കേരളത്തിൽ ഇടതിനെക്കാൾ സോഷ്യലിസ്റ്റുകൾ കോൺഗ്രസ്;വീഴ്ചകൾ എണ്ണിപ്പറഞ്ഞ് ബ്യൂറോക്രാറ്റുകളുടെ ലേഖന സമാഹാരം

അമിതാഭ് കാന്ത്, കെ.എം ചന്ദ്രശേഖര്‍, ഡോ. ബി അശോക്‌
അമിതാഭ് കാന്ത്, കെ.എം ചന്ദ്രശേഖര്‍, ഡോ. ബി അശോക്‌

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് സർക്കാരുകൾ പരമ്പരാഗത കമ്യൂണിസ്റ്റ് പാർട്ടികളെക്കാൾ ഇടതുപക്ഷത്തോടു ചേർന്നുനിൽക്കുന്നതായി മുൻ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനും നിതി അയോഗ് മുൻ സിഇഒയുമായ അമിതാഭ് കാന്ത്. സോഷ്യലിസ്റ്റ് ആശയങ്ങളെ കൈവിടാത്തതാണ് സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് വിഘാതം നിൽക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് പരിചയസമ്പന്നരായ ബ്യൂറോക്രാറ്റുകൾ ചേർന്ന് എഴുതിയ ‘ബിയോണ്ട് സിനിസിസം: കേരള 2.0’ എന്ന ലേഖനസമാഹാരത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.

സാമൂഹികവികാസത്തിൽ കേരളം ഒരു തിളങ്ങുന്ന ഉദാഹരണമാണെങ്കിലും മാറിയ ആഗോള സാഹചര്യത്തിൽ നമ്മുടെ സമീപനത്തിൽ മാറ്റംവരുത്തേണ്ടത് അനിവാര്യമാണ്. നമ്മുടെ യഥാർഥ സാധ്യതകൾ മുതലെടുക്കണമെങ്കിൽ ഇവിടെ നിലനിൽക്കുന്ന ഇടതുപക്ഷ ആശയങ്ങൾ കുടഞ്ഞെറിയണം. വിപണിയെ ശത്രുവായി കാണാതെ സാമ്പത്തിക വളർച്ചയ്ക്കുള്ള സ്രോതസ്സായി കാണാനാവണം. പകുതിയിലേറെ വകുപ്പുകളും സർക്കാർ ജോലികളും വെട്ടിക്കുറച്ച് 31 ശതമാനം ചെലവുചുരുക്കൽ നടപ്പാക്കിയ അർജന്റീന പ്രസിഡന്റ് ഹാവിയേർ മിലേയെയാണ് കേരളത്തിലെ ഭരണകർത്താക്കൾ അനുകരിക്കേണ്ടതെന്നും അമിതാഭ് കാന്ത് പറയുന്നു.

വിഴിഞ്ഞം തുറമുഖത്തിന്റെ പിന്നാമ്പുറ കഥപറഞ്ഞ് കെ.എം. ചന്ദ്രശേഖറും

: വിഴിഞ്ഞം തുറമുഖത്തിന്റെ പിന്നാമ്പുറ കഥ വെളിപ്പെടുത്തുകയാണ് മുൻ കാബിനറ്റ് സെക്രട്ടറിയും പ്ലാനിങ് ബോർഡ് വൈസ് ചെയർമാനുമായ കെ.എം. ചന്ദ്രശേഖർ. തുടക്കം തന്നെ വൻ വിജയമായി മാറിയ പദ്ധതിയുടെ സാധ്യതകൾ അന്ന് ആളുകളെ ബോധ്യപ്പെടുത്താനും നിർമ്മാണത്തിനും നടത്തിപ്പിനുമായി കമ്പനിയെ തിരഞ്ഞെടുക്കുന്നതിനുമൊക്കെ നേരിട്ട ബുദ്ധിമുട്ടുകളുമാണ് അദ്ദേഹം വിശദമാക്കുന്നത്.

പ്ലാനിങ് കമ്മിഷൻ ഉപാധ്യക്ഷനായിരുന്ന മൊണ്ടേക് സിങ് അലുവാലിയയുടെ ഉപദേശകനായ ഗജേന്ദ്ര ഹാൽഡിയ ഈ പ്രത്യേക ആവശ്യത്തിനായി ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞതാണ് നിർണായകമായതെന്ന് ചന്ദ്രശേഖർ പറയുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികളിൽ വിദഗ്‌ധനായ ഹാൽഡിയ പദ്ധതിക്ക് വേണ്ട മോഡൽ കൺസഷൻ എഗ്രിമെന്റ് തയ്യാറാക്കുന്നതിൽ വലിയപങ്കാണ് വഹിച്ചത്. വൻ നിക്ഷേപം വേണ്ടുന്ന പദ്ധതിയിൽ സംസ്ഥാനത്തിന് അധിക ബാധ്യതയില്ലാതെയും കേന്ദ്ര സർക്കാരിന്റെ വിജിഎഫ് ഗ്രാന്റ് ലഭ്യമാക്കിയും നടപ്പാക്കാൻ സാധിച്ചത് നേട്ടമാണെന്നും ചന്ദ്രശേഖർ ചൂണ്ടിക്കാട്ടുന്നു.

കേരളമോഡൽ വികസനത്തിൽ വരുത്തേണ്ട പരിഷ്കാരങ്ങളെക്കുറിച്ച് ഡോ. ബി. അശോക് എഴുതിയ ലേഖനത്തിൽ പ്രധാന നിർദേശമായി അവതരിപ്പിക്കുന്നത് ശമ്പള- പെൻഷൻ ഇനത്തിലുള്ള ചെലവ് ഗണ്യമായി കുറയ്ക്കണമെന്നതാണ്. ബ്യൂറോക്രസിയിലെയും അധ്യാപകരിലെയും ഒരു വിഭാഗം വൻ തുക പെൻഷനായി കൈപ്പറ്റുന്ന സാഹചര്യം ഒഴിവാക്കുകയും ക്ഷേമ പെൻഷനുകൾ അർഹരായവർക്കു മാത്രമായി ചുരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

സിവിൽ സർവീസ് മുൻ ഉദ്യോഗസ്ഥരായ പി.എച്ച്. കുര്യനും ടി. ബാലകൃഷ്ണനും ചേർന്ന് എഡിറ്റ് ചെയ്ത ഈ ലേഖനസമാഹാരത്തിൽ ഇരുവരും ഏഴു വിവിധ വിഷയങ്ങൾ അവതരിപ്പിച്ചിട്ടുമുണ്ട്.

മുൻ ചീഫ് സെക്രട്ടറി ഡോ വി. വേണു, മുൻ പ്രിൻസിപ്പൽ സെക്രട്ടറി ലിഡ ജേക്കബ്ബ്, മുൻ കേന്ദ്ര ഐടി സെക്രട്ടറി അൽക്കേഷ് കുമാർ ശർമ, മുൻ അഡീ. ചീഫ് സെക്രട്ടറി എം.പി. ജോസഫ്, തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി പി.സി. സിറിയക്, മുൻ പ്രിൻസിപ്പൽ സെക്രട്ടറിമാരായ എസ്. സുബ്ബയ്യ, ഡോ. കെ.ബി. വത്സല കുമാരി പോലീസ് മേധാവികളായ ജേക്കബ്ബ് പുന്നൂസ്, രാജൻ മെധേക്കർ എന്നിവരും ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.