ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസ്: ഭാര്യാമാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

#ന്യൂസ് ഡെസ്ക്
ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്
ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്

കൽപ്പറ്റ: ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസിൽ ഭാര്യാമാതാവ് ലില്ലി ജോസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി തള്ളി. നിലവിൽ കേസിൽ ഇവർ പ്രതിയല്ലാത്ത സാഹചര്യത്തിലാണ് മുൻകൂർ ജാമ്യാപേക്ഷ കോടതി നിരസിച്ചത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് ഭാവിയിൽ ലില്ലി ജോസിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയാണെങ്കിൽ, അവർക്ക് നോട്ടീസ് നൽകിയശേഷം മാത്രമേ അറസ്റ്റ് നടപടികളിലേക്ക് കടക്കാവൂ എന്ന് കോടതി നിർദേശിച്ചു. പ്രതിഭാഗം അഭിഭാഷകൻ മുന്നോട്ടുവെച്ച ഈ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലുള്ള വീട്ടിൽനിന്ന് അനധികൃത മദ്യം പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് ലില്ലി ജോസ് മുൻകൂർ ജാമ്യം തേടി സെഷൻസ് കോടതിയെ സമീപിച്ചത്. ഈ വീട് തന്റെ പേരിലല്ലെന്നും ലില്ലി ജോസ് എന്നയാളുടെ പേരിലാണെന്നും വിചാരണക്കോടതിയിലും ഹൈക്കോടതിയിലും മുൻപ് ആന്റോ അഗസ്റ്റിൻ വാദിച്ചിരുന്നു. ബാങ്ക് ജപ്തി നടപടികൾക്ക് ശേഷമാണ് വീട് അവർക്ക് നൽകിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. 

കേസന്വേഷണത്തിന്റെ ഭാഗമായി ലില്ലി ജോസിന്റെ മൊഴിയെടുക്കാനാണ് എക്സൈസ് സംഘം ആദ്യം തീരുമാനിച്ചത്. മൊഴിയെടുക്കുന്നതിനായി ഉദ്യോഗസ്ഥർ പലതവണ ഇവരുടെ വീട്ടിൽ എത്തിയെങ്കിലും അവരെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നാണ് ലില്ലി ജോസ് മുൻകൂർ ജാമ്യത്തിന് അപേക്ഷനൽകി ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്. എന്നാൽ, കേസിൽ ഇതുവരെ ഇവർ പ്രതിയല്ലാത്തതിനാൽ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.