ആറ്റുകാൽ പൊങ്കാല: മേയർക്ക് തിരിച്ചടി; ഇരുമ്പ് അടുപ്പ് പാരമ്പര്യരീതിക്ക് വിരുദ്ധം, പ്രായോഗികമല്ലെന്നും ക്ഷേത്ര ട്രസ്റ്റ്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ അടുപ്പ് ചുടുകട്ടയിൽനിന്ന് ഇരുമ്പ് അടുപ്പിലേക്ക് മാറ്റണമെന്ന മേയറുടെ നിർദേശം പാരമ്പര്യരീതിക്ക് വിരുദ്ധമാണെന്നും പ്രായോഗികമല്ലെന്നും ക്ഷേത്രട്രസ്റ്റ് സെക്രട്ടറി വി.എൽ. വിനോദ് അറിയിച്ചു. ഇരുമ്പ് അടുപ്പ് വിതരണം ചെയ്യാമെന്നു പറഞ്ഞ് ചിലർ ട്രസ്റ്റിനെ സമീപിച്ചിരുന്നെങ്കിലും നിരസിക്കുകയായിരുന്നു.
ഇതിനെ പ്രോത്സാഹിപ്പിക്കാനോ നിർബന്ധിക്കാനോ സാധ്യമല്ല. മുൻപ് മൺകട്ടയാണ് പൊങ്കാലയ്ക്ക് ഉപയോഗിച്ചിരുന്നത്. ചുടുകട്ടയുപയോഗിച്ച് അടുപ്പൊരുക്കാനും മൺകലങ്ങളിൽ പൊങ്കാലയർപ്പിക്കാനുമാണ് ഭക്തർക്കും താത്പര്യം. പൊങ്കാലസമർപ്പണത്തിനുശേഷം ഇവ നീക്കം ചെയ്യാനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാകണം മേയർ പുതിയ നിർദേശം വെച്ചത്.
എന്നാൽ, പൊങ്കാലയ്ക്കുശേഷം കോർപ്പറേഷൻ ചുടുകട്ടകൾ ശേഖരിക്കുകയായിരുന്നു പതിവ്. ഇവ പിന്നീട് സാധുക്കളുടെ വീടുനിർമാണത്തിനായി നൽകിയിരുന്നു. ഇത്തവണയും ഈ രീതി തുടരുമെന്നാണ് കരുതുന്നത്.
50 രൂപയാണ് കഴിഞ്ഞ കൊല്ലങ്ങളിൽ ചുടുകട്ടയ്ക്ക് വാങ്ങിയിരുന്നത്. ഇരുമ്പ് അടുപ്പാകുമ്പോൾ 150 രൂപയോളം വിലയുയരും. നഗരസഭയുടെ നേതൃത്വത്തിൽ ഇരുമ്പ് അടുപ്പ് വിൽക്കാൻ ശ്രമിച്ചാൽ ആവശ്യമുള്ളവർ വാങ്ങട്ടെയെന്ന നിലപാടാണ് ട്രസ്റ്റിനുള്ളതെന്നും സെക്രട്ടറി അറിയിച്ചു.
ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ഏത് മാറ്റങ്ങൾ കൊണ്ടുവരുന്നതും ക്ഷേത്രപ്രതിനിധികളുമായുള്ള ചർച്ചയ്ക്കുശേഷം മാത്രമായിരിക്കണമെന്ന് യു.ഡി.എഫ്. പാർലമെന്ററി പാർട്ടിനേതാവ് കെ.എസ്. ശബരീനാഥൻ വ്യക്തമാക്കി. പൊങ്കാലയ്ക്ക് ചുടുകല്ലിന് പകരം ഇരുമ്പ് അടുപ്പ് ഉപയോഗിക്കാനുള്ള നിർദേശം ഏകപക്ഷീയമാണ്. വിഷയത്തിൽ കൂടുതൽ ചർച്ച വേണമെന്നും അദ്ദേഹം അറിയിച്ചു.
ആറ്റുകാൽ പൊങ്കാല അടുപ്പിന്റെ കാര്യത്തിൽ ക്ഷേത്രതന്ത്രിയും ട്രസ്റ്റുമാണ് തീരുമാനിക്കേണ്ടതെന്നും കോർപ്പറേഷൻ അനാവശ്യമായി ഇക്കാര്യത്തിൽ ഇടപെടില്ലെന്നും മേയർ വി.വി. രാജേഷ് വ്യക്തമാക്കി. അവലോകനയോഗത്തിൽ പൊതുവായി വന്ന അഭിപ്രായമാണ് മാധ്യമങ്ങളോട് പങ്കുവെച്ചത്.
അടുപ്പുമാറ്റത്തിൽ ഇടപെടാനോ അത് നടപ്പാക്കാനോ കോർപ്പറേഷൻ ഉദ്ദേശിക്കുന്നില്ല. ട്രസ്റ്റിന്റെ തീരുമാനത്തിന് അനുകൂലമായ നടപടികൾ കോർപ്പറേഷന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും പൊങ്കാല ഉത്സവത്തിന് പതിവുള്ള തയ്യാറെടുപ്പുകൾ നടത്തുമെന്നും മേയർ അറിയിച്ചു.
Content Highlights: The proposal to switch from traditional clay stoves to iron stoves for the Attukal Pongala festival is deemed impractical and against tradition by the temple trust, which prefers the existing method. The mayor's suggestion to use iron stoves was likely due to the difficulty of removing clay stoves post-festival, but the corporation traditionally collects and repurposes them for housing projects. Any changes to the festival practices should involve discussions with temple representatives, and the corporation does not intend to enforce the stove change, supporting the trust's decisions instead.