൊളിച്ചുമാറ്റി അതിനകത്തെ വെടിമരുന്ന് പോപ്പറിൽ നിറച്ച് ചെങ്കല്ലിന്റെ ഇടയിലിട്ട് ഉറപ്പിച്ചുനിർത്തി മൈതാനത്ത് പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും ആദ്യപരീക്ഷണം പരാജയപ്പെട്ടു. രണ്ടാമതും തീ കൊടുത്തപ്പോഴാണ് വൻശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.

പടക്കം ഉറപ്പിച്ചുനിർത്തിയ ചെങ്കൽച്ചീളുകളും കത്തിയുയർന്ന വെടിമരുന്നും അമാന്റെ മുഖത്തും കഴുത്തിലും തെറിച്ചു. പൊട്ടിത്തെറിച്ച പടക്കത്തിന്റെ അവശിഷ്ടങ്ങൾ പ്രദേശത്ത് ചിന്നിച്ചിതറി കിടക്കുന്നുണ്ട്. ഇതിന് മുൻപ് വെടിമരുന്ന് കൂട്ടിയിട്ട് കത്തിച്ചിട്ടുണ്ടായിരുന്നുവെന്ന് പ്രദേശത്തുള്ള വിദ്യാർഥി പറഞ്ഞു.

Content Highlights: 8-year-old boy named Aman died due to a homemade firecracker explosion in Azhikode., Three other children sustained injuries during the incident., The explosion was caused by experiments inspired by YouTube videos., Children filled firecracker gunpowder into a party popper tube., The incident highlights the dangers of unsupervised experiments with explosives.