പ്രതിയാക്കിയതില്‍ ഗൂഢാലോചന, തുടരന്വേഷണം വേണം; ഷുക്കൂര്‍ വധത്തില്‍ CBI-യെ സമീപിച്ച് പി. ജയരാജന്‍

ബി.ആര്‍.എം. ഷെഫീര്‍, പി. ജയരാജന്‍ | Photo: Mathrubhumi
ബി.ആര്‍.എം. ഷെഫീര്‍, പി. ജയരാജന്‍ | Photo: Mathrubhumi

കണ്ണൂര്‍: ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സി.പി.എം. നേതാവ് പി. ജയരാജന്‍. കോണ്‍ഗ്രസ് നേതാവ് ബി.ആര്‍.എം. ഷെഫീര്‍ കണ്ണൂരില്‍ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് ആവശ്യം. ആവശ്യമുന്നയിച്ച് ജയരാജന്‍ സി.ബി.ഐ. ഡയറക്ടര്‍ക്ക് കത്തുനല്‍കി. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ ഭീഷണിപ്പെടുത്തയാണ് കേസില്‍ എഫ്.ഐ.ആര്‍. ഇട്ടതെന്നായിരുന്നു ഷെഫീറിന്റെ പ്രസംഗം.

ഷെഫീറിന്റെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പി. ജയരാജന്‍ കത്തിനൊപ്പം കൈമാറിയിട്ടുണ്ട്. തന്നെയടക്കം പ്രതികളാക്കിയതില്‍ ഗൂഢാലോചനയുണ്ട്. ബി.ആര്‍.എം. ഷെഫീറിന്റെ മൊഴിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. പ്രസംഗം നാക്കുപിഴയാണെന്ന് പറഞ്ഞ് ബി.ആര്‍.എം. ഷെഫീര്‍ രംഗത്തെത്തിയിരുന്നു.

നേരായ കാര്യം ചൂണ്ടിക്കാണിച്ച് നല്‍കുന്ന ഹര്‍ജി സത്യസന്ധമായി കൈകാര്യംചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സി.ബി.ഐ. നടപടി സ്വീകരിക്കുമെന്നാണ് വിശ്വാസമെന്നും പി. ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കത്ത് നല്‍കിയത്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സമ്മര്‍ദ്ദം ഉണ്ടായതിനെത്തുടര്‍ന്നാണ് പ്രതിചേര്‍ക്കപ്പെട്ടതെന്ന് നേരത്തെ തന്നെ തങ്ങള്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. അതിന്റെ വസ്തുതകള്‍ അന്നേ കിട്ടിയിരുന്നു. ഇന്ന് അതിന്റെ ഗൂഢാലോചന നടത്തിയവര്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ്. നേരത്തെ മനസിലാക്കിയ കാര്യങ്ങള്‍ ഉറപ്പിക്കുന്നതാണ് കോണ്‍ഗ്രസ് നേതാക്കളുടെ വെളിപ്പെടുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ. സമീപിച്ചതെന്നും കണ്ണൂരില്‍ ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കണ്ണൂര്‍ തളിപ്പറമ്പ് പട്ടുവം അരിയില്‍ പ്രദേശത്തെ എം.എസ്.എഫ്. പ്രാദേശിക നേതാവായിരുന്നു അരിയില്‍ ഷുക്കൂര്‍. 2012 ഫെബ്രുവരി 20-നാണ് ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. കേസില്‍ പി. ജയരാജനും കല്ല്യാശ്ശേരി എം.എല്‍.എയായിരുന്ന ടി.വി. രാജേഷും പ്രതികളാണ്.

ബി.ആര്‍.എം. ഷെഫീര്‍ കണ്ണൂരില്‍ പറഞ്ഞത്:

അരിയില്‍ ഷുക്കൂറിനെ കൊന്നുതള്ളിയപ്പോള്‍ ഈ മനുഷ്യന്‍ എടുത്ത പോരാട്ടം... ഉമ്മയെ ചേര്‍ത്തുപിടിച്ചു. ആ കുടുംബത്ത് പോയി. പോലീസിനെ വിരട്ടി. എഫ്.ഐ.ആര്‍. ഇടീച്ചു. സി.ബി.ഐ.ക്കുവേണ്ടി ഡല്‍ഹിയില്‍ പോയി. നിയമപോരാട്ടം നടത്തി. അഡ്ജസ്റ്റ്മെന്റുകള്‍ക്ക് വഴങ്ങിക്കൊടുക്കാതെ. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ജയരാജനും രാജേഷും പ്രതിയായിട്ടുണ്ടെങ്കില്‍ അതിന്റെ പിറകില്‍ ഈ മനുഷ്യന്റെ വിയര്‍പ്പുണ്ട് എന്നുള്ള കാര്യം നിങ്ങള്‍ ഓരോരുത്തരും അറിയണം.

Content Highlights: ariyil shukoor murder case brm shafeer speech p jayarajan cbi director