ആംബുലന്‍സ് വിട്ടുനല്‍കിയില്ലെന്ന് പരാതി; രോഗി മരിച്ചു, കാത്തുനിന്നത് ഒന്നര മണിക്കൂറോളം

തിരുവനന്തപുരം: വെള്ളറടയില്‍ 108 ആംബുലന്‍സിന്റെ സേവനം ലഭിക്കാതെ വന്നതോടെ രോഗി മരിച്ചതായി പരാതി. വെള്ളറട സ്വദേശിയായ ആന്‍സിയാണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് വെള്ളറട സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ആംബുലന്‍സ് വിളിച്ചത്.
എന്നാല്‍ കുരിശുമല സ്പെഷ്യല്‍ ഡ്യൂട്ടി ചൂണ്ടിക്കാട്ടി ആംബുലന്‍സ് വിട്ടുനല്‍കിയില്ലെന്ന് ആന്‍സിയുടെ ബന്ധുക്കള്‍ പറയുന്നു. ആംബുലന്‍സിനായി ഒന്നര മണിക്കൂര്‍ കാത്തുനിന്നെന്നും പരാതിയുണ്ട്. ഇതിനിടെ ആംബുലന്‍സ് സേവനം ലഭ്യമല്ലെന്ന് പറയുന്നതിന്റെ ഓഡിയോ സന്ദേശവും പുറത്തുവന്നിട്ടുണ്ട്.
വെള്ളറട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആനി പ്രസാദ് 108 ആംബുലന്‍സിന്റെ കസ്റ്റമര്‍ കെയര്‍ സെന്ററിലേക്ക് വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. കുരിശുമല തീര്‍ഥാടനം പ്രമാണിച്ച് സ്പെഷ്യല്‍ ഡ്യൂട്ടിയുള്ളതിനാല്‍ ആശുപത്രിയിലുള്ള ആംബുലന്‍സ് വിട്ടുനല്‍കാനാകില്ലെന്നാണ് കസ്റ്റമര്‍ കെയര്‍ സെന്ററില്‍ നിന്ന് അറിയിച്ചത്. ആശുപത്രിയില്‍ വെറുതെ കിടക്കുന്ന ആംബുലന്‍സ് രോഗിക്ക് വേണ്ടി വിട്ടുനല്‍കുന്നതില്‍ എന്താണ് പ്രശ്നമെന്ന് മെമ്പര്‍ ചോദിക്കുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ആംബുലന്‍സ് ഇട്ടിരിക്കുകയാണെന്നാണ് ജീവനക്കാര്‍ പറയുന്നത്.
എന്നാല്‍ ഒരുമണിക്കൂര്‍ കഴിഞ്ഞാല്‍ ആശുപത്രിയിലെ ഓക്സിജന്‍ തീരുമെന്നും മെമ്പര്‍ പറയുന്നുണ്ട്. ഇതിന് പിന്നാലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറിനെക്കൊണ് വിളിപ്പിച്ചുനോക്കിയെങ്കിലും ആംബുലന്‍സ് വിട്ടുനല്‍കാന്‍ സാധിക്കില്ലെന്ന് 108 ആംബുലന്‍സിന്റെ കസ്റ്റമര്‍ കെയറില്‍ നിന്ന് പറയുന്നു. എന്തെങ്കിലും അത്യാഹിതം വന്നാല്‍ ഉപയോഗിക്കാനായാണ് ആംബുലന്‍സ് മാറ്റിയിട്ടിരിക്കുന്നതെന്നും ഇവര്‍ പറയുന്നുണ്ട്.
ജില്ലയില്‍ മറ്റ് ആംബുലന്‍സ് ലഭിക്കാതെ വന്നതോടെ ഒന്നരമണിക്കൂര്‍ ഇവര്‍ക്ക് കാത്തുനില്‍ക്കേണ്ടിവന്നു. ഒടുവില്‍ സി.എച്ച്.സിയില്‍ നിന്ന് ഒരു ഓക്സിജന്‍ സിലിണ്ടര്‍ സംഘടിപ്പിച്ച് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി അമരവിളയില്‍ വെച്ചാണ് ആന്‍സി മരണത്തിന് കീഴടങ്ങിയത്. ആന്‍സിയോടൊപ്പം കാഴ്ചപരിമിതിയുള്ള ഭര്‍ത്താവ് മാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഇവര്‍ക്ക് ആശുപത്രിയിലേക്ക് പോകാന്‍ 108 ആംബുലന്‍സ് മാത്രമായിരുന്നു ആശ്രയം. ഇതൊക്കെ കൊണ്ട് പൊതുപ്രവര്‍ത്തകരും ആശുപത്രിയില്‍ നിന്ന് ഡോക്ടറും ഇടപെട്ടിട്ടും ആന്‍സിക്ക് സഹായം ലഭ്യമാക്കാനായില്ല.
Content Highlights: A patient died in Kerala after a 108 ambulance was unavailable due to a special duty at a pilgrimage