അമൃത് ഭാരത് റെയിൽവേ സ്റ്റേഷൻ നവീകരണപദ്ധതി; കേരളത്തിലെ അഞ്ച് സ്റ്റേഷനുകൾ ഈ മാസം തുറക്കും

രാമനാട്ടുകര: പുതുമോടിയിൽ നിർമിച്ച കവാടങ്ങളും ഉയരംകൂട്ടി നിർമിച്ച വീതിയുള്ള പ്ലാറ്റ്ഫോമും ലിഫ്റ്റ്, എസ്കലേറ്റർ സൗകര്യങ്ങളുമായി അഞ്ച് റെയിൽവേ സ്റ്റേഷൻ കെട്ടിടങ്ങൾ ഉദ്ഘാടനത്തിനൊരുങ്ങി. പ്രാദേശികസ്റ്റേഷനുകളുടെ നവീകരണത്തിനുള്ള അമൃത് ഭാരത് പദ്ധതിയിൽപ്പെടുത്തി നവീകരിച്ച പരപ്പനങ്ങാടി, തിരൂർ, തലശ്ശേരി, ഫറോക്ക്, നിലമ്പൂർ റോഡ് സ്റ്റേഷൻ കെട്ടിടങ്ങളാണ് ഔദ്യോഗികമായി തുറക്കുന്നത്. ഉദ്ഘാടനം ഈമാസംതന്നെ നടന്നേക്കും.
അതേസമയം, ഫറോക്ക് ഉൾപ്പെടെ പല സ്റ്റേഷനുകൾക്കും ഇതുസംബന്ധിച്ച് അറിയിപ്പു ലഭിച്ചിട്ടില്ല. 16 സ്റ്റേഷനുകളാണ് 435 കോടി ബജറ്റ് വരുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ നവീകരിക്കുന്നത്. ഇതിൽ വടകര, മാഹി, ഷൊർണൂർ ജങ്ഷൻ, കുറ്റിപ്പുറം, പൊള്ളാച്ചി ജങ്ഷൻ സ്റ്റേഷൻ കെട്ടിടങ്ങൾ കഴിഞ്ഞമാസങ്ങളിൽ തുറന്നുകൊടുത്തു. മംഗളൂരു ജങ്ഷൻ, കാസർകോട്, പയ്യന്നൂർ, ഒറ്റപ്പാലം, അങ്ങാടിപ്പുറം സ്റ്റേഷനുകൾ നവീകരണം പൂർത്തിയാക്കിയുള്ള മിനുക്കുപണികളിലാണ്. 95 ശതമാനം ജോലികളും പൂർത്തിയായ ഫറോക്ക് സ്റ്റേഷനിൽ രണ്ടാംപ്ലാറ്റ്ഫോമിൽ അംഗപരിമിതർക്കുള്ള ടാക് ടൈൽ പാകുന്നതുൾപ്പെടെയുള്ള ചില്ലറജോലികൾ ബാക്കിയുണ്ട്. ഇത് രണ്ടാഴ്ചക്കകം പൂർത്തിയാകും.
രണ്ടുവർഷംമുൻപാണ് എല്ലാ സ്റ്റേഷനുകളിലും നവീകരണം തുടങ്ങിയത്. സ്റ്റേഷനുകളിലെല്ലാം വിശാലമായ പാർക്കിങ് മേഖലകൾ ഒരുക്കിയിട്ടുണ്ട്. ഫറോക്കിൽ നൂറുവാഹനങ്ങളെങ്കിലും പാർക്കുചെയ്യാനാവുന്ന സൗകര്യങ്ങളുണ്ട്.
ശീതികരിച്ചതും അല്ലാത്തതുമായ വിശ്രമമുറികൾ, വി.ഐ.പി. ലോഞ്ചുകൾ, റിട്ടയറിങ് റൂമുകൾ, ആറുമീറ്റർ വീതിയുള്ള നടപ്പാലം, മികച്ച ഇരിപ്പിടങ്ങൾ, പ്ലാറ്റ്ഫോമിൽ മഴനനയാതിരിക്കാനുള്ള കൂടുതൽ ഉറപ്പുള്ള ഷെൽട്ടറുകൾ, ട്രെയിനുകൾ വരുന്നതും പോകുന്നതും ഉൾപ്പെടെയുള്ള സ്റ്റേഷനുകളെ സംബന്ധിക്കുന്ന കാര്യങ്ങൾ വിശദീകരിക്കുന്ന ഡിസ്പ്ലേ ബോർഡുകൾ, വാട്ടർബൂത്തുകൾ, മൊബൈൽ ചാർജിങ് പോയിന്റുകൾ, ട്രെയിനുകളിലെ കോച്ചുകളുടെ സ്ഥാനക്രമങ്ങൾ സംബന്ധിച്ച വിവരണങ്ങൾ എന്നിവയെല്ലാം ഈ സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ട്.
10.68 കോടിരൂപ ചെലവിട്ട് രണ്ടുഘട്ടത്തിലായി നവീകരിച്ച ഫറോക്ക് ഉൾപ്പെടെ പലസ്റ്റേഷനുകളുടെയും കവാടത്തിനരികിൽ പൂന്തോട്ടവും ചെടിച്ചട്ടികളും സ്ഥാപിച്ചും മോടികൂട്ടിയിട്ടുണ്ട്.
Content Highlights: Modernization of 5 railway stations including Parappanangadi, Tirur, Thalassery, Feroke, and Nilambur Road., Introduction of lifts, escalators, VIP lounges, and expanded parking facilities., Part of the 435-crore Amrit Bharat project phase 1., Enhanced passenger amenities like air-conditioned waiting rooms and digital display boards., Completion of 95% of renovation work at Feroke station with final finishing touches underway.