മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലെ തടഞ്ഞുവെക്കൽ മുതൽ 315-ാം മുറിയിലെ ഫോൺവിളി വരെ; ഷുക്കൂർ കേസിന്റെ നാൾവഴികൾ

അരിയിൽ ഷുക്കൂർ | ഒന്നാംപ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രന്‍, 9-ാം പ്രതി മനോഹര്‍, 10-ാം പ്രതി ദിനേശന്‍, 12-ാം പ്രതി ബിജുമോന്‍, 15-ാം പ്രതി ഷിജിന്‍ മോഹന്‍
അരിയിൽ ഷുക്കൂർ | ഒന്നാംപ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രന്‍, 9-ാം പ്രതി മനോഹര്‍, 10-ാം പ്രതി ദിനേശന്‍, 12-ാം പ്രതി ബിജുമോന്‍, 15-ാം പ്രതി ഷിജിന്‍ മോഹന്‍

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ ശിക്ഷിക്കപ്പെട്ടവരിൽ 28-ാം പ്രതിയായ പി.പി. സുരേശൻ പട്ടുവം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ്. ഒന്നാംപ്രതി കെ.വി. സുമേഷ് ഡി.വൈ.എഫ്.ഐ. കണ്ണപുരം മേഖല കമ്മിറ്റി അംഗമാണ്. സംഭവം നടക്കുമ്പോഴും സി.പി.എം. പ്രാദേശികനേതാവാണ് സുമേഷ്.

മൂന്നാംപ്രതി അനൂപ്‌ ഡി.വൈ.എഫ്.ഐ. കണ്ണപുരം മേഖലാ കമ്മിറ്റി അംഗമാണ്. ഡി.വൈ.എഫ്.ഐ. കണ്ണപുരം ഈസ്റ്റ് യൂണിറ്റ് സെക്രട്ടറിയാണ് 10-ാംപ്രതി മൈന ദിനേശൻ. 12-ാം പ്രതി ബിജുമോൻ സി.പി.എം. തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയായിരുന്ന വാടി രവിയുടെ മകനാണ്. കണ്ണപുരം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ് 15-ാം പ്രതി ഷിജിൻ മോഹൻ. സംഭവസമയത്ത് സി.പി.എം. അരിയിൽ ലോക്കൽ സെക്രട്ടറിയായിരുന്ന യു.വി. വേണുവിനെ കോടതി കുറ്റവിമുക്തനാക്കി.

യൂത്ത് ലീഗ് പ്രവർത്തകൻ പുതിയാറമ്പത്ത് അബ്ദുൽ ഷുക്കൂർ (23) കൊല്ലപ്പെട്ട് 14 വർഷത്തിനു ശേഷമാണ് കേസിൽ വിധി വരുന്നത്. 

കുറ്റപത്രത്തിൽനിന്ന്

ക്രിക്കറ്റ് കളിക്കിടയിൽ പരിക്കേറ്റ കൂട്ടുകാരനെയും കൊണ്ട് ആസ്പത്രിയിലേക്ക് പോകുകയായിരുന്നു ഷുക്കൂറും സക്കരിയയും അടങ്ങുന്ന സംഘം. വള്ളുവൻകടവ് കടന്നുപോകുകയായിരുന്ന ഇവരെ ഒരുസംഘം സി.പി.എം. പ്രവർത്തകർ പിന്തുടർന്നു. സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജനെയും ടി.വി. രാജേഷ് എം.എൽ.എ.യെയും പട്ടുവത്ത് ആക്രമിച്ചവരാണ് ഇവരെന്ന് തെറ്റിദ്ധരിച്ചായിരുന്നു അത്. അപകടം മനസ്സിലാക്കിയ അഞ്ചുപേരും അടുത്തുണ്ടായിരുന്ന മുഹമ്മദ് കുഞ്ഞിയുടെ വീട്ടിൽ കയറി. പിന്തുടർന്നെത്തിയ സംഘം ഇവരെ വളഞ്ഞു. ഉച്ചയ്ക്ക് 12.30 മുതൽ രണ്ടുവരെ തടഞ്ഞുവെച്ചു. അതിനിടെ 11-ാം പ്രതി സി.പി.എം. മൊറാഴ ലോക്കൽ കമ്മിറ്റിയംഗം ചേവോൻ നാരോത്ത് മോഹനൻ എത്തി പേരും വിലാസവും എഴുതിയെടുത്തു. പത്താം പ്രതി മൈന ദിനേശൻ വീട്ടിനുള്ളിൽനിന്ന് ഇവരുടെ ചിത്രം മൊബൈലിൽ പകർത്തി.

ലീഗ് പ്രവർത്തകരെ അരിയിലിൽ തടഞ്ഞുവെച്ചിട്ടുണ്ടെന്ന വിവരം തളിപ്പറമ്പ് സഹകരണ ആസ്പത്രിയിലുണ്ടായിരുന്ന സി.പി.എം. നേതാക്കളെ ചിലർ അറിയിച്ചു. പട്ടുവത്ത് ആക്രമിക്കപ്പെട്ടതിനെ തുടർന്ന് പി. ജയരാജനെയും ടി.വി. രാജേഷിനെയും ആ ആസ്പത്രിയിലെ 315-ാം മുറിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ആസ്പത്രി പരിസരത്തുണ്ടായിരുന്ന സി.പി.എം. മുള്ളൂൽ ലോക്കൽ കമ്മിറ്റിയംഗം പി.പി. സുരേശൻ, ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗം എ.വി. ബാബു, അരിയിൽ ബ്രാഞ്ച് സെക്രട്ടറി കെ. ബാബു എന്നിവർ തടഞ്ഞുവെക്കപ്പെട്ട ലീഗ് പ്രവർത്തകർക്ക് ’പണി’ കൊടുക്കണമെന്ന് തീരുമാനിക്കുന്നു. ജില്ലാ സെക്രട്ടറിയെ ആക്രമിച്ചവരാണോ അരിയിലിൽ തടഞ്ഞുവെക്കപ്പെട്ടവരെന്ന് ഉറപ്പാക്കാൻ അവരെ അറിയുന്ന മേഖലയിലെ ബ്രാഞ്ച് സെക്രട്ടറിയെന്ന നിലയിൽ കെ. ബാബുവിനോട് മറ്റ് രണ്ടുപേരും നിർദേശിച്ചു. എന്നാൽ, വേണുവേട്ടൻ (അരിയിൽ ലോക്കൽ സെക്രട്ടറി യു.വി. വേണു) പറഞ്ഞാൽ മാത്രമേ താൻ പോകുകയുള്ളൂവെന്ന് ബാബു പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ അവർ മുകളിലത്തെ നിലയിലുള്ള 315-ാം മുറിയിലേക്ക് പോയി. അവിടെ പി. ജയരാജനും ടി.വി. രാജേഷിനും ഒപ്പമായിരുന്നു യു.വി. വേണു ഉണ്ടായിരുന്നത്. വേണുവിനോട് കാര്യം പറഞ്ഞ് അദ്ദേഹത്തിന്റെ നിർദേശപ്രകാരം ബാബു അരിയിലേക്ക് പോയി. ആസ്പത്രി മുറിയിൽനിന്ന് പുറത്തിറങ്ങുമ്പോൾ യു.വി. വേണു അവരോട് വിളിച്ചു പറഞ്ഞു-’അവർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ കൈകാര്യം ചെയ്തേക്കൂ’. ജയരാജന്റെയും രാജേഷിന്റെയും സാന്നിധ്യത്തിലായിരുന്നു അത്.

മൈന ദിനേശൻ പകർത്തിയ ചിത്രങ്ങൾ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിനടുത്തെത്തി കെ. ബാബു ഉറപ്പുവരുത്തി. അതിന് ശേഷം ഷുക്കൂറിനെയും സക്കരിയയെയും ഒഴികെ ബാക്കിയുളളവരെ വിട്ടയച്ചു. തുടർന്ന് ഇരുവരെയും സമീപത്തെ വയലിലേക്ക് കൂട്ടിക്കൊണ്ടുപോയി. അതിനിടെ പല തവണ നേതാക്കൾ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു- കുറ്റപത്രത്തിൽ പറയുന്നു.

ചേര ബ്രാഞ്ച് സെക്രട്ടറി തയ്യിൽ വിജേഷ് എന്ന ബാബു, അരിയിൽ വി. ഉമേശൻ, മുതുവാനിച്ചാലിൽ സി.എ. ലതീഷ്, നടുവിലെ പുരയിൽ ദിനേശൻ എന്ന മൈന ദിനേശൻ, നടുവിെല പുരയിൽ നിധിൻ, നടുവിലെ പുരയിൽ ഷിജിൻ മോഹൻ, കീഴറ ബ്രാഞ്ച് സെക്രട്ടറി പി. പവിത്രൻ എന്നിവരാണ് ഷുക്കൂറിനെയും സക്കരിയയെയും വയലിലേക്ക് കൂട്ടിക്കൊണ്ടുപോയത്. കണ്ണപുരത്ത് നിന്നെത്തിയ ഡി.വൈ.എഫ്.ഐ. നേതാക്കളായ കെ.വി. സുമേഷ്, പി. ഗണേശൻ, പി. അനൂപ്, മോറാഴ പാന്തോട്ടം കെ. പ്രകാശൻ എന്നിവർ വയലിൽ കാത്തുനില്പുണ്ടായിരുന്നു. വയലിലെത്തിയ ഉടൻ അനൂപ് സക്കരിയയുടെ പുറത്ത് വെട്ടി. അതുകണ്ട് ഭയന്ന ഷുക്കൂർ ഓടി. സുമേഷും ഗണേശനും പിന്തുടർന്ന് ഷുക്കൂറിനെ പിടിച്ചു. ഗണേശൻ ഷുക്കൂറിന്റെ വയറ്റിലും സുമേഷ് നെഞ്ചത്തും കുത്തി. വയലിൽ ചോരയൊലിപ്പിച്ചു കിടന്ന ഷുക്കൂർ പരിയാരം മെഡിക്കൽ കോളേജിൽ എത്തിക്കുന്നതിനിടെ മരിച്ചു-കുറ്റപത്രം പറയുന്നു.

സംഭവം നടന്ന് ആറുമാസം പൂർത്തിയായപ്പോഴാണ് 388 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. സാക്ഷിമൊഴികൾ, പ്രതികളുടെ ടെലിഫോൺ രേഖകൾ, തെളിവുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയിരുന്നു.

'ജയരാജനും രാജേഷിനും രക്ഷപ്പെടാനുള്ള വഴിയൊരുങ്ങിയത് ഗൂഢാലോചനക്കേസ് ചുമത്തിയതിനാൽ'

-ഇ.വി. ജയകൃഷ്ണൻ

അരിയിൽ ഷുക്കൂർ വധക്കേസിൽ കൃത്യമായ തെളിവുകളില്ലാതെ ഗൂഢാലോചനാവകുപ്പ് ചുമത്തിയതിനാലാണ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജനും മുൻ എം.എൽ.എ. ടി.വി. രാജേഷും ശിക്ഷിക്കപ്പെടാതെ പോയതെന്ന് കേരള പോലീസ് മുൻ ഉദ്യോഗസ്ഥൻ യു. പ്രേമൻ.

അന്ന് വളപട്ടണം ഇൻസ്‌പെക്ടറായിരുന്ന പ്രേമനാണ് കേസന്വേഷിച്ചതും പ്രതികളെ അറസ്റ്റ് ചെയ്തതും. തളിപ്പറമ്പ് സഹകരണ ആസ്പത്രിയിലെ മുറിയിൽ ജയരജനും രാജേഷമുൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം. എന്നാൽ ഇതു സംബന്ധിച്ച് തെളിവൊന്നും കിട്ടിയിരുന്നില്ലെന്ന് പ്രേമൻ പറയുന്നു.

കൊലനടത്തുന്നതിന് മുൻപ് ആക്രമികൾ ഷുക്കൂറിന്റെ ഫോട്ടോ സഹകരണ ആസ്പത്രിയിലുള്ള നേതാക്കൾക്ക് അയച്ചുകൊടുത്തുവെന്ന് പറയുന്നു. അന്ന് വാട്‌സാപ്പ് ഇല്ല. എം.എം.എസ്. ആയി ഫോട്ടോ അയച്ചുകൊടുക്കണം. കീഴറ വയലിൽ നെറ്റ് വർക്ക് കിട്ടാത്ത ഇടമാണ്. അതുകൊണ്ട് ഈ പറയുന്നതിനൊന്നും തെളിവില്ല.

അതിനാലാണ് ഗൂഢാലോചന വകുപ്പായ 120 ബി ഉൾപ്പെടുത്താതെ, ജയരാജനും രാജേഷിനുമെതിരേ വിവരമറിഞ്ഞിട്ടും മറച്ചുവെച്ചുവെന്ന വകുപ്പ് ഉൾപ്പെടുത്തി 118 ചേർത്തത്. ഈ വകുപ്പ് മാത്രമായിരുന്നെങ്കിൽ പ്രോസിക്യൂഷന് വാദം കൂടുതൽ ശക്തിപ്പെടുത്താനും അതുവഴി ജയരാജനും രാജേഷിനും ശിക്ഷ കിട്ടുകയും ചെയ്യുമായിരുന്നു. സി.ബി.ഐ. 120 ബി ഉൾപ്പെടുത്തിയതോടെ വിചാരണക്കോടതിയിൽ അതു തെളിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല-പ്രേമൻ പറഞ്ഞു.

ആക്രമികൾ അഞ്ചുപേരെ തടഞ്ഞുവെച്ചിട്ടുണ്ടെന്ന വിവരം കിട്ടിയപ്പോൾതന്നെ വളപട്ടണത്തുനിന്ന് കീഴറ വയലിലേക്ക് കുതിക്കുകയായിരുന്നു. ആക്രമികൾ മൂന്നുപേരെ അടിച്ചോടിച്ചുവെന്നും അതിനുശേഷമാണ് ഷുക്കൂറിനെയും സക്കരിയയെയും പിടിച്ചുകൊണ്ടുപോയതെന്നും അവിടെയുള്ളവർ പറഞ്ഞു.

കുത്തേറ്റ സക്കരിയ കുതറിമാറി റോഡിലേക്കോടി രക്ഷപ്പെട്ടു. ഷുക്കൂർ കുതറിമാറിയോടിയത് ചതുപ്പുഭാഗത്തേക്കാണ്. കൊയ്ത്തുകഴിഞ്ഞ പാടത്ത് പച്ചക്കറി വളർന്നിട്ടുണ്ടായിരുന്നു. വരമ്പത്ത് കിടക്കുന്ന ഷുക്കൂറിനെയുമെടുത്ത് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്കു പോയി. നേരത്തേതന്നെ മരിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു. അന്നുതന്നെ സംഭവസ്ഥല മഹസർ തയ്യാറാക്കി അന്വേഷണം തുടങ്ങി. കാസർകോട് ഫയർ‌ സ്റ്റേഷനിലെ ജീവനക്കാരനായിരുന്നു പത്താം പ്രതി അജിത്കുമാർ. ഇയാളെയാണ് ആദ്യം അറസ്റ്റ്‌ ചെയ്തത്. ഒന്നും രണ്ടും മൂന്നും പ്രതികളായ സുമേഷ്, ഗണേഷ്, അനൂപ് എന്നിവരെ അറസ്റ്റ്‌ചെയ്തത് അവസാനമാണ്. അധികം വൈകാതെ കണ്ണൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും തലശ്ശേരിയിലെ വിചാരണക്കോടതിയിലേക്കു മാറ്റുകയും ചെയ്തു. ഇതിനിടെയാണ് സി.ബി.ഐ. അന്വേഷണമുണ്ടായത്.

വീണ്ടും അന്വേഷണം തുടങ്ങിയതോടെ കേസ് നീണ്ടു. പല സാക്ഷികൾക്കും അന്നുണ്ടായ വികാരം പിന്നീടുണ്ടായില്ല. ഇതെല്ലാം കേസിനെ ബാധിച്ചു. എല്ലാവർക്കും ഇരട്ട ജീവപര്യന്തം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇതിപ്പോൾ ഏഴുപേരിലൊതുങ്ങി വലിയ ശിക്ഷ.

അതും ജീവപര്യന്തം മാത്രം. വലിയ നിരാശയുണ്ടെന്നും കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ 'അനുഗ്രഹ'യിൽ വിശ്രമജീവിതം നയിക്കുന്ന പ്രേമൻ പറഞ്ഞു. തിരുവനന്തപുരം വിജിലൻസ് എസ്.പി.യായിരുന്ന പ്രേമൻ മാങ്ങാട്ടുപറമ്പ് കെ.എ.പി. ബറ്റാലിനിൽ കമൻഡാന്റായാണ് വിരമിച്ചത്.

2012 ഫെബ്രുവരി 20:

കണ്ണപുരം കീഴറ വയലിൽ അരിയിൽ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെട്ടു. അന്നത്തെ സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എം.എൽ.എ.യും സഞ്ചരിച്ചിരുന്ന വാഹനം തളിപ്പറമ്പ് അരിയിലിൽ ആക്രമിക്കപ്പെട്ടതിന്റെ തുടർച്ചയായിരുന്നു സംഭവം. പട്ടുവം അരിയിൽ മേഖലയിൽ ലീഗ് ആക്രമണത്തിൽ ഏതാനും സി.പി.എം. പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ആ സ്ഥലം സന്ദർശിക്കാനാണ് ജയരാജനും രാജേഷും എത്തിയത്.

2012 മാർച്ച് 26:

അരിയിൽ ഷുക്കൂർ വധക്കേസിൽ 18 പേരുടെ പ്രതിപ്പട്ടിക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത്, സി.പി.എം. നേതാവും തളിപ്പറമ്പ് നഗരസഭാ മുൻ ചെയർമാനുമായ വാടി രവിയുടെ മകൻ ബിജുമോൻ എന്നിവരും പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നു.

2012 ജൂൺ 12:

ഷുക്കൂർ വധക്കേസിൽ പി. ജയരാജനെ പോലീസ് ചോദ്യം ചെയ്തു.

2012 ജൂലായ് 09:

പി. ജയരാജനെ പോലീസ് രണ്ടാമതും ചോദ്യം ചെയ്തു. നിർണായക വിവരങ്ങൾ ലഭിച്ചുവെന്നും ജയരാജൻ പ്രതിയാകുമെന്നും സൂചന.

2012 ഓഗസ്റ്റ് ഒന്ന്:

ഷുക്കൂർ വധക്കേസിൽ പി. ജയരാജൻ അറസ്റ്റിൽ. കണ്ണൂർ ടൗൺ സി.ഐ. ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴായിരുന്നു അറസ്റ്റ്. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്ന് ജയരാജനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ആക്രമണമുണ്ടായി. റിമാൻഡിലായ ജയരാജന് രണ്ട് പ്രാവശ്യം ജാമ്യം നിഷേധിക്കാനും ആക്രമണം കാരണമായി.

2012 ഓഗസ്റ്റ് 23:

പോലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ യു. പ്രേമനാണ് കുറ്റപത്രം സമർപ്പിച്ചത്.

2012 ഓഗസ്റ്റ് 27:

പി. ജയരാജന് ഹൈക്കോടതി ജാമ്യം.

2012 സെപ്റ്റംബർ 24:

ഷുക്കൂർ വധക്കേസിൽ സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജൻ ഉൾപ്പെടെ 24 പ്രതികൾ കണ്ണൂർ ജെ.എഫ്.സി.എം. ഒന്ന് കോടതിയിൽ ഹാജരായി.

2014 ജനുവരി 02:

ഷുക്കൂറിന്റെ മാതാവ് ആത്തിക്കയുടെ ആവശ്യപ്രകാരം അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ കേസ് സി.ബി.ഐ.യ്ക്ക് കൈമാറാൻ ഉത്തരവിട്ടു. അന്വേഷണം ഏറ്റെടുക്കാൻ സി.ബി.ഐ. തയ്യാറായില്ല. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ആത്തിക്ക ഹൈക്കോടതിയെ സമീപിച്ചു.

2016 ഫെബ്രുവരി 08:

അരിയിൽ ഷുക്കൂർ വധക്കേസ് സി.ബി.ഐ. ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. കോടതിയുടെ പ്രത്യേകാധികാരം വിനിയോഗിച്ച് ജസ്റ്റിസ് ബി. കെമാൽ പാഷയാണ് ഉത്തരവിട്ടത്.

2016 മാർച്ച് 19:

സി.ബി.ഐ. അന്വേഷണ ഉത്തരവിനെതിരേ അപ്പീലുമായി സി.പി.എം. നേതാക്കൾ.

2016 ഏപ്രിൽ 04:

സി.ബി.ഐ. അന്വേഷണം ആരംഭിച്ചു.

2016 ജൂൺ 27:

സി.ബി.ഐ. അന്വേഷണ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. പി. ജയരാജനും ടി.വി. രാജേഷും നൽകിയ അപ്പീൽ പരിഗണിച്ചാണ് വിധി. എന്നാൽ, പിന്നിട് സി.ബി.ഐ. അന്വേഷണത്തിനുള്ള സ്റ്റേ നീക്കി. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു. ഇതിനെതിരേ പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അന്വേഷണത്തിന് സ്റ്റേ ലഭിക്കാത്തതിനാൽ സി.ബി.ഐ. അന്വേഷണം തുടർന്നു.

2019 ഫെബ്രുവരി 11:

പി. ജയരാജനും ടി.വി. രാജേഷിനുമെതിരേ കൊലപാതക ഗൂഢാലോചനക്കുറ്റം ചുമത്തി സി.ബി.ഐ. കുറ്റപത്രം. തളിപ്പറമ്പ് സഹകരണ ആസ്പത്രിയിലെ 315-ാം നമ്പർ മുറിയിൽ ഗൂഢാലോചന നടന്നതെന്നാണ് സി.ബി.ഐ.യുടെ പ്രധാന കണ്ടെത്തൽ.

2024 സെപ്റ്റംബർ 19:

പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പി. ജയരാജനും ടി.വി. രാജേഷും സമർപ്പിച്ച ഹർജി കോടതി തള്ളി.

2024 ഒക്ടോബർ 18:

കേസിലെ പ്രതികൾക്കെതിരേ കോടതി കുറ്റംചുമത്തി.

2025 മേയ് 05:

കൊച്ചിയിലെ പ്രത്യേക സി.ബി.ഐ. കോടതിയിൽ കേസിന്റെ വിചാരണ ആരംഭിച്ചു.

2026 നവംബർ 19:

17 മാസം നീണ്ട വിചാരണയ്ക്കുശേഷം കോടതി വിധി

Content Highlights: Comprehensive timeline of the Ariyil Shukoor murder case from 2012 to the 2026 verdict.