മുഖ്യമന്ത്രിയുടെ സെക്രട്ടറി നിയമനം: ഭരണം മാറി, കേൽക്കറുടെ ശത്രുക്കളും

തിരുവനന്തപുരം: ഭരണമാറ്റത്തിൽ പദവി മാറിയതോടെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കറുടെ ‘ശത്രുക്കളും’ മാറിമറിഞ്ഞു. തീവ്രവോട്ടർപട്ടിക പരിഷ്‌കരണവു(എസ്.ഐ.ആർ.)മായി ബന്ധപ്പെട്ട് കോൺഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും വിമർശനം നേരിടേണ്ടിവന്ന കേൽക്കർ ഇപ്പോൾ രണ്ടുകൂട്ടർക്കും പ്രിയപ്പെട്ടവൻ. സെക്രട്ടറിസ്ഥാനത്തെത്തിയതോടെ, ഇടതുപാർട്ടികളാകട്ടെ കേൽക്കറിനെതിരേ തിരിഞ്ഞു.
എസ്.ഐ.ആറിന്റെപേരിൽ ബിഹാറിലും ബംഗാളിലും വോട്ടർപട്ടിക വെട്ടിനിരത്തിയപ്പോഴായിരുന്നു കേരളത്തിലെ രാഷ്ട്രീയകക്ഷികളും ജനങ്ങളും ആശങ്കയിലായത്. എന്നാൽ, സംസ്ഥാനത്തെ സ്ഥിതി അതായിരുന്നില്ല. എല്ലാ ശനിയാഴ്ചകളിലും നടന്ന സർവകക്ഷിയോഗങ്ങളിൽ കേൽക്കർ രാഷ്ട്രീയകക്ഷികളുടെ ആശങ്കയ്ക്കു മറുപടിനൽകി. ബി.ജെ.പി. തിരഞ്ഞെടുപ്പ് ഓഫീസർക്കും കമ്മിഷനും എല്ലാ സംരക്ഷണവുമൊരുക്കി. എസ്.ഐ.ആറിൽ ആർക്കും കാര്യമായി പരിക്കേറ്റതുമില്ല. എന്നാൽ, തിരഞ്ഞടുപ്പുകാലത്ത് കമ്മിഷന്റെ ഔദ്യോഗിക കത്തിൽ ബി.ജെ.പി.യുടെ താമരച്ചിഹ്നം പ്രത്യക്ഷപ്പെട്ടതോടെ കഥമാറി. ഉദ്യോഗസ്ഥർക്കെതിരേ കമ്മിഷൻ നടപടിയെടുത്തു.
ഇടതുസർക്കാരുകളുടെകാലത്ത് സുപ്രധാന പദവികൾ വഹിച്ച ഉദ്യോഗസ്ഥനാണ് കേൽക്കർ. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറാകാനുള്ളവരുടെ പാനലിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയതും പിണറായി സർക്കാർ.
ബംഗാളിൽ എസ്.ഐ.ആറിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെ ബി.ജെ.പി. സർക്കാർ ചീഫ് സെക്രട്ടറിയാക്കിയപ്പോൾ കോൺഗ്രസടക്കമുള്ള പാർട്ടികൾ എതിർത്തിരുന്നു. എസ്.ഐ.ആറിലും വോട്ടെടുപ്പിലും അട്ടിമറി ആരോപിച്ചായിരുന്നു എതിർപ്പ്. ഇതിനിടെയാണ് കേരളത്തിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ സർക്കാരിന്റെ ഭാഗമാക്കിയത്.
നൂറുസീറ്റെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവചനത്തോട് കേൽക്കറുടെ നിയമനത്തെ കൂട്ടിവായിക്കുകയാണ് സി.പി.എം. ബംഗാളിലെ സ്ഥിതിയല്ല കേരളത്തിലെന്നും എസ്.ഐ.ആറിലും തിരഞ്ഞെടുപ്പിലും കേരളത്തിൽ പരാതിയോ അട്ടിമറിയോ ഉണ്ടായിട്ടില്ലെന്നും രത്തൻ കേൽക്കർ മികച്ച ഉദ്യോഗസ്ഥനാണെന്നുമാണ് ഇതിന് സർക്കാരിന്റെ മറുപടി.
ബംഗാളിലൊരു നിലപാട്, കേരളത്തിൽ വേറൊന്ന് -ഇത് കോൺഗ്രസിന്റെ ഇരട്ടത്താപ്പാണെന്നാണ് ബി.ജെ.പി.യുടെ കുറ്റപ്പെടുത്തൽ. രാഹുൽ ഗാന്ധിയും കോൺഗ്രസും മാപ്പുപറയണമെന്നാവശ്യപ്പെടുന്ന ബി.ജെ.പി., 100 സീറ്റ് കിട്ടുമെന്ന് സതീശൻ ഉറപ്പിച്ചുപറഞ്ഞത് കമ്മിഷനുമായുള്ള ഡീലിന്റെ ഭാഗമായിരുന്നോ എന്നും ചോദിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിവാദനയം നടപ്പാക്കിയ ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയത് ജനങ്ങളിൽ സംശയമുണ്ടാക്കുന്നതാണെന്ന് സി.പി.ഐ.യുടെ പരിഭവം.
Content Highlights: appointment of ratan kelkar as secretary to chief minister vd satheesan and controversies