ആന്റോയുടെ ജാമ്യം: ഒറ്റവാക്കിൽ തള്ളി മജിസ്‌ട്രേറ്റ്; ഇന്ന് കോടതിയിൽ ഹാജരാക്കും

സുൽത്താൻബത്തേരി: വീട്ടിൽ അളവിൽക്കവിഞ്ഞ മദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുൽത്താൻബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) തള്ളിയത് ഒറ്റവാക്കിൽ. വ്യാഴാഴ്ച വാദംകേട്ടശേഷം ആന്റോയെ റിമാൻഡുചെയ്ത കോടതി ജാമ്യാപേക്ഷ വെള്ളിയാഴ്ച വിധിപറയാൻ മാറ്റുകയായിരുന്നു.
രാവിലെ കേസ് പരിഗണിച്ചയുടൻ മജിസ്ട്രേറ്റ് അഥീന ബിജു ജാമ്യാപേക്ഷ 'തള്ളിയിരിക്കുന്നു' എന്ന് ഒറ്റവാക്കിൽ അറിയിച്ചു. പ്രോസിക്യൂഷൻ ആന്റോയെ കോടതിയിൽ ഹാജരാക്കുന്നതിനുള്ള പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിക്കുന്നതിന് കോടതിക്ക് അപേക്ഷ നൽകി. ശനിയാഴ്ച 11-ന് ഹാജരാക്കാൻ കോടതി നിർദേശിച്ചു.
ഹാജരാക്കിയശേഷം തെളിവെടുപ്പിനുമറ്റും എക്സൈസ് കസ്റ്റഡിയിൽ ലഭിക്കുന്നതിനുള്ള അപേക്ഷനൽകും. മദ്യം പിടിച്ചെടുത്ത വീട് തന്റെ ഉടമസ്ഥതയിലല്ല, തന്റെ സാന്നിധ്യത്തിലല്ല പരിശോധന നടത്തിയത്, മഹസറിൽ വീഴ്ചകളുണ്ട്, അറസ്റ്റ് നടപടിക്രമങ്ങൾ പാലിക്കാതെയാണ് തുടങ്ങിയവയാണ് പ്രതിഭാഗം വാദത്തിൽ ഉയർത്തിയത്.
ഇവയിൽ പലതും ജാമ്യാപേക്ഷയിൽ വിശദമായി പരിഗണിക്കേണ്ടതല്ലെന്നും വിചാരണവേളയിൽ പരിഗണിക്കേണ്ടതാണെന്നുമായിരുന്നു മജിസ്ട്രേറ്റ് കോടതിയുടെ നിലപാട്. അറസ്റ്റ് നടപടികൾ പാലിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയ കോടതി പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖപ്രകാരം വീട് പ്രതിയുടെ കൈവശമാണെന്ന് പ്രഥമദൃഷ്ട്യാ സൂചനയുണ്ടെന്നും വ്യക്തമാക്കി.
വീടിന്റെ നികുതിയടച്ചതിന്റെ രേഖ ഹാജരാക്കിയും പിടിച്ചെടുത്ത മദ്യത്തിന്റെ ഉത്തരവാദിത്വം ആന്റോയുടേതാണെന്നുമുള്ള വാദങ്ങളിലൂടെയാണ് പ്രതിഭാഗം വാദങ്ങളെ വ്യാഴാഴ്ച എതിർത്തത്.
സ്വാധീനശേഷിയുള്ളയാളും ഒട്ടേറെ കേസുകളിലെ പ്രതിയുമാണെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നുമുള്ള വാദങ്ങൾ കോടതി അംഗീകരിച്ചു.
ശക്തമായി എതിർത്ത് സർക്കാർ
കൊച്ചി: ആന്റോ അഗസ്റ്റിൻ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചപ്പോൾ സർക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. ആസഫലി ശക്തമായി എതിർത്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം സമർപ്പിച്ച അപേക്ഷ ബത്തേരി വിചാരണക്കോടതി ശനിയാഴ്ച പരിഗണിക്കുന്നകാര്യവും ചൂണ്ടിക്കാട്ടി.
തുടർന്നാണ് കൂടുതൽ തെളിവുകൾ ഹാജരാക്കാൻ നിർദേശിച്ച് ഹൈക്കോടതി ഹർജി മാറ്റിയത്. മദ്യം കണ്ടെത്തിയ കെട്ടിടം തന്റെ തല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് ഈ വസ്തു ലേലംചെയ്തിരുന്നു.
ലില്ലി ജോസ് എന്ന വ്യക്തിയാണ് അന്ന് വീട് ലേലത്തിൽ പിടിച്ചതെന്നും വാദിച്ചു. ഉടമസ്ഥാവകാശം തെളിയിക്കാൻ ഹർജിക്കാരൻ കെട്ടിടനികുതിയടച്ച രേഖ പ്രോസിക്യൂഷൻ ഹാജരാക്കി. ലേലവുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റിനാണ് അതിനേക്കാൾ നിയമസാധുതയെന്ന വാദം പ്രതിഭാഗം ഉന്നയിച്ചു.
അനുവദനീയമായ അളവിൽക്കൂടുതൽ മദ്യം കൈവശംവെക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്നും ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് ജാമ്യം തള്ളിയതെന്നും വാദിച്ചു.
Content Highlights: Sulthan Bathery Judicial First Class Magistrate Court rejected Anto Augustine's bail plea., Court noted prima facie evidence that the house was in the accused's possession based on tax receipts., Prosecution and Director General of Prosecution strongly opposed bail in the High Court., Excise department sought production warrant and custody for further investigation.