'അവൻ ഈ നാടിനും ഞങ്ങൾക്കുംവേണ്ടി ജീവിച്ചവനാ ഇനി ഒരു ജീവൻ പൊലിയരുത്',അമറിന് കണ്ണീരോടെ യാത്രാമൊഴി

മുള്ളരിങ്ങാട് (തൊടുപുഴ): പാലിയത്ത് വീട്ടിൽ മണ്ണിട്ടാൽ താഴെ വീഴാത്തത്രയും ജനങ്ങൾ എത്തി. ഭൂരിഭാഗംപേരും കണ്ണീർ വാർത്തു. കരയാത്തവരുടെ കണ്ണുകളിൽ ദുഃഖം കനംകെട്ടി.നാടിന്റെ പ്രിയപ്പെട്ടവനെ യാത്രയാക്കാൻ വന്നതായിരുന്നു അവർ.ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മുള്ളരിങ്ങാട് അമയൽത്തൊട്ടിയിലെ തേക്കിൻകൂപ്പിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പാലിയത്ത് വീട്ടിൽ അമർ ഇലാഹി(23)യെ നാട് കണ്ണീരോടെ യാത്രയാക്കി.
‘ഞങ്ങൾക്ക് നാടിന്റെ മുത്തിനേയാ നഷ്ടപ്പെട്ടത്. അവൻ ഈ നാടിനും ഞങ്ങൾക്കുംവേണ്ടി ജീവിച്ചവനാ. ഇനി ഒരു ജീവൻ പൊലിയരുത്. ഇല്ലേൽ ഞങ്ങൾ വലിയ പ്രശ്നമുണ്ടാക്കും’-അമറിന്റെ വീട്ടിലെത്തിയ മന്ത്രി റോഷി അഗസ്റ്റിനോട് നാട്ടുകാർ ഒറ്റക്കെട്ടായി പറഞ്ഞത് ഇങ്ങനെ. അതിൽനിന്ന്, അമർ നാടിനും നാട്ടുകാർക്കും ആരായിരുന്നുവെന്ന് വ്യക്തം.ഞായറാഴ്ച രാത്രി ഏറെ വൈകിയാണ് പോസ്റ്റ്മോർട്ടം പൂർത്തിയായത്. തിങ്കളാഴ്ച പുലർച്ചെ മൂന്നോടെ മൃതദേഹം വീട്ടിലെത്തിച്ചു. അപ്പോൾമുതൽ വീട്ടിലേക്ക് നാട്ടുകാർ എത്തി.
മകന്റെ വിയോഗം താങ്ങാനാകാതെ നെഞ്ചുപൊട്ടിയിരുന്ന പിതാവ് ഇബ്രാഹിമിനെ മന്ത്രി നെഞ്ചോടുചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. അപ്പോഴും അദ്ദേഹത്തിന്റെ കണ്ണുകൾ പെയ്തുകൊണ്ടിരുന്നു. വല്യാപ്പ മൈതീനും കരഞ്ഞുതളർന്ന് അവിടെ ഇരുന്നു.മകനുവേണ്ടി ഒരു നാട് മുഴുവൻ പ്രാർഥിക്കുന്നത് വീടിനുള്ളിലിരുന്ന് നിറകണ്ണുകളോടെ മാതാവ് ജമീല കണ്ടു. അമറിനെ കബറിസ്താനിലേക്ക് കൊണ്ടുപോയപ്പോൾ ഉമ്മ വാവിട്ട് നിലവിളിച്ചു. സഹോദരി ഷഹനയും വീടിനുള്ളിൽ കരഞ്ഞുതളർന്നിരുന്നു.
എട്ടരയോടെ മുള്ളരിങ്ങാട് ബദരിയ പള്ളിയിലെ കബറിസ്താനിൽ കബറടക്കം നടന്നു. ഡീൻ കുര്യാക്കോസ് എം.പി., എം.എൽ.എ.മാരായ പി.ജെ.ജോസഫ്, മാത്യു കുഴൽനാടൻ, ആന്റണി ജോൺ തുടങ്ങിയവർ പങ്കെടുത്തു.സംഭവത്തിൽ പ്രതിഷേധിച്ച് കക്ഷിരാഷ്ട്രീയ ഭേദമന്യേ വണ്ണപ്പുറം പഞ്ചായത്തിൽ ഹർത്താൽ നടത്തി. ജനകീയ സമിതി ചുള്ളിക്കണ്ടം സെഷൻ ഫോറസ്റ്റ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ ആയിരങ്ങൾ പങ്കെടുത്തു.
വീടിന് സമീപത്തെ തേക്കിൻ കൂപ്പിൽ പശുവിനെ അഴിച്ചുകെട്ടാൻ പോയ അമർ അപ്രതീക്ഷിതമായാണ് കാട്ടാനകളുടെ മുന്നിൽപ്പെട്ടത്. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആന തുമ്പിക്കൈയിൽ അടിച്ചിട്ട് ചവിട്ടുകയായിരുന്നു. കൂടയുണ്ടായിരുന്ന അയൽവാസി ബ്ലാംകരയിൽ ബി.എം.മൻസൂർ (41) കാട്ടാനയുടെ ചവിട്ടേറ്റ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ഞായറാഴ്ച ഡീൻ കുര്യാക്കോസ് എം.പി.യുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലെ മോർച്ചറിക്ക് മുൻപിൽ രാത്രി വൈകിയും കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഇടുക്കി സബ് കളക്ടർ അനൂപ് ചർച്ച നടത്തുകയും നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡുവായ നാല് ലക്ഷം രൂപയുടെ ചെക്ക് ബന്ധുക്കൾക്ക് നൽകുകയും ചെയ്തതോടെയാണ് സമരം അവസാനിപ്പിച്ചത്. ബാക്കി ആറ് ലക്ഷം രൂപ സർക്കാർ നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചിട്ടുണ്ട്.
അതേസമയം, കാട്ടാനകളുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷകമ്മിഷൻ സ്വമേധയാ കേസെടുത്തു. അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്ന് കമ്മിഷൻ ചെയർമാൻ അഡ്വ. എ.എ.റഷീദ് ആവശ്യപ്പെട്ടു. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ഡിവിഷണൽ ഫോറസ്റ്റ് കൺസർവേറ്റർ, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർക്കാണ് ഇതിനായി നോട്ടീസ് നൽകിയിട്ടുള്ളത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് പതിനഞ്ച് ദിവസത്തിനകം സമർപ്പിക്കണമെന്ന് കമ്മിഷൻ ചെയർമാൻ അഡ്വ. എ.എ.റഷീദ് ആവശ്യപ്പെട്ടു. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ഡിവിഷണൽ ഫോറസ്റ്റ് കൺസർവേറ്റർ, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർക്കാണ് ഇതിനായി നോട്ടീസ് നൽകിയിട്ടുള്ളത്.
Content Highlights: Amar Elahi cremations who was killed in a wild tusker attack