കണ്ണൂരില്‍ ഗര്‍ഭിണിയെ വെട്ടിക്കൊല്ലാന്‍ ശ്രമം; കഴുത്തില്‍ വെട്ടേറ്റു, ഭര്‍ത്താവ് ഒളിവില്‍

#സികെ വിജയന്‍/മാതൃഭൂമി ന്യൂസ്
ഷൈനേഷും ഭാര്യയും. photo: mathrubhumi news|screen grab
ഷൈനേഷും ഭാര്യയും. photo: mathrubhumi news|screen grab

കണ്ണൂര്‍: ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. കണ്ണൂരിലാണ് സംഭവം. കഴുത്തിന് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ പനയത്താംപറമ്പില്‍ തറമ്മല്‍ പ്രിമ്യയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴ് മാസം ഗര്‍ഭിണിയാണ് പ്രിമ്യ. അക്രമത്തിന് ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് ഷൈനേഷിനെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. 

വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കുറച്ചുകാലമായി ഭര്‍ത്താവുമായി സ്വരച്ചേര്‍ച്ചയില്‍ ആയിരുന്നില്ലെന്ന് പ്രിമ്യ, ചക്കരക്കല്‍ പോലീസിന് മൊഴി നല്‍കി. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പ് പ്രിമ്യ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനുപിന്നാലെ ഷൈനേഷും മാതാവും ചേര്‍ന്ന് പ്രിമ്യയെ തിരികെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി. ഇതിനുശേഷവും പ്രശ്‌നങ്ങള്‍ തുടര്‍ന്നു. ഇതോടെ പ്രിമ്യ വീണ്ടും പനയത്താംപറമ്പിലുള്ള വീട്ടിലേക്ക് പോന്നു. ഇതിനിടയിലാണ് വ്യാഴാഴ്ച ഉച്ചയോടെ ഷൈനേഷ് വീട്ടിലെത്തി കത്തി ഉപയോഗിച്ച് പ്രിമ്യയുടെ കഴുത്തിന്റെ മുന്‍ഭാഗത്ത് ആഴത്തില്‍ മുറിവേല്‍പ്പിച്ചത്. 

പരിക്കേറ്റ പ്രിമ്യയെ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് ഉടന്‍തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയിലുള്ള പ്രിമ്യ അപകടനില തരണം ചെയ്തുവെന്നാണ് വിവരം.

content highlights: attempt to kill pregnant wife in kannur

Content Highlights: