അങ്കണവാടി 'പാസായാൽ' ഇനി വിദ്യാരംഭം സർട്ടിഫിക്കറ്റ്

ഒറ്റപ്പാലം: അങ്കണവാടിക്കാലം കഴിഞ്ഞ് സ്‌കൂൾ വിദ്യാഭ്യാസത്തിലേക്കു പോകുന്ന കുട്ടികൾക്ക് ഇനി 'വിദ്യാരംഭം' സർട്ടിഫിക്കറ്റ്. അങ്കണവാടിയിലെ ആദ്യകാല ശിശുപരിചരണവും വിദ്യാഭ്യാസവും അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് നൽകുന്നത്. കേന്ദ്രസർക്കാർ നിർദേശപ്രകാരം സർട്ടിഫിക്കറ്റ് ഇത്തവണമുതൽ നൽകാനുള്ള നടപടിക്രമങ്ങൾ വനിത-ശിശു വികസനവകുപ്പ് തുടങ്ങി.
സർട്ടിഫിക്കറ്റിന്റെ രൂപരേഖയും വകുപ്പ് പുറത്തിറക്കി. നേരത്തേ ചില അങ്കണവാടികളിൽ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. എന്നാൽ, അതിന് ഒരു ഏകീകൃത രൂപമില്ലായിരുന്നു. ആദ്യകാല ശിശുപരിചരണവും വിദ്യാഭ്യാസവും ലഭിച്ചുവെന്നത് അംഗീകാരമായ പരിഗണിക്കാൻകൂടിയാണ് കേന്ദ്ര വനിത-ശിശു വികസനവകുപ്പിന്റെ ഏകീകൃത സർട്ടിഫിക്കറ്റ് നൽകുന്നത്.
അങ്കണവാടിക്കാലം പൂർത്തിയാക്കാത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകില്ല. എല്ലാ സർട്ടിഫിക്കറ്റിലും പത്തക്കമുള്ള രജിസ്റ്റർ നമ്പർ ഉണ്ടാകും. അങ്കണവാടി, വിദ്യാഭ്യാസം പൂർത്തിയാക്കിയ വർഷം, കുട്ടിയുടെ ആധാർ ഐ.ഡി. എന്നിവ ഉൾപ്പെടുത്തിയ രജിസ്റ്റർ നമ്പറാണുണ്ടാവുക. കുട്ടിയുടെ പേര്, രക്ഷിതാവിന്റെ പേര്, ജനനവർഷം, പ്രവേശനം നേടിയതും വിദ്യാഭ്യാസം പൂർത്തിയാക്കിയതുമായ തീയതി, അങ്കണവാടിയുടെ പേര്, പഞ്ചായത്ത്, ജില്ല എന്നീ വിവരങ്ങൾ ഉൾപ്പെട്ടതാകും സർട്ടിഫിക്കറ്റ്.
ഇത്തവണ സർട്ടിഫിക്കറ്റ് നൽകേണ്ട കുട്ടികളുടെ എണ്ണമെടുക്കാൻ വനിത-ശിശു വികസനവകുപ്പ് സൂപ്പർവൈസർമാരോട് നിർദേശിച്ചു. ശിശുവികസനപദ്ധതി ഓഫീസർമാരാണ് ഇത് പ്രിന്റ് ചെയ്ത് നൽകേണ്ടത്. കുട്ടികൾക്ക് പ്രീ-സ്‌കൂൾ വിദ്യാഭ്യാസ കിറ്റ് നൽകുന്ന ഫണ്ടിൽ ഉൾപ്പെടുത്തി പ്രിന്റിങ്ങിന് പണം കണ്ടെത്തണമെന്നാണ് ജില്ലാ ഓഫീസർമാർക്ക് നിർദേശം. സർക്കാർ പ്രസിൽനിന്നുവേണം പ്രിന്റ് ചെയ്യാൻ. ഇതിന്റെ വലുപ്പമുൾപ്പെടെയുള്ള നിർദേശങ്ങളും അങ്കണവാടികൾക്ക് നൽകിയിട്ടുണ്ട്.
Content Highlights: Unified Vidyarambham certificates introduced for children transitioning from Anganwadi to school., Initiative by the Women and Child Development Department based on central government guidelines., Certificates will feature a unique 10-digit register number including Aadhaar ID and completion year., Funding for printing will be sourced from the pre-school education kit allocation.