അനിരുദ്ധ് ഇനി യുദ്ധവിമാനം പറത്തും; എന്‍.ഡി.എ. റാങ്ക് ലിസ്റ്റില്‍ 34-ാമത്, ഏക മലയാളി

പയ്യോളി: തൃക്കോട്ടൂര്‍ എ.യു.പി. സ്‌കൂളിലും പയ്യോളി ഗവ. ഹൈസ്‌കൂളിലും പഠിക്കുമ്പോള്‍ ആകാശത്ത് വിമാനത്തിന്റെ ഇരമ്പല്‍ കേള്‍ക്കുമ്പോള്‍ കുഞ്ഞ് അനിരുദ്ധിന്റെ മനസ്സില്‍ മൊട്ടിട്ടതായിരുന്നു അനന്തവിഹായുസ്സില്‍ പറക്കണമെന്ന മോഹം. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തിയ നാഷണല്‍ ഡിഫന്‍സ് അക്കാദമി ആന്‍ഡ് നേവല്‍ അക്കാദമി പരീക്ഷയും മറ്റ് കടമ്പകളും കടന്ന് 34-ാം റാങ്കുകാരനായതോടെ പയ്യോളി കരിങ്ങാറ്റിയില്‍ സജിനി നിവാസില്‍ പി. അനിരുദ്ധിന്റെ സ്വപ്നങ്ങള്‍ക്ക് സാഫല്യമായി.
ആര്‍മി, നേവി, എയര്‍ഫോഴ്‌സ് മൂന്ന് വിഭാഗങ്ങളുമുള്‍പ്പെടുന്ന കോമണ്‍ റാങ്ക് ലിസ്റ്റില്‍ തിരഞ്ഞെടുക്കപ്പെട്ട ഏകമലയാളികൂടിയാണ് ഈ പതിനെട്ടുകാരന്‍. എയര്‍ഫോഴ്‌സ് ഫ്‌ലൈയിങ് വിഭാഗത്തിലാണ് അനിരുദ്ധ് തിരഞ്ഞെടുക്കപ്പെട്ടത്.
ആദ്യം ഗുജറാത്തിലെ ഗാന്ധിനഗറിലെ എയര്‍ഫോഴ്‌സ് സെലക്ഷന്‍ ബോര്‍ഡ് ആസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചുദിവസത്തെ അതികഠിനമായ ഇന്റര്‍വ്യൂ. പിന്നീട് മൈസൂരുവില്‍ പൈലറ്റ് അഭിരുചിപരീക്ഷ. വിമാനയാത്രയിലും പരീക്ഷണം.
തുടര്‍ന്ന്, ബെംഗളൂരുവിലും ഡല്‍ഹിയിലുമായി 23 ദിവസത്തെ മെഡിക്കല്‍ ടെസ്റ്റ്. എല്ലാ കടമ്പകളും മറികടന്ന് പുണെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ മൂന്നുവര്‍ഷത്തെ പരിശീലനത്തിനായി രാജ്യത്തെ 153-ാം ബാച്ചിലേക്ക് അനിരുദ്ധ് തിരഞ്ഞെടുക്കപ്പെട്ടു. പരിശീലനം കഴിഞ്ഞാല്‍ യുദ്ധവിമാനം പറത്താം.
കോഴിക്കോട് എന്‍.ഐ.ടി.യില്‍ ഒന്നാംവര്‍ഷ മെക്കാനിക്കല്‍ എഞ്ചിനിയറിങ് വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് എന്‍.ഡി.എ. പരീക്ഷയിലെ മിന്നുംവിജയം. സ്വപ്നങ്ങള്‍ കാണണ്ടേത് ഉണര്‍ന്നിരിക്കുമ്പോഴാണെന്ന അബ്ദുള്‍കലാമിന്റെ വാക്കുകള്‍ ജീവിതത്തില്‍ പ്രചോദനമായതായി അനിരുദ്ധ് പറഞ്ഞു. പലോറോ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ കെ. പ്രബീഷ് കുമാറിന്റെയും തിരുവള്ളൂര്‍ ശാന്തിനികേതന്‍ എച്ച്.എസ്.എസ്. പ്രധാനാധ്യാപിക കെ.പി. വൃന്ദയുടെയും മകനാണ്. കീഴല്‍ യു.പി. സ്‌കൂള്‍ അധ്യാപിക അരുന്ധതി സഹോദരിയാണ്.
Content Highlights: anirudh from payyoli got selected in nda ranklist