70,000 രൂപയുടെ വൈദ്യുതി ബില്ല് അടച്ചില്ല; ജി.എസ്.ടി. ഓഫീസിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി

ആലുവ: വൈദ്യുതി ബില്ല് അടയ്ക്കാത്തതിനെത്തുടർന്ന് ആലുവ സെൻട്രൽ ജി.എസ്.ടി. ഓഫീസിലെ ഫ്യൂസ് കെ.എസ്.ഇ.ബി. അധികൃതർ ഊരി. ഇതോടെ തിങ്കളാഴ്ച ഉച്ച മുതൽ ഓഫീസിലെ പ്രവർത്തനങ്ങൾ സ്തംഭിച്ചു. 70,000 രൂപയാണ് ജി.എസ്.ടി. ഓഫീസിലെ വൈദ്യതി ബില്ല്.
പബ്ലിക് ഫണ്ട് മാനേജ്മെന്റ് സംവിധാനത്തിൽ ചില തകരാറുകൾ സംഭവിച്ചെന്നും അതിനാൽ ബില്ല് അടയ്ക്കാൻ വൈകുമെന്നും ആലുവ വെസ്റ്റ് സെഷൻ കെ.എസ്.ഇ.ബി.യെ അറിയിച്ചിരുന്നതായി ജി.എസ്.ടി. അധികൃതർ പറയുന്നു. അഞ്ചാംതീയതി അടയ്ക്കേണ്ട ബില്ല് ഒൻപതാം തീയതിയായിട്ടും അടയ്ക്കാത്തതിനെത്തുടർന്ന് ലൈൻമാനെത്തി വൈദ്യുതി വിച്ഛേദിക്കുമെന്ന് പറഞ്ഞപ്പോൾ ജി.എസ്.ടി. ഓഫീസിലെ ഉദ്യോഗസ്ഥർ പ്രകോപനപരമായി സംസാരിച്ചതായി പറയുന്നു.
വൈദ്യുതി വിച്ഛേദിക്കുന്ന വീഡിയോ ദൃശ്യം പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ സെൻട്രൽ ജി.എസ്.ടി.യുടെ ഉന്നത ഉദ്യോഗസ്ഥർ തലസ്ഥാനത്തെ കെ.എസ്.ഇ.ബി. ഡയറക്ടറേറ്റുമായി ബന്ധപ്പെട്ടാണ് വൈദ്യുതി പുനഃസ്ഥാപിക്കാൻ നടപടിയെടുപ്പിച്ചത്.
റീഫണ്ട്, ഗ്രാൻഡിങ്, ജി.എസ്.ടി. രജിസ്ട്രേഷൻ ജോലികളാണ് ഓഫീസിൽ തടസ്സപ്പെട്ടത്. കേരള ജി.എസ്.ടി. കൂടി ശേഖരിക്കുന്ന ഓഫീസാണ് ആലുവ സെൻട്രലിലേത്.
Content Highlights: Aluva Central GST office`s power disconnected by KSEB due to ₹70,000 unpaid electricity bill. Operations halted