അമ്പലപ്പുഴ പാൽപ്പായസത്തിന് 240 രൂപ; വഴിപാടുനിരക്കുകൾ പുതുക്കാൻ ഹൈക്കോടതി അനുമതി

#ന്യൂസ് ഡെസ്ക്
-
-

കൊച്ചി: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ പാൽപ്പായസത്തിന്റെ വില കൂട്ടാൻ ഹൈക്കോടതി അനുമതിനൽകി. ലിറ്ററിന് 160 രൂപയിൽനിന്ന് 240 രൂപയാക്കി. ഒൻപതുവർഷത്തിനുശേഷമാണ് വില പുതുക്കുന്നത്.

പാൽ, അരി, പഞ്ചസാര, നെയ്യ്, ഏലയ്ക്ക തുടങ്ങിയവയുടെ വില ഉയർന്ന സാഹചര്യത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിച്ചത്. വിലകൂട്ടുന്നതിനെ സ്റ്റേറ്റ് ഓഡിറ്റ് വിഭാഗവും അനുകൂലിച്ചിരുന്നു. തുടർന്നാണ് ദേവസ്വംബെഞ്ച് വിലകൂട്ടാൻ അനുമതി നൽകിയത്. ഗുണനിലവാരമുറപ്പാക്കണമെന്നും പരാതിക്ക് ഇടനൽകരുതെന്നും കോടതി നിർദേശിച്ചു.

ബോർഡിനുകീഴിലുള്ള വിവിധക്ഷേത്രങ്ങളിലെ വഴിപാടുനിരക്കുകൾ പുതുക്കാൻ കൃത്യമായ മാനദണ്ഡമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഓരോതവണയും നിരക്കുകൂട്ടാൻ ഓംബുഡ്സ്‌മാനെ സമീപിക്കുന്ന രീതിക്കുപകരം, ശാസ്ത്രീയമായി നിരക്കുനിശ്ചയിക്കാൻ ഒരു സ്ഥിരംസമിതി രൂപവത്കരിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ വിശദീകരണം സമർപ്പിക്കാൻ ബോർഡിനോടും സർക്കാരിനോടും ആവശ്യപ്പെട്ടു. വിഷയം 16-ന് പരിഗണിക്കും.

Content Highlights: Ambalappuzha Temple's Prasadam Price Hike: High Court Approves Revision