ആമസോണിൽ ഓർഡർ ചെയ്തത് 40,000 രൂപയുടെ ഫോൺ, ലഭിച്ചത് പഴകിയ ഡമ്മി ഫോൺ; തട്ടിപ്പിനിരയായി വടകര സ്വദേശി

കോഴിക്കോട്: ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോണിൽ നിന്ന് ഫോൺ ഓർഡർ ചെയ്ത ഉപഭോക്താവിന് വിവോയുടെ പഴയ ഡമ്മി ഫോൺ ലഭിച്ചതായി പരാതി. തന്റെ പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്ത് ആമസോൺ വെയർഹൗസിൽ നേരിട്ടെത്തി ഡെലിവറി കൈപ്പറ്റിയപ്പോഴാണ് ഓൺലൈൻ തട്ടിപ്പ് പുറത്തറിയുന്നത്. വടകര സ്വദേശി പുത്തൻപീടികയിൽ എം.ആർ. ഹരികൃഷ്ണനാണ് ഈ ദുരനുഭവം ഉണ്ടായത്.
കഴിഞ്ഞ 31 ന് ആണ് ഹരികൃഷ്ണൻ അരലക്ഷത്തോളം വിലവരുന്ന 'ഓപ്പോ റെനോ 16സി' ഫോൺ ഓർഡർ ചെയ്തത്. ഡെലിവറി സമയത്ത് സ്ഥലത്ത് ഇല്ലാത്തതിനാൽ ഫോൺ വാങ്ങിക്കാൻ ആമസോണിന്റെ വടകരയിലെ വെയർഹൗസിൽ എത്തുകയായിരുന്നു. തന്റെ പഴയ ഫോണായ 'വൺപ്ലസ് നോർഡ് സി.ഇ3 5ജി' എക്സ്ചേഞ്ച് നടപടികൾ പൂർത്തിയാക്കി വെയർഹൗസ് ജീവനക്കാർക്ക് കൈമാറിയ ശേഷം, പുതിയ ഫോണിന്റെ ബോക്സിൽ നിന്ന് സിം കാർഡ് ഇടുന്നതിനായി വെയർഹൗസിൽ വെച്ച് തന്നെ പാക്കറ്റ് പൊട്ടിച്ചു. അപ്പോഴാണ് ഓപ്പോ റെനോ 16സിയുടെ പാക്കറ്റിൽ പുതിയ ഫോണിന് പകരം ഡമ്മി വിവോ ഫോൺ കണ്ടെത്തിയത്. എക്സ്ചേഞ്ച് തുക കഴിച്ച് 40430 രൂപയാണ് ഹരികൃഷ്ണനിൽ നിന്ന് ഈടാക്കിയിരുന്നത്.
ഡെലിവറി ജീവനക്കാരുടെ സാന്നിധ്യത്തിൽ വെച്ചുതന്നെ പാക്കറ്റ് തുറന്നതോടെ തട്ടിപ്പ് ഉടനടി അവർക്ക് തന്നെ ബോധ്യമാവുകയും ചെയ്തിരുന്നു. ജീവനക്കാർ ഉടൻ തന്നെ ഉയർന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും, ഉപഭോക്തൃ സേവന വിഭാഗത്തിൽ പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ആമസോൺ വെയർഹൗസിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും തെളിവായുണ്ട്. ആദ്യ ഘട്ടത്തിൽ എക്സ്ചേഞ്ച് ഫോൺ തിരികെ നൽകാൻ കഴിയില്ലെന്ന് വെയർഹൗസ് ജീവനക്കാർ അറിയിച്ചെങ്കിലും, താത്ക്കാലിക ആശ്വാസമെന്ന നിലയിൽ കുറച്ചു ദിവസത്തേക്ക് ഉപയോഗിക്കാൻ പഴയ ഫോൺ തിരികെ നൽകുകയായിരുന്നു.
സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ പരാതി നൽകിയെങ്കിലും, വിഷയം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. പ്രശ്ന പരിഹാരത്തിനായി കമ്പനി അധികൃതരെ മെയിൽ വഴിയും ഹരികൃഷ്ണൻ ബന്ധപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടാവുന്നില്ലെന്ന് പറയുന്നു ഹരികൃഷ്ണൻ.
നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈൻ വഴിയും കേരള പോലീസിന്റെ 'തുണ' പോർട്ടലിലും ഓൺലൈൻ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 'ഇ-ജാഗ്രതി' പോർട്ടൽ വഴി ഉപഭോക്തൃ കോടതിയിൽ കേസ് ഫയൽ ചെയ്യാനാണ് ഉപഭോക്താവിന്റെ തീരുമാനം.
Content Highlights: Customer ordered Oppo Reno 16C from Amazon and exchanged an old phone., Received a dummy Vivo phone instead of the new device at the warehouse., The fraud was caught immediately at the warehouse in front of delivery staff., Complaints registered with National Consumer Helpline and Kerala Police Thuna portal.