എൽഡിഎഫിനൊപ്പം നിന്ന് കോൺഗ്രസിന് പണികൊടുത്ത് ലീഗ്; ആനക്കരയിൽ അവിശ്വാസം പാസായി, യുഡിഎഫിന് ഭരണനഷ്ടം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | മാതൃഭൂമി
പ്രതീകാത്മക ചിത്രം | മാതൃഭൂമി

ആനക്കര: താത്കാലികജീവനക്കാരുടെ പുനർനിയമനവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നുണ്ടായ ഭിന്നതയ്ക്കൊടുവിൽ ആനക്കര ഗ്രാമപ്പഞ്ചായത്തിൽ യു.ഡി.എഫിന് ഭരണം നഷ്ടമായി. പ്രസിഡന്റ്, കോൺഗ്രസിലെ പി.എൻ. അംബികയ്ക്കെതിരേ എൽ.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയം മുസ്‌ലിംലീഗിന്റെ പിന്തുണയോടെ പാസായി.

വെള്ളിയാഴ്ച ചേർന്ന പഞ്ചായത്ത് യോഗത്തിലാണ് അവിശ്വാസപ്രമേയം പരിഗണിച്ചത്. എൽ.ഡി.എഫിന്റെ ഏഴ് അംഗങ്ങളും ലീഗിന്റെ മൂന്ന് അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു. കോൺഗ്രസിന്റെ ആറ് അംഗങ്ങൾ ചർച്ചയിൽനിന്നും വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നു. ബി.ജെ.പി. അംഗം ചർച്ചയിൽ പങ്കെടുത്തെങ്കിലും വോട്ടെടുപ്പിൽനിന്ന്‌ വിട്ടുനിന്നു. മുസ്‌ലിംലീഗിന്റേതടക്കം പത്ത് വോട്ടുകൾ പ്രമേയത്തിന് അനുകൂലമായി ലഭിച്ചതോടെയാണ് അവിശ്വാസം പാസായത്. സംഭവത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.

താത്കാലികജീവനക്കാരുടെ പുനർനിയമന തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച മുസ്‌ലിംലീഗ് അംഗങ്ങൾ നേരത്തേ ഭരണസമിതിയോഗത്തിൽനിന്ന് വിട്ടുനിന്നിരുന്നു. തുടർന്ന്, ക്വാറം തികയാതെ ബോർഡ് യോഗം മാറ്റിവെക്കേണ്ട സാഹചര്യവുമുണ്ടായി. ഇതിനുപിന്നാലെയാണ് പ്രസിഡന്റ് അംബികയ്ക്കെതിരേ എൽ.ഡി.എഫ്. അവിശ്വാസപ്രമേയം കൊണ്ടുവന്നത്. വനിതാസംവരണമാണ് ആനക്കര പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. പഞ്ചായത്തിൽ സി.പി.എമ്മിന് രണ്ടും കോൺഗ്രസിനും മുസ്‌ലിംലീഗിനും മൂന്നുവീതവും വനിതാ അംഗങ്ങളുണ്ട്.

സി.പി.എം. അംഗം കെ. വിജയനാണ് പ്രമേയ നോട്ടീസ് നൽകിയത്. യു.ഡി.എഫ്. സംവിധാനത്തിൽ വിള്ളൽ വീഴാതിരിക്കാൻ ലീഗിന്റെയും കോൺഗ്രസിന്റെയും ജില്ലാ, സംസ്ഥാന നേതാക്കൾ ഇടപെട്ടിരുന്നെങ്കിലും ലീഗിന്റെ പ്രാദേശികനേതൃത്വം നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്ന് കെ.പി.സി.സി. നിർവാഹകസമിതിയംഗം സി.വി. ബാലചന്ദ്രൻ പറഞ്ഞു. തുടർകാര്യങ്ങൾ പിന്നീട് ചർച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റിയെ സസ്പെൻഡ് ചെയ്തു

അവിശ്വാസപ്രമേയാവതരണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെത്തുടർന്ന് പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റിയെ സസ്പെൻഡ് ചെയ്തു. പാർട്ടിനിർദേശങ്ങൾ അംഗീകരിക്കാതിരിക്കുകയും പാർട്ടിയുടെയും മുന്നണിയുടെയും നിലപാടുകൾ സ്വീകരിക്കാതിരിക്കുകയും ചെയ്തതിനാലാണ് അച്ചടക്കനടപടി. പഞ്ചായത്തംഗങ്ങളായ സൽമാ ബഷീർ, സീനത്ത് പുളിക്കൽ‌, ഷീബ പുളിക്കൽ എന്നിവരെയും മണ്ഡലം ഭാരവാഹികളായ കെ.പി. മുഹമ്മദ്, പുല്ലാര മുഹമ്മദ് എന്നിവരെയും പാർട്ടി അംഗത്വത്തിൽനിന്ന് സസ്പെൻ‍ഡ് ചെയ്തതായും സംസ്ഥാനകമ്മിറ്റി അറിയിച്ചു.

Content Highlights: UDF lost power in Anakkara Grama Panchayat due to a dispute over temporary employee reappointments., LDF no-confidence motion against Congress President P.N. Ambika passed with 10 votes, backed by IUML members.